ന്യൂസ് ഡെസ്ക്, മലയാളം യുകെ
ജൂലൈ നാലിന് അടുത്ത തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതോടെ ബ്രിട്ടീഷ് രാഷ്ട്രീയം സംഭവബഹുലമായി കൊണ്ടിരിക്കുകയാണ്. ഏറ്റവും പുതിയതായി ലേബർ പാർട്ടിയുടെ സാമ്പത്തിക പദ്ധതികൾക്ക് പിന്തുണ പ്രഖ്യാപിച്ചുകൊണ്ട് ബ്രിട്ടനിലെ 121 ബിസിനസ് മേധാവികൾ പ്രസിദ്ധീകരിച്ചിരിക്കുന്ന കത്താണ് വാർത്തകളിൽ ഇടം പിടിച്ചിരിക്കുന്നത്. ലേബർ പാർട്ടിയുടെ പുതിയ നയങ്ങൾ രാജ്യത്തിൻറെ ബിസിനസ് വളർച്ചയിൽ അനുകൂലമായ അന്തരീക്ഷം സൃഷ്ടിക്കുന്നതിന് ഉചിതമാകുമെന്ന് കത്ത് വ്യക്തമാകുന്നു. നിലവിൽ അഭിപ്രായ സർവേകളിൽ മുന്നിൽ നിൽക്കുന്ന ലേബർ പാർട്ടിക്ക് വൻ മുന്നേറ്റത്തിന് ബിസിനസ് ലോകത്തിന്റെ പിന്തുണ വഴിവെയ്ക്കുമെന്നാണ് രാഷ്ട്രീയ നിരീക്ഷകർക്ക് കരുതുന്നത്.
2015 – ലെ പൊതു തിരഞ്ഞെടുപ്പിന് മുന്നോടിയായി 100 ബിസിനസ് സ്ഥാപനങ്ങൾ കൺസർവേറ്റീവ് പാർട്ടിയെ പിന്തുണച്ച് രംഗത്ത് വന്നിരുന്നു. എന്നാൽ ഇപ്പോൾ യുകെയിലെ ബിസിനസ് ലോകം കളം മാറി ചവിട്ടുന്നതായാണ് രാഷ്ട്രീയ നിരീക്ഷകർ വിലയിരുത്തുന്നത്. കത്തിൽ ഒപ്പിട്ടവരിൽ ടിവി ഷെഫും റെസ്റ്റോറേറ്ററുമായ ടോം കെറിഡ്ജ്, ചെറിയ കമ്പനികളുടെ ചില സിഇഒമാർ, ഹീത്രൂ എയർപോർട്ട് മുൻ ചീഫ് എക്സിക്യൂട്ടീവ് ജോൺ ഹോളണ്ട്-കെയ്, ജെഡി സ്പോർട്സ് ചെയർമാൻ ആൻഡ്രൂ ഹിഗ്ഗിൻസൺ, വിക്കിപീഡിയ സ്ഥാപകൻ ജിമ്മി വെയിൽസ് എന്നിവരും ഉൾപ്പെടുന്നു. ലേബർ പാർട്ടിയെ പിന്തുണച്ച് മുന്നിട്ടിറങ്ങുന്ന കമ്പനികൾ അത്രമാത്രം ബ്രിട്ടന്റെ ബിസിനസ് ലോകത്തെ പ്രതിനിധീകരിക്കുന്നവരല്ലെന്ന അഭിപ്രായവും പൊതുവെ ഉയർന്ന് വന്നിട്ടുണ്ട്. യുകെയിലെ സ്റ്റോക്ക് മാർക്കറ്റിൽ ലിസ്റ്റ് ചെയ്തിട്ടുള്ള വലിയ കമ്പനികളുടെ മേധാവികൾ തിരഞ്ഞെടുപ്പിൽ പക്ഷം പിടിക്കുന്നത് ഒഴിവാക്കിയിട്ടുണ്ട്.
തുടർച്ചയായ 14 വർഷത്തെ തുടർ ഭരണത്തിൽ നിന്ന് കാൻസർവേറ്റീവ് പാർട്ടി പുറത്താകുമെന്നാണ് ഭൂരിഭാഗം അഭിപ്രായ സർവേകളും തിരഞ്ഞെടുപ്പ് പ്രവചനങ്ങളും പറയുന്നത്. ഒരു കാലത്ത് ഭരണ സ്ഥിരതയ്ക്ക് പേരു കേട്ടെങ്കിലും കഴിഞ്ഞ 5 വർഷത്തിനിടയിൽ 2 പ്രധാനമന്ത്രിമാരാണ് ബ്രിട്ടൻ ഭരിച്ചത്. കാലാവധി തീരാൻ 7 മാസം ബാക്കി നിൽക്കെ തിരഞ്ഞെടുപ്പ് നടത്താൻ പ്രധാനമന്ത്രി ഋഷി സുനക് തീരുമാനിച്ചത് അദ്ദേഹത്തിൻറെ പാർട്ടികാരെ അടക്കം അമ്പരിപ്പിച്ചിട്ടുണ്ട്. എന്നാൽ പ്രശ്നങ്ങൾ രൂക്ഷമാക്കുന്നതിന് മുമ്പ് ഒരു ഭാഗ്യ പരീക്ഷണം നടത്താനാണ് സുനക് തീരുമാനിച്ചത്.
Leave a Reply