ഇഡൈ ചുഴലിക്കാറ്റിൽ മൊസാംബിക്കിൽ മാത്രം 1000 പേർ മരിച്ചിരിക്കാനിടയുണ്ടെന്ന് പ്രസിഡന്റ്റ് ഫിലിപ്പ് ന്യൂസി. ചുഴലിക്കാറ്റിനെ തുടർന്നുണ്ടായ വെള്ളപ്പൊക്കത്തിലും മറ്റുമായി നിരവധി പേർ മരിച്ചിട്ടുണ്ടെന്നും നദികളിലൂടെ ഒഴുകി വരുന്ന ശവശരീരങ്ങളുടെ കണക്ക് വെച്ച് 1000 പേർ മരിച്ചതായി രേഖപ്പെടുത്തേണ്ടി വരുമെന്നും ഇദ്ദേഹം ഒരു റേഡിയോ ചാനലിന് നല്‍കിയ അഭിമുഖത്തിൽ സൂചിപ്പിക്കുന്നു. വെള്ളപ്പൊക്കത്തിന്റെ രൂക്ഷത അനുദിനം വർധിച്ച് വരുന്നതുകൊണ്ട് തുടർന്നും ആയിരക്കണക്കിനാളുകൾ മരിച്ചേക്കാം എന്ന് ഭയക്കുന്നതായും ന്യൂസി അറിയിച്ചു.
രാജ്യം നേരിട്ട ഏറ്റവും ഭീകരമായ പ്രകൃതി ദുരന്തമാണിതെന്നാണ് പരിസ്ഥിതി മന്ത്രി സെൽസോ കൊറൈയ പറയുന്നത്. 215 പേരുടെ മരണം അധികൃതർ ഇതിനോടകം തന്നെ സ്ഥിരീകരിച്ചിട്ടുണ്ട്. നൂറുകണക്കിനാളുകളെ കാണാതായിട്ടുണ്ടെന്നും ഗവർമെന്റ് ഏജൻസികൾ റിപ്പോര്‍ട്ട് ചെയ്യുന്നു. മൊസാംബിക്കിലെ പല സ്ഥലങ്ങളിലെയും വിവരവിനിമയ ശൃംഖലകളെല്ലാം തകരാറിലായതിനാൽ ആകെ മൊത്തം എത്ര പേർ മരിച്ചുവെന്നോ എത്ര വീടുകൾ നഷ്ടപ്പെട്ടെന്നോ എത്രപേരെ കാണാതായെന്നോ തിട്ടപ്പെടുത്താനായിട്ടില്ല.
പുങ്ങ്വേ നദി ഒഴുകി കടലിലേക്ക് ചേരുന്ന സ്ഥലമായ ബിറയും പരിസര പ്രദേശങ്ങളും ഏതാണ്ട് പൂർണ്ണമായും തന്നെ വെള്ളത്തിനടിയിലായി. ഈ പ്രദേശത്തെ വിവരവിനിമയ ശൃംഖല പൂർണ്ണമായും തകരാറിലായതിനാൽ അത്യാവശ്യ ഘട്ടത്തിൽ സഹായം തേടാൻ പോലുമാകാതെ പല വീടുകളും വെള്ളത്തിൽ മുങ്ങുകയാണ്. സംഭരണക്ഷമതയേക്കാൾ കൂടുതൽ വെള്ളം പതിച്ചതിനാൽ പ്രദേശത്ത് ഒരു ഡാം പൊട്ടിയതോടുകൂടി ബെയ്റ നഗരത്തിലെ അവസാനത്തെ റോഡും വെള്ളത്തിനടിയിലായി.
“ഏതുവിധേനയും ആളുകളുടെ ജീവന്‍ രക്ഷിക്കുക, ബാക്കിയെല്ലാ കാര്യങ്ങളും പിന്നെ” എന്നാണ് പരിസ്ഥിതി മന്ത്രി പറയുന്നത്. മൊസാംബിക്കിൽ ആദ്യം വീശിയടിച്ച ചുഴലിക്കാറ്റ് സിംബാവെയിലേക്കും പരന്നിട്ടുണ്ട്. സിംബാവെയിലും നൂറുകണക്കിനാളുകൾ മരിച്ചിട്ടുണ്ടെന്നാണ് റിപ്പോർട്ടുകൾ.
Leave a Reply