ന്യൂസ് ഡെസ്ക്, മലയാളം യുകെ

2020 മുതൽ ഇംഗ്ലണ്ടിൽ കൂടുതൽ ജനങ്ങൾക്ക് മലിനജലം മൂലമുള്ള ആരോഗ്യപ്രശ്നങ്ങൾ ഉണ്ടായതായുള്ള റിപ്പോർട്ടുകൾ പുറത്തുവന്നു. ജലജന്യ രോഗം ബാധിച്ചവരുടെ എണ്ണത്തിൽ ഈ കാലയളവിൽ 60 % വർദ്ധനവ് ആണ് ഉണ്ടായിരിക്കുന്നത്. ജലത്തിലൂടെ പകരുന്ന രോഗങ്ങളുമായി ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ടവരുടെ എണ്ണം 2010 – 11 ൽ 2085 ആയിരുന്നത് 2022-23 ൽ 3286 ആയി ഉയർന്നതായാണ് കണ്ടെത്തിയിരിക്കുന്നത്.

മലിന ജലത്തിലുടെയുള്ള രോഗങ്ങൾ പകരുന്നതിന് പ്രധാന കാരണമായി എല്ലാവരും വിരൽ ചൂണ്ടുന്നത് ജലവിതരണ കമ്പനികളുടെ കാര്യക്ഷമത കുറവിനെയാണ്. പരിസ്ഥിതി ഏജൻസികളുടെ കണക്കുകൾ പ്രകാരം കഴിഞ്ഞ വർഷം നദികളിലേയ്ക്കും കടലുകളിലേയ്ക്കും ഒഴുക്കപ്പെട്ട മലിന ജലത്തിൻറെ അളവിൽ 12 മാസം മുമ്പുള്ളതിനെ അപേക്ഷിച്ച് 129 % വർദ്ധനവ് ആണ് ഉണ്ടായിരിക്കുന്നത്. നദികളിലെ മലിന ജലം വർദ്ധിക്കുന്നത് മൂലം ആളുകൾക്ക് ശാരീരിക അസുഖം ബാധയ്ക്കുള്ള സാധ്യത കൂടുന്നതായി ആരോഗ്യവിദഗ്ധർ ചൂണ്ടി കാണിക്കുന്നു.

കഴിഞ്ഞവർഷം 122 പേർക്കാണ് എലിപ്പനി ഉണ്ടെന്ന് കണ്ടെത്തിയത്. 2010 മായി താരതമ്യം ചെയ്യുമ്പോൾ ഇത് ഇരട്ടിയായിട്ടുണ്ട്. കരളും വൃക്കയും തകരാറിലാകുന്ന എലി പനി പ്രധാനമായും മലിന ജലത്തിലൂടെയാണ് പകരുന്നത്. അതുപോലെതന്നെ മലിന ജലത്തിലൂടെ പകരുന്ന ടൈഫോയിഡ് കേസുകളുടെ എണ്ണത്തിലും വർദ്ധനവ് ഉണ്ടായിട്ടുണ്ട്. മലിനജലം മൂലം കൂടുതൽ ആളുകൾക്ക് രോഗം വരുന്നതിനോട് ലേബർ പാർട്ടിയുടെ ഷാഡോ എൻവിയോൺമെൻറ് സെക്രട്ടറി സ്റ്റീവ് റീഡ് കർശനമായ വിമർശനമാണ് ഗവൺമെൻ്റിനെതിരെ നടത്തിയത് . ഗുണനിലവാരം ഉറപ്പാക്കാത്ത വെള്ള കമ്പനികൾക്ക് നേരെ സർക്കാർ ശക്തമായ നടപടി സ്വീകരിക്കുന്നില്ലെന്നാണ് പ്രധാനമായും വിമർശകർ ഉന്നയിക്കുന്ന ആക്ഷേപം