തിരുവനന്തപുരം: നഴ്‌സുമാരുടെ സംഘടനയായ യുണൈറ്റഡ് നഴ്‌സസ് അസോസിയേഷനിലെ സാമ്പത്തിക തിരിമറിയില്‍ കൂടുതല്‍ തെളിവുകള്‍ പുറത്ത്. കേസിലെ പ്രതികള്‍ പണം വകമാറ്റിയതിന്റെ തെളിവുകളാണ് പുറത്തുവന്നത്.
കേസിലെ പ്രതിയായ ജാസ്മിന്‍ ഷായുടെ ഭാര്യ ഷബ്‌നയുടെ ബാങ്ക് അക്കൗണ്ട് വിവരങ്ങള്‍
പുറത്തു വന്നു . കേസിലെ മറ്റ് പ്രതികളും യു.എന്‍.എ ഭാരവാഹികളും ചേര്‍ന്ന് സംഘടനാ ഫണ്ടില്‍ നിന്ന് വകമാറ്റിയ 73 ലക്ഷത്തിലെറെ രൂപയാണ് ഷബ്‌നയുടെ ബാങ്ക് അക്കൗണ്ടിലേക്ക് വകമാറ്റിയത്.
കേസിലെ രണ്ടാം പ്രതിയും യുഎന്‍എ സംസ്ഥാന പ്രസിഡന്റുമായ ഷോബി ജോസഫ് 4,28,311 രൂപയാണ് ഷബ്‌നയുടെ ആക്‌സിസ് ബാങ്കിലെ എന്‍.ആര്‍.ഒ അക്കൗണ്ടിലേക്ക് നിക്ഷേപിച്ചത്. മൂന്നാം പ്രതിയും ജാസ്മിന്‍ ഷായുടെ ഡ്രൈവറുമായ നിധിന്‍ മോഹന്‍ 20,38,000 രൂപയും നാലാം പ്രതിയും യുഎന്‍എ ഓഫീസ് സ്റ്റാഫുമായ ജിത്തു 3,08,000 രൂപയും നിക്ഷേപിച്ചു.
യുഎന്‍എയുടെ അക്കൗണ്ടില്‍ നിന്ന് നേരിട്ട് ഷബ്‌നയുടെ അക്കൗണ്ടിലേക്ക് മാറ്റിയത് 2,98,000 രൂപയാണ്. ഇങ്ങനെ സംഘടനയുടെ അക്കൗണ്ടില്‍ നിന്ന് നേരിട്ടും കേസിലെ പ്രതികളടക്കം യുഎന്‍എയുമായി ബന്ധമുള്ളവരില്‍ നിന്നുമായി ഷബ്‌നയുടെ അക്കൗണ്ടിലേക്കെത്തിയത് 73,61,872 രൂപയാണ്.
ആക്‌സിസ് ബാങ്കിന് പുറമെ കേരളത്തിലെ അഞ്ച് ബാങ്കുകളില്‍ കൂടി ഷബ്‌നയ്ക്ക് അക്കൗണ്ടുകളുണ്ട്. സമാനരീതിയില്‍ മറ്റ് അക്കൗണ്ടുകളിലേക്കും പണമെത്തിയിരിക്കാമെന്നാണ് അന്വേഷണ സംഘത്തിന്റെ നിഗമനം.
Leave a Reply