ന്യൂസ് ഡെസ്ക് മലയാളം യുകെ

യു കെ :- ഉപഭോക്താക്കളെ ദ്രോഹിക്കുന്ന പണപ്പെരുപ്പം മൂലമുള്ള വിലനിർണയം അവസാനിപ്പിക്കാനുള്ള ഓഫ്കോം റെഗുലേറ്ററി കമ്മറ്റിയുടെ തീരുമാനം മൊബൈൽ ഓപ്പറേറ്റർമാർക്ക് തിരിച്ചടിയായിരിക്കുകയാണ്. ഈ തീരുമാനത്തോട് മൊബൈൽ ഓപ്പറേറ്റർമാരുടെ മൂല്യത്തിൽ ഏകദേശം 1 ബില്യൺ പൗണ്ടോളം കുറവ് അനുഭവപ്പെട്ടിരിക്കുകയാണ്. കൺസ്യുമർ പ്രൈസ് ഇൻഡെക്സ് (സി പി ഐ ) പോലുള്ള സങ്കീർണമായ പദങ്ങൾക്ക് പകരം, ഉപഭോക്താക്കളുടെ കരാറിൽ വിൽപ്പന സമയത്ത് എല്ലാ വിലയും പൗണ്ടിൽ വളരെ സുതാര്യമായി തന്നെ രേഖപ്പെടുത്തണമെന്ന് പുതിയ നിർദ്ദേശങ്ങൾ അടങ്ങിയ നിയമങ്ങൾ ഉടൻ പുറത്തിറക്കുമെന്ന് ഓഫ്കോം അറിയിച്ചു. നാണയപ്പെരുപ്പവുമായി ബന്ധപ്പെട്ട മിഡ്-കോൺട്രാക്‌ട് വിലക്കയറ്റ നിബന്ധനകൾ ഉപഭോക്താക്കളെ പ്രതിസന്ധിയിലാക്കുമെന്നും ഓഫ്കോം പറഞ്ഞു.

എന്നാൽ ഓഫ്കോമിന്റെ ഈ തീരുമാനം മൊബൈൽ ഓപ്പറേറ്റർമാരെ സാരമായി ബാധിച്ചിട്ടുണ്ട്. രാവിലെ വിപണിയിൽ ഇഇ ഉടമസ്ഥതയിലുള്ള ബിടിയുടെ ഓഹരികൾ 3.4 ശതമാനവും, വോഡഫോൺ ഓഹരികൾ 1.1ശതമാനവും , O2 ഉടമസ്ഥതയിലുള്ള ടെലിഫോണിക്കയുടെ ഓഹരികൾ 2 ശതമാനവും ഇടിഞ്ഞു. ഭൂരിഭാഗം മൊബൈൽ, ബ്രോഡ്‌ബാൻഡ് ദാതാക്കളും പണപ്പെരുപ്പവുമായി ബന്ധപ്പെട്ട വിലനിർണ്ണയ സംവിധാനങ്ങൾ കരാറുകളുമായി ബന്ധിപ്പിച്ചിട്ടുണ്ട്. അത് മൂലം, കഴിഞ്ഞ വർഷത്തിന്റെ തുടക്കം മുതൽ യുകെയിൽ കണ്ട ഉയർന്ന പണപ്പെരുപ്പത്തിന്റെ അടിസ്ഥാനത്തിൽ ചില കരാറുകൾക്ക് രണ്ട് വർഷം മുമ്പ് ചെയ്തതിനേക്കാൾ 30% കൂടുതൽ ചിലവ് നിലവിലുണ്ട്.


എന്നാൽ പകുതിയിലധികം ബ്രോഡ്‌ബാൻഡ് ഉപഭോക്താക്കൾക്കും പ്രതിമാസം പണമടയ്ക്കുന്ന മൊബൈൽ ഉപഭോക്താക്കൾക്കും സി‌പി‌ഐ, ആർ‌പി‌ഐ പോലുള്ള പണപ്പെരുപ്പ നിരക്ക് എന്താണെന്ന് അറിയില്ലെന്ന് ഓഫ്‌കോമിന്റെ അന്വേഷണങ്ങൾ കണ്ടെത്തി. ഈ വർഷം ജനുവരി മുതൽ ഒക്‌ടോബർ വരെ വിലക്കയറ്റവുമായി ബന്ധപ്പെട്ട് 800 ഓളം പരാതികളാണ് ഓഫ്കോമിനു ലഭിച്ചത്. ഇത് 2021 ൽ ഇതേ കാലയളവിൽ ലഭിച്ച പരാതികളുടെ ഇരട്ടിയിലധികമാണ്.

ജീവിത ചെലവുകൾക്ക് തന്നെ ജനങ്ങൾ ബുദ്ധിമുട്ടുന്ന സാഹചര്യത്തിൽ, ഉപഭോക്താക്കൾക്ക് മേൽ കൂടുതൽ പ്രതിസന്ധികൾ അടിച്ചേൽപ്പിക്കാതിരിക്കാനാണ് ഓഫ്കോമിന്‍റെ പുതിയ തീരുമാനം. ഒന്നിലധികം വർഷങ്ങളായി ഒരേ മൊബൈൽ കരാറുകളിൽ കുടുങ്ങിക്കിടക്കുന്ന ഉപഭോക്താക്കളിൽ നിന്ന് ഓപ്പറേറ്റർമാർ ഈടാക്കുന്ന നിരക്കുകളെക്കുറിച്ചുള്ള കൂടുതൽ തീവ്രമായ സൂക്ഷ്മപരിശോധനയ്ക്കിടെയാണ് ഉപഭോക്താക്കളുടെ ബുദ്ധിമുട്ടുകൾ ഓഫ്കോം മനസ്സിലാക്കുന്നത്.