സ്വന്തം ലേഖകന്‍
പട്യാല കോടതിയിലെ തുടര്‍ച്ചയായ രണ്ടാം ദിവസത്തെയും അക്രമത്തിനെതിരെ ഇന്ത്യന്‍ മാധ്യമ ലോകം ഒരൊറ്റ മനസോടെ രംഗത്തെത്തി. മാധ്യമ പ്രവര്‍ത്തകര്‍ക്കും, കനയ്യ കുമാറിനുമെതിരെയാണ് ഇന്നും പട്യാല കോടതി പരിസരത്ത് അതിക്രമം ഉണ്ടായത്. ഇന്നലെയുണ്ടായ അക്രമത്തിന്റെ പശ്ചാത്തലത്തില്‍  600 ഓളം മാധ്യമപ്രവര്‍ത്തകര്‍ സുപ്രീംകോടതി രജിസ്ട്രാര്‍ക്ക് പരാതി നല്‍കിയതിന്റെ അടിസ്ഥാനത്തിലാണ്, ഇന്ന് കോടതി കേസ് പരിഗണിച്ച് സുരക്ഷ ഉറപ്പുവരുത്താന്‍ നിര്‍ദേശിച്ചത്. എന്നിട്ടും രൂക്ഷമായ അതിക്രമങ്ങളാണ് നേരിടേണ്ടിവന്നത്.

ഈ വിദ്യാര്‍ത്ഥിയെ ദേശവിരുദ്ധനെന്ന് വിളിച്ച് നിങ്ങള്‍ അയാളെ കല്ലെറിയുകയും ചവിട്ടുകയും ചെയ്യുന്നു. നിങ്ങളാണ് രാജ്യ സ്‌നേഹികളെങ്കില്‍, എനിക്ക് ദേശദ്രോഹിയാകാനാണ് താല്‍പര്യമെന്നാണ് എന്‍ഡിടിവിയുടെ കണ്‍സള്‍ട്ടിംഗ് എഡിറ്ററായ ബര്‍ഖാ ദത്ത് ട്വീറ്റ് ചെയ്തിരിക്കുന്നത്.  ഇതാണോ ജനാധിപത്യമെന്നും ബര്‍ഖ ചോദിക്കുന്നു.

കപട ദേശീയവാദികളുടെ വികൃത മുഖമാണ് ഇന്ന് വ്യക്തമായതെന്ന് ഇന്ത്യ ടുഡേയുടെ കണ്‍സള്‍ട്ടിംഗ് എഡിറ്ററായ രാജ്ദീപ് സര്‍ദേശായി ട്വിറ്ററില്‍ പറഞ്ഞു. ഇതേ ദേശീയതയാണ് ബാബറിമസ്ജിദ് കാലത്തും വനിതാ മാധ്യമ പ്രവര്‍ത്തകരെ ആക്രമിക്കാന്‍ ഉപയോഗിച്ചത്. ഭാരതമാതാവിന്റെ പേരില്‍ വനിതാ മാധ്യമ പ്രവര്‍ത്തകയുടെ മുടിക്ക് കയറിപ്പിടിക്കുന്ന ദേശഭക്തിയാണ് നിലവില്‍ കാണുന്നത്. തെമ്മാടികളുടെ ആദ്യ ആശ്രയ കേന്ദ്രമായി രാജ്യസ്‌നേഹം മാറുന്നുവെന്നും രാജ്ദീപ് ട്വീറ്റ് ചെയ്തു.

നിയമ വ്യവസ്ഥ തകര്‍ന്നുവെന്നും കേന്ദ്രത്തില്‍ രാഷ്ട്രപതി ഭരണം ഏര്‍പ്പെടുത്താനാകുമോയെന്നാണ് ടൈംസ് ഓഫ് ഇന്ത്യയുടെ കണ്ടസള്‍ട്ടിംഗ് എഡിറ്ററായ സാഗരിക ഘോഷ് ട്വീറ്റ് ചെയ്തിട്ടുണ്ട്. രാജ്യസ്‌നേഹത്തിലും രാജ്യദ്രോഹത്തിലും സ്വയം ശിക്ഷ വിധിച്ച് അഭിഭാഷകര്‍ മാറുകയാണെന്നും അവര്‍ അഭിപ്രായപ്പെട്ടു.

ജെഎന്‍യുവില്‍ ഉയര്‍ന്നെന്ന് പറയപ്പെടുന്ന മുദ്രാവാക്യങ്ങളോ, ഇന്ന് കോടതിയില്‍ നടന്നതോ ഏതാണ് കൂടുതല്‍ രാജ്യവിരുദ്ധമെന്ന ചോദ്യമാണ് എന്‍ഡിടിവി സിഇഒ വിക്രം ചന്ദ്ര ട്വീറ്റ് ചെയ്തത്.  ഇന്ന് നടന്ന സംഭവങ്ങള്‍ കോടതി നീതിയുടെ ശ്രീകോവിലാണോ യുദ്ധഭൂമിയാണോ എന്ന് സംശയമുണ്ടാക്കുന്നുവെന്നും വിക്രം പറഞ്ഞു

ഇന്ത്യ ടുഡേ എംഡി രാഹുല്‍ കന്‍വാലിന്റെ അഭിപ്രായം ഇന്ന് കോടതിയില്‍ നടന്നത് രാജ്യ വിരുദ്ധമാണെന്നാണ്. ദില്ലി പോലീസ് നാണിച്ച് തല താഴ്ത്തണമെന്നും രാഹുല്‍ പറഞ്ഞു. സ്ഥാനക്കയറ്റം കിട്ടിയ കമ്മീണണര്‍ ബിഎസ് ബസിക്കെതിരെയും മാധ്യമപ്രവര്‍ത്തകര്‍ ശക്തമായാണ് പ്രതികരിക്കുന്നത്. ജെ എന്‍യുവിനെ ദേശ വിരുദ്ധരാക്കി ചിത്രീകരിക്കുകയും മാധ്യമ പ്രവര്‍ത്തകര്‍ വേട്ടയാടപ്പെടുമ്പോള്‍ മൗനം പാലിക്കുകയും ചെയ്യുന്ന ചില ടെലിവിഷന്‍ പരിപാടികള്‍ക്കെതിരെയും മാധ്യമ സമൂഹം രംഗത്തെത്തിയിട്ടുണ്ട്.

ടെലിഗ്രാഫ് പത്രത്തിന്റെ ഒന്നാം പേജും വ്യാപകമായി പ്രചരിപ്പിക്കപ്പെട്ടിട്ടുണ്ട്.

patriot-jnu

ഇന്ത്യയുടെ സമീപകാല ചരിത്രത്തില്‍ ഇതാദ്യമായാണ് ഇന്ത്യയിലെ മുന്‍നിര മാധ്യമപ്രവര്‍ത്തകരാകെ ഒരു പ്രശ്‌നത്തില്‍ ഇത്രയും രൂക്ഷമായ വിമര്‍ശനങ്ങളുമായി പരസ്യമായി രംഗത്തെത്തുന്നത്.