റസിയ പയ്യോളി

വിശ്വാസികളുടെ അഞ്ചനുഷ്ഠാനങ്ങളിൽ നാലാമത്തേതായ പരിശുദ്ധ റമദാൻ വിടപറഞ്ഞിരിക്കുന്നു. മഹത്തായ ആശയങ്ങളാൽ നിർമ്മിതമായ റമദാനിലെ മുപ്പത് ദിവസത്തെ വ്രതാനുഷ്ഠാനത്തിലൂടെ പാപമുക്തരായി നിർമ്മലമായ മനസും ശരീരവുമായി തെറ്റുകളൊന്നും ചെയ്യാതെ ഇനിയൊരു പുതിയ മാറ്റത്തിൻ്റെ പ്രാർത്ഥനാനിർഭരമായ ജീവിതത്തിനായി പ്രതിജ്ഞയെടുക്കുകയാണ് വാസ്തവത്തിൽ വിശ്വാസികൾ .. പെരുന്നാൾ അറിയിപ്പുമായ് മേലേ വാനിൽ പൊന്നമ്പിളി പ്രത്യക്ഷപ്പെട്ടു. ഈദുൽ ഫിത്തർ അറിയിച്ചു കൊണ്ട് എങ്ങും തക്ബീർ ധ്വനികൾ മുഴങ്ങുകയായി.. അങ്ങനെ പുണ്യമായ പെരുന്നാളിൻ്റെ സുകൃതത്തിലേക്ക് നാം വന്ന് നിൽക്കുന്നു. റമദാനിൻ്റെ ഓരോ നിമിഷവും വേണ്ടവിധത്തിൽ ഭയഭക്തിയോടെ സൂക്ഷ്മമായി ഉപയോഗപ്പെടുത്തിയ വിശ്വാസിക്ക് പെരുന്നാൾ വലിയ ആനന്ദം തരുന്നതായിരിയ്ക്കും.

കോവിഡ് മാരിയിൽ കുടുങ്ങിയ രണ്ടാമത്തെ പെരുന്നാൾ. അത് കൊണ്ട് തന്നെ കോവിഡിൽ ബന്ധപ്പെടുത്തി മാത്രമേ പെരുന്നാൾ വിശേഷങ്ങൾ പറയാനൊക്കു.. കോവിഡ് പ്രോട്ടോക്കോൾ പാലിച്ച് സമൂഹത്തോടൊപ്പം ചേരാൻ ഓരോ വിശ്വാസിയും ശ്രദ്ധിക്കണം കടുത്ത ജാഗ്രതയിലാണെന്നറിയാം എങ്കിൽ കൂടി ഓർമ്മപ്പെടുത്തുന്നു. മതം അനുശാസിക്കുന്നതിനൊപ്പം അതിർത്തി കടക്കാതെ ഭരണകൂടം നിർദ്ദേശിക്കുന്ന നിയമാവലികൾ പാലിച്ചു കൊണ്ടായിരിക്കണം ഓരോ വിശ്വാസിയുടേയും ആഘോഷം.

“പാപകറകൾ കഴുകി കളയാനും ആത്മശുദ്ധി വരുത്താനും കിട്ടുന്ന സുവർണാവസരമായി ഓരോ വിശ്വാസിയും ഈ പുണ്യമാസത്തെ മനസിൽ ചില്ലിട്ട് സൂക്ഷിച്ചിരിക്കുകയായിരുന്നു”.

ഷഹബാൻ മാസത്തിൻ്റെ അവസാനമെത്തുമ്പോഴേക്കും നോമ്പിനെ വരവേൽക്കാൻ കണ്ണുംനട്ടിരിക്കുന്ന നോമ്പിൻ്റെ മഹത്വം അത്രകണ്ട് മനസിലാക്കിയ കാത്തിരിപ്പിലായിരിക്കും വിശ്വാസികൾ… സൗഹൃദം പങ്കുവെക്കുന്നതിനിടയിൽ മറക്കാതെ നോമ്പ് പടിവാതിൽക്കലെത്തിയെ ഓർമ്മപ്പെടുത്തലിൽ ഒരുങ്ങി കോളിൻ. എണ്ണപ്പെട്ട മുപ്പത് ദിവസങ്ങൾ കടന്ന് പോകുന്നതിൻ്റെ വേഗത കൂടി പോയോ എന്ന് തോന്നിപോകും വിധത്തിലായിരിക്കും നോമ്പ് വിശ്വാസികളെ സ്വാധീനിക്കുക. ഓരോ വിശ്വാസിയും അത്രകണ്ട് അള്ളാഹുവിനെയും അവൻ്റെ പ്രവാചകനേയും ഓർത്ത് കൊണ്ടാണ് നോമ്പിലൂടെ കടന്ന് പോകുന്നത്. പെരുന്നാളിൻ ശോഭയിൽ കുടുംബ ബന്ധങ്ങൾ കൂടുതൽ പ്രശോഭിതമാകുന്നു. സുഹൃതവാനായ ഒരു വിശ്വാസിക്ക് സൃഷ്ടാവ് സ്വർഗം വാഗ്ദാനം ചെയ്തിരിക്കുന്നു. അതിന് റമദാനിനെ വേണ്ട വിധത്തിൽ ഉപയോഗപ്പെടുത്തണം കാര്യങ്ങൾ അങ്ങനെയൊക്കെയാണെങ്കിലും അതിന് വേണ്ടത് ആത്മസമർപ്പണമാണ് .

കോവിഡ് മാരിയിൽ വിറങ്ങലിച്ച് പള്ളികളിലും മറ്റു വീടുകളിലും പോകാൻ കഴിയാതെ ഏതാനും ദിവസങ്ങൾക്ക് ശേഷം നോമ്പാഘോഷങ്ങൾ ഇന്നിതാ പെരുന്നാളാഘോഷങ്ങളും വീടുകളിലൊതുക്കേണ്ടി വന്നു. അതിൻ്റെ അസ്വസ്ഥതകൾ എല്ലാവരും കണക്കിനനുഭവിച്ചു. കാരണം നോമ്പ് കാലം പള്ളികളിൽ കഴിയാൻ ആഗ്രഹിക്കുന്നവരാണ് ആണുങ്ങളായ വിശ്വാസികളിൽ പലരും. എന്നിരുന്നാലും കടുത്ത ജാഗ്രതയിലാണവർ.. അനുഷ്ഠാനങ്ങളിൽ നിന്ന് കൊണ്ട് തന്നെ കട്ട പ്രതിരോധം തീർത്തിരിക്കുന്നു.

ഖുർആൻ പാരായണം കൊണ്ടും ദിക്റ് സ്വലാത്തുകൾ കൊണ്ടും സുന്നത്ത് നമസ്കാരങ്ങൾ കൊണ്ടും ഭക്തിനിർഭരമായ നോമ്പുകാല വീടുകൾ ഏറെ സന്തോഷം തരുന്നതായിരുന്നു.അതുവരേയുള്ള സാധാരണ അവസ്ഥയിൽ നിന്ന് പെട്ടെന്ന് അന്തരീക്ഷം മാറുന്നത് നോമ്പിനെ ചേർത്ത് പിടിച്ച് കൊണ്ട് തന്നെ പറയാതെ വയ്യ. അവസാനത്തെ പത്തിൽ ലൈലത്തുൽ ഖദ്റ് പ്രതീക്ഷിച്ച് വിശ്വാസി എല്ലാ തിരക്കുകളിൽ നിന്നും മാറികൂടുതൽ ആത്മീയതയിലേക്ക് ഉള്ളിൽ ഭയം കലർന്ന ഭക്തിയിലേക്ക് ആത്മത്യാഗത്തിൻ്റെ സഹനത്തിൻ്റെ മാത്രം ലോകത്തിൽ ഒതുങ്ങി കൂടുകയായിരുന്നു.. അത്തരത്തിലുള്ള കാഴ്ചകൾ ഏറെ കർണാനന്ദകരമാണുണ്ടാക്കിയത്.

പെരുന്നാളാഘോഷങ്ങളിൽ പ്രിയപ്പെട്ടവരെ പുണരാൻ കാത്തിരുന്ന വിശ്വാസിയും കൈയകലത്തിൽ ഒരു ചിരിയിലൊതുക്കി കടന്നു പോകുന്നു. അത് ആഘോഷത്തിൻ്റെ ആസ്വാദനം അത്രകണ്ട് കുറച്ചിട്ടുണ്ട്. ഏറെ ജാഗ്രതയോടെ കാത്തിരിക്കാം ചേർത്ത് പിടിച്ച ആ നല്ല കാലത്തിനായ്..

വിശപ്പും ദാഹവും കാമവും ദൈവികമാർഗ്ഗത്തിൽ ഉപേക്ഷിച്ച് ഒരു മാസത്തെ ത്യാഗനിർഭരമായ ജീവിതാവസ്ഥ കഴിഞ്ഞ് തിരിഞ്ഞ് നോക്കുമ്പോൾ വല്ലാത്തൊരു വിജയാഹ്ലാദമാണ് അനുഭവിക്കുന്നത്. പെരുന്നാളിനെ പറ്റി ചർച്ച ചെയ്യുമ്പോൾ അതിൻ്റെ ഗുണഫലങ്ങൾ വളരെ വലുതാണ്.. ഒന്നാമത് ആളുകൾ ഒത്തുചേർന്ന് അകലം പാലിച്ചുകൊണ്ട് ആലിംഗനമില്ലാതെയാണെങ്കിലും ചിരിച്ച് സലാം ചൊല്ലി തമാശകൾ പറഞ്ഞ് സന്തോഷം അലയടിക്കുന്ന ഒരിടത്തെ കാഴ്ച എത്ര മനോഹരമാണ്.
കുടുംബത്തിനുള്ളിലെ സന്തോഷത്തേക്കാളും വലുതാണ് സമൂഹത്തിനൊപ്പമുള്ള സന്തോഷമെന്ന് ആ കാഴ്ചകൾ നമ്മെ പഠിപ്പിച്ച് തരും. അവിടെയാണ് മതം പ്രസക്തമാകുന്നത്. ഇസ്ലാമിൻ്റെ മികച്ച സന്ദേശങ്ങളിൽ ഒന്നായ നോമ്പിൻ്റെ ശ്രേഷ്ഠതകൾ എത്ര പറഞ്ഞാലും തീരാത്തതാണ്.. ശത്രുക്കൾക്ക് പൊറുത്ത് കൊടുക്കുകയും അറ്റുപോയ ബന്ധങ്ങളെ കണ്ണി ചേർക്കുകയും മനുഷ്യത്വം കിളിർപ്പിക്കുകയും ചെയ്യുന്ന സുദിനം കൂടിയാക്കാം ഈ പെരുന്നാൾ ദിനം.

ഓ സത്യവിശ്വാസികളെ നിങ്ങളുടെ മുമ്പുള്ളവരുടെ മേൽ നിയമിക്കപ്പെട്ടത് പോലെ നിങ്ങളുടെ മേലും നോമ്പ് നോൽക്കൽ നിയമിക്കപ്പെട്ടിരിക്കുന്നു..(183 ബഖ്വറ)

റസിയ പയ്യോളി: കോഴിക്കോട് ജില്ലയിലെ പയ്യോളിയിൽ ജനിച്ചു. പിതാവ് കാവിൽ ഹംസ ഹാർമൊണിസ്റ്റ്
മാതാവ് ആമിന.. പ്രസിദ്ധീകരിച്ച പുസ്തകങ്ങൾ
പാഠം ഒന്ന് എൻ്റെ അമ്മ, മെഹബൂബ്,
എൻ്റെ കഥ വില്പനയ്ക്ക് കൂടാതെ ഒത്തിരി കഥകളും കവിതകളും അനുഭവങ്ങളും ലേഖനങ്ങളും കൂടുതലായി ഈ ലോക് ഡൗണിൽ വന്നു..