ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്
കെറ്ററിങ്ങിൽ മലയാളി നേഴ്സിനെയും രണ്ടു മക്കളെയും ഭർത്താവ് കൊലപ്പെടുത്തിയ സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്തുവന്നു. മദ്യ ലഹരിയിലാണ് ഭർത്താവ് കണ്ണൂർ സ്വദേശിയായ സാജു ഭാര്യ അഞ്ജു (35), ജീവ (6), ജാൻവി (4) യെയും കൊലപ്പെടുത്തിയത്. ആശ്രിത വിസയിൽ ബ്രിട്ടനിലെത്തിയ സാജുവിന് ജോലി ലഭിക്കാതിരുന്നതിന്റെ നിരാശയും മറ്റ് മാനസിക പ്രശ്നങ്ങളും പ്രകോപനങ്ങൾക്ക് കാരണമായതായാണ് സൂചനകൾ . ബ്രിട്ടനിലേയ്ക്ക് ആശ്രിത വിസയിൽ എത്തിച്ചേരുന്ന പലർക്കും രാജ്യത്തെ നിയമങ്ങളെക്കുറിച്ച് ശരിയായ ബോധ്യം ഇല്ലെന്നുള്ളതും പല പ്രശ്നങ്ങൾക്കും കാരണമാകുന്നുണ്ട്.
രാജ്യത്തെ നിയമമനുസരിച്ച് കുഞ്ഞു കുട്ടികളെ തനിച്ചാക്കി ഭർത്താവിനും ഭാര്യയ്ക്കും ജോലിക്ക് പോകാൻ സാധിക്കില്ല. ഇതൊക്കെ കൊണ്ട് ജോലി ഉടൻ ലഭിക്കില്ലെന്നുള്ള കടുത്ത നിരാശ സാജുവിനെ അലട്ടിയതായാണ് സൂചനകൾ . ജീവിത ചിലവുകളിൽ വൻ വർദ്ധനവ് ഉണ്ടായത് മൂലം നാലു പേരടങ്ങുന്ന കുടുംബത്തിന് ഒരാളുടെ ജോലി കൊണ്ട് മാത്രം പിടിച്ചുനിൽക്കാനുള്ള സാമ്പത്തികബുദ്ധിമുട്ടുകൾ കുടുംബത്തെ ബാധിച്ചിരുന്നോ എന്നുള്ള സംശയം ശക്തമാണ്. ബ്രിട്ടനിലേയ്ക്ക് ആശ്രിത വിസക്ക് എത്തുന്ന പലരും യുകെയിലെ ഉയർന്ന ദൈനംദിന ജീവിത ചിലവുകളെ കുറിച്ച് ബോധവാന്മാരാണോ എന്ന് സംശയമാണ്.
എന്തെങ്കിലും കുടുംബ കലഹങ്ങൾ ഉണ്ടാവുകയാണെങ്കിൽ പരിഹാരം കാണാൻ കേരളത്തിൽ ബന്ധുമിത്രാദികളുടെയും സുഹൃത്തുക്കളുടെയും സഹായം ലഭിക്കുന്നതിൽ നിന്ന് വ്യത്യസ്തമായ സാഹചര്യമാണ് യുകെയിൽ ജീവിക്കുന്ന മലയാളി സമൂഹം അഭിമുഖീകരിക്കുന്നത്. പലപ്പോഴും സാമൂഹികവും മനഃശാസ്ത്രപരവുമായ കാരണങ്ങൾ മൂലം കുടുംബത്തിൽ ഉണ്ടാകുന്ന പ്രശ്നങ്ങൾ എങ്ങനെ തരണം ചെയ്യണമെന്നുള്ള പ്രതിസന്ധി പല മലയാളി കുടുംബങ്ങളുടെ ഇടയിലും വളരെ രൂക്ഷമാണ്. ഭർത്താവിൻറെ അമിത മദ്യപാനം മൂലമുള്ള പ്രശ്നങ്ങൾ പല കുടുംബങ്ങളിലും ആഴത്തിലുള്ള വിള്ളലുകൾ സൃഷ്ടിച്ചിട്ടുണ്ട്. ഭാര്യയും ഭർത്താവും ജോലിക്ക് പോകുന്ന സാഹചര്യത്തിൽ പരസ്പരം മനസ്സിലാക്കി കുടുംബത്തെ മുന്നോട്ട് നയിക്കാൻ വിട്ടുവീഴ്ചകൾക്ക് തയ്യാറാകാൻ ഇരുവരും പലപ്പോഴും തയ്യാറാകാത്തതും കുടുംബകലഹങ്ങൾക്ക് വഴിവെക്കാറുണ്ട്
Leave a Reply