ന്യൂസ് ഡെസ്ക്, മലയാളം യുകെ
ഫ്രാൻസുമായുള്ള പുതിയ കരാർ ബുധനാഴ്ച പ്രാബല്യത്തിൽ എത്തിയതിനു ശേഷമുള്ള ഏറ്റവും വലിയ മനുഷ്യ കടത്തിനാണ് ശനിയാഴ്ച യുകെ സാക്ഷ്യം വഹിച്ചത്. 7 ബോട്ടുകളിലായി 435 കുടിയേറ്റക്കാരാണ് ഒറ്റയടിക്ക് യുകെയിൽ എത്തിയത്. പിടിയിലായ കുടിയേറ്റക്കാരെ ഡോവറിൽ എത്തിച്ചതായി ഹോം ഓഫീസ് അറിയിച്ചു. ഫ്രാൻസുമായുള്ള പുതിയ “വൺ ഇൻ, വൺ ഔട്ട്” കരാർ ബുധനാഴ്ച പ്രാബല്യത്തിൽ വന്നതിനുശേഷം ഇത് ഏറ്റവും ഉയർന്ന ദൈനംദിന സംഖ്യയാണ്.
യുകെയിൽ ഉടനീളം കുടിയേറ്റത്തിനെതിരെ വൻ പ്രതിഷേധങ്ങൾ അരങ്ങേറിയ അതേ ദിവസം തന്നെയാണ് ഈ വാർത്ത പുറത്തുവന്നത്. കുട്ടികൾ ഉൾപ്പെടെയുള്ള അനധികൃത കുടിയേറ്റക്കാരെ ബോർഡർ ഫോഴ്‌സും ആർഎൻഎൽഐയും ചേർന്ന് കരയിലെത്തിച്ചു. ഈ വർഷം തുടക്കം മുതൽ ഇതുവരെ ഏകദേശം 25000 അനധികൃത കുടിയേറ്റക്കാർ രാജ്യത്ത് എത്തിയതായാണ് കണക്കുകൾ കാണിക്കുന്നത്. സർക്കാർ വൺ ഇന്‍ വൺ ഔട്ട് പദ്ധതിയിലൂടെ ഡോവറിൽ എത്തുന്ന ചില കുടിയേറ്റക്കാരെ ഫ്രാൻസിലേയ്ക്ക് തിരികെ കൊണ്ടുവരാൻ സാധിക്കും. ഇതിനു പകരമായി യുകെയിലേയ്ക്ക് വരാൻ നിയമാനുസൃതമായി അവകാശമുള്ള ഫ്രാൻസിൽ നിന്നുള്ള അഭയാർത്ഥികൾ യുകെയിലേയ്ക്ക് വരുകയും ചെയ്യും.
അനധികൃത കുടിയേറ്റ വിഷയത്തിൽ കടുത്ത രാഷ്ട്രീയ സമ്മർദമാണ് സർക്കാർ നേരിടുന്നത്. കുടിയേറ്റം കുറയ്ക്കുന്നതിനുള്ള നിരവധി പ്രഖ്യാപനങ്ങൾ കഴിഞ്ഞ കുറേ ദിവസങ്ങളായി സർക്കാർ നടത്തിയിരുന്നു. അനധികൃത കുടിയേറ്റത്തിനായി ഓൺലൈനിൽ പരസ്യം ചെയ്യുന്നവർക്ക് 5 വർഷം വരെ തടവ് ശിക്ഷ ലഭിക്കുന്ന രീതിയിലുള്ള നിയമ ഭേദഗതി ഇതിൻറെ ഭാഗമായാണ് നടപ്പിലാക്കിയത്. അഭയാർത്ഥികളെ പാർപ്പിക്കാൻ ഉപയോഗിക്കുന്ന യുകെ ഹോട്ടലുകൾക്ക് പുറത്ത് നിരവധി പ്രതിഷേധങ്ങളുടെയും പ്രതിഷേധ പ്രകടനങ്ങളുടെയും പശ്ചാത്തലത്തിലാണ് ഇത്. അതേസമയം, ഫ്രഞ്ച് പോലീസുമായി സംയുക്ത ഓപ്പറേഷൻ ആരംഭിച്ചതിനുശേഷം അഞ്ച് വർഷത്തിനുള്ളിൽ 300 ലധികം മനുഷ്യ കടത്തുകാരെ അറസ്റ്റ് ചെയ്തതായി എൻസിഎ നേരത്തെ പ്രഖ്യാപിച്ചിരുന്നു. ജൂലൈയിൽ മാത്രം ഒരു അഫ്ഗാൻ മനുഷ്യക്കടത്ത് ശൃംഖലയിലെ ആറ് അംഗങ്ങൾക്ക് ഫ്രാൻസിൽ ആകെ 26 വർഷവും 10 മാസവും തടവ് ശിക്ഷയും, ആകെ 150,000 പൗണ്ട് പിഴയും ആണ് ലഭിച്ചത് .
Leave a Reply