ന്യൂസ് ഡെസ്ക്, മലയാളം യുകെ

യുകെയിൽ സമീപകാലത്തെങ്ങും കേട്ടിട്ടില്ലാത്ത രീതിയിലുള്ള മോഷണത്തിന്റെ വിവരങ്ങളാണ് ഇപ്പോൾ വാർത്തകളിൽ ഇടം പിടിച്ചിരിക്കുന്നത്. ലണ്ടനിലെ അതിസമ്പന്നർ താമസിക്കുന്ന വടക്കൻ ലണ്ടനിലെ പ്രിംറോസ് ഹില്ലിലെ അവന്യൂ റോഡിലുള്ള വീട്ടിൽ നിന്നാണ് കോടികൾ വിലമതിക്കുന്ന ആഭരണങ്ങൾ ഉൾപ്പെടെ മോഷണം പോയത്. ഡിസംബർ 7 ന് വൈകുന്നേരം 5 നും 5.30 നും ഇടയിൽ രണ്ടാം നിലയിലെ ജനലിലൂടെ മോഷ്ടാവ് അകത്തു കടന്നതായാണ് പോലീസ് പറയുന്നത്. 10 മില്യണിലധികം വിലമതിക്കുന്ന ആഭരണങ്ങളും 150,000 പൗണ്ട് വിലമതിക്കുന്ന ഡിസൈനർ ഹാൻഡ്‌ബാഗുകളും മോഷ്ടിക്കപ്പെട്ടു.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ


ഹെർമിസ് ക്രോക്കഡൈൽ കെല്ലി ഹാൻഡ്‌ബാഗുകളും 15,000 പൗണ്ട് പണവും ആഭരണങ്ങൾ പതിച്ച നെക്ലേസുകളും വളകളും ഉൾപ്പെടെ 10.4 മില്യൺ പൗണ്ട് വിലമതിക്കുന്ന വസ്തുവകകൾ മോഷ്ടിക്കപ്പെട്ടതായാണ് അനുമാനിക്കപ്പെടുന്നത്. പ്രതിയെ പിടികൂടുന്നതിനും ശിക്ഷിക്കുന്നതിലേക്കും നയിക്കുന്ന വിവരങ്ങൾ കൈമാറുന്നവർക്ക് 5 ലക്ഷം പൗണ്ട് പാരിതോഷികം ഉടമ പ്രഖ്യാപിച്ചിട്ടുണ്ട്. ഇതുകൂടാതെ വസ്തുവകകൾ കണ്ടെത്താൻ സഹായിക്കുന്നവർക്ക് മൂല്യത്തിന്റെ 10 ശതമാനം പണം പാരിതോഷികം വീട്ടുടമകൾ വാഗ്ദാനം ചെയ്തിട്ടുണ്ട് . പോലീസ് പറയുന്നത് അനുസരിച്ച് മോഷണം പോയ ആഭരണങ്ങൾ ഭൂരിഭാഗവും അമൂല്യവും എളുപ്പത്തിൽ തിരിച്ചറിയാൻ പറ്റുന്നവയുമാണ്. ഈ ഗണത്തിൽപ്പെടുന്ന ആഭരണങ്ങൾ വിൽക്കാൻ ആരെങ്കിലും ബന്ധപ്പെടുമ്പോൾ ഉടൻ വിവരം കൈമാറണമെന്ന് പോലീസ് അറിയിച്ചിട്ടുണ്ട്. യുകെയിലെ ഏറ്റവും ചിലവേറിയ സ്ഥലമായ അവന്യൂ റോഡ് -6 ലെ വീട്ടിൽ നടന്ന മോഷണം വൻ ഞെട്ടലാണ് നിയമവൃത്തങ്ങളുടെ ഇടയിൽ ഉളവാക്കിയിരിക്കുന്നത്. ലോയ്ഡ്സ് ബാങ്കിൻ്റെ സമീപകാല ഗവേഷണമനുസരിച്ച്, യുകെയിലെ ഏറ്റവും ചെലവേറിയ തെരുവുകളിലൊന്നാണ് അവന്യൂ റോഡ്, ശരാശരി വീടിൻ്റെ വില £15.2 മില്യൺ ആണ്.