മകളുടെ പ്രണയത്തെച്ചൊല്ലി വീട്ടിലുണ്ടായ തര്‍ക്കത്തിനിടെ അച്ഛന്‍ പെട്രോളൊഴിച്ച് തീ കൊളുത്തി. ഇദ്ദേഹവും ഭാര്യയും മകളുമുള്‍പ്പെടെ മൂന്നുപേര്‍ പൊള്ളലേറ്റ് മരിച്ചു. സാരമായി പൊള്ളലേറ്റ ഇളയമകന്‍ ചികിത്സയിലാണ്. ഇതരജാതിയില്‍പ്പെട്ട യുവാവിനെ മകള്‍ പ്രണയിച്ചതിലുള്ള എതിര്‍പ്പാണ് സംഭവത്തിന് ഇടയാക്കിയതെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. ശ്രീനിപുരം പുത്തന്‍പുരയ്ക്കല്‍ സത്യപാലന്‍ (56), ഭാര്യ ശ്രീജ (സീതമ്മ-48), മകള്‍ അഞ്ജലി(26) എന്നിവരാണ് മരിച്ചത്. ശ്രീജ സംഭവസ്ഥലത്തുവെച്ചും മറ്റ് രണ്ടുപേര്‍ കോട്ടയം മെഡിക്കല്‍ കോളേജാശുപത്രിയിലുമാണ് മരിച്ചത്. എരുമേലിയിലെ ജൂബിലി ലൈറ്റ് ആന്‍ഡ് സൗണ്ട്‌സ് ഉടമയാണ് സത്യപാലന്‍.
പൊള്ളലേറ്റ മകന്‍ അഖിലേഷ് (ഉണ്ണിക്കുട്ടന്‍-24) കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലാണ്. വെള്ളിയാഴ്ച 12 മണിയോടെയാണ് സംഭവം. വീടിനുള്ളില്‍നിന്നും തീ ഉയരുന്നത് കണ്ട് സമീപവാസികളാണ് ആദ്യം രക്ഷാപ്രവര്‍ത്തനം നടത്തിയത്. വാതില്‍ അടച്ച നിലയിലായിരുന്നു.
അഞ്ജലിയെ വിവാഹം കഴിക്കണമെന്ന ആവശ്യവുമായി വെള്ളിയാഴ്ച രാവിലെ ഒരു യുവാവ് ഇവരുടെ വീട്ടിലെത്തിയിരുന്നു. വാക്കേറ്റവും ഉണ്ടായി. ഇദ്ദേഹം പോയശേഷമാണ് വീട്ടില്‍ വഴക്കുണ്ടായതെന്നും തുടര്‍ന്ന് തീ ഉയരുന്നതുകണ്ടെന്നും അയല്‍വാസികള്‍ പറയുന്നു.
സമീപവാസികളും കാഞ്ഞിരപ്പള്ളിയില്‍നിന്നും അഗ്‌നിരക്ഷാസേനയും ചേര്‍ന്ന് തീയണച്ചെങ്കിലും വീടിന്റെ ഉള്‍വശവും വൈദ്യുതിവയറുകളും മേല്‍ക്കൂരയിലെ ഷീറ്റും കത്തിനശിച്ചു. വിദേശത്ത് നഴ്സ് ആയിരുന്ന അഞ്ജലി ഒരാഴ്ചമുമ്പാണ് നാട്ടില്‍ എത്തിയത്.
വീട്ടില്‍വന്ന യുവാവിനെ വിവാഹം കഴിച്ചാല്‍ താന്‍ ജീവനൊടുക്കുമെന്ന് പെണ്‍കുട്ടിയുടെ അച്ഛന്‍ ഭീഷണി മുഴക്കിയിരുന്നതായും പോലീസിന് വിവരം ലഭിച്ചിട്ടുണ്ട്. പൊള്ളലേറ്റ മകനാണ് സംഭവത്തിലെ ഏക ദൃക്സാക്ഷി. ചികിത്സയിലായതിനാല്‍ അഖിലേഷിന്റെ മൊഴിയെടുക്കാന്‍ കഴിഞ്ഞിട്ടില്ല. ഇദ്ദേഹത്തിന്റെ മൊഴി എടുത്താലേ സംഭവത്തില്‍ വ്യക്തതവരൂവെന്നും പോലീസ് പറഞ്ഞു.(ആത്മഹത്യ ഒന്നിനും പരിഹാരമല്ല. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക. വിളിക്കുക 1056, 0471 2552056)
Leave a Reply