ന്യൂസ് ഡെസ്ക് മലയാളം യുകെ

ചൈന :- 21 ടൺ ഭാരമുള്ള ചൈനയുടെ റോക്കറ്റ് നിയന്ത്രണം നഷ്ടപ്പെട്ട ജനവാസ മേഖലകളിൽ പതിക്കുവാനുള്ള സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ് നൽകി വിദഗ് ധർ. വ്യാഴാഴ്ച വിക്ഷേപിച്ച ലോങ്ങ്‌ മാർച്ച്‌ 5 ബി റോക്കറ്റിനാണ് നിയന്ത്രണം നഷ്ടപ്പെട്ടിരിക്കുന്നത്. ഇത് ചുരുങ്ങിയ ദിവസങ്ങൾക്കുള്ളിൽ ഭൂമിയിലേയ്ക്ക് പതിക്കും എന്നാണ് വിദഗ്ധർ വിലയിരുത്തുന്നത്. എന്നാൽ റോക്കറ്റിന്റെ അവശിഷ്ടങ്ങൾ ജനവാസ മേഖലകളിൽ പതിക്കാനുള്ള സാധ്യതയുണ്ടെന്നാണ് നിലവിൽ കണ്ടെത്തിയിരിക്കുന്നത്. റോക്കറ്റിന്റെ പാത ന്യൂയോർക്ക്, മാഡ്രിഡ്‌, ബെയ് ജിങ് തുടങ്ങിയ നഗരങ്ങൾക്ക് കുറച്ച് വടക്കു നിന്നും ചിലി, വെല്ലിങ്‌ടൺ ന്യൂസിലൻഡ് തുടങ്ങി തെക്കൻ നഗരങ്ങളിലൂടെ ആണ്. ഈ നഗരങ്ങൾക്കു മേൽ പതിക്കാനുള്ള സാധ്യത വളരെ വലുതാണെന്ന് ബഹിരാകാശ ശാസ്ത്രജ്ഞനായ ജോനാഥാൻ മക്ഡോനൽ വിലയിരുത്തുന്നു. എന്നാൽ റോക്കറ്റിന്റെ ഭൂരിഭാഗവും അന്തരീക്ഷത്തിൽ വച്ച് തന്നെ നശിച്ചു പോകുമെന്നും അദ്ദേഹം പറഞ്ഞു.

കഴിഞ്ഞ വ്യാഴാഴ്ചയാണ് ചൈന ഈ റോക്കറ്റ് വിക്ഷേപിച്ചത്. ചൈനയുടെ ബഹിരാകാശ നിലയത്തിന്റെ ആദ്യഘട്ടങ്ങൾ എത്തിക്കുന്നതിനായാണ് ഈ റോക്കറ്റ് വിക്ഷേപിച്ചത്. ‘ ടിയാൻഹെ’ എന്ന് പേരിട്ടിരിക്കുന്ന ഈ ബഹിരാകാശനിലയം പൂർത്തീകരിക്കപ്പെടുമ്പോൾ ഏകദേശം മൂന്ന് ക്രൂവിലുള്ള ആളുകൾക്ക് ഇതിൽ താമസിക്കാം. 2022 ഓടെ ബഹിരാകാശ നിലയം പൂർത്തീകരിക്കുവാൻ ആണ് ചൈന തീരുമാനിച്ചിരിക്കുന്നത്. ബഹിരാകാശ നിലയം പൂർത്തീകരിക്കപ്പെടുമ്പോൾ 211 മുതൽ 280 മൈൽ വേഗത്തിൽ ഇത് ഭൂമിയെ വലംവയ്ക്കും എന്നാണ് ചൈനീസ് വിദഗ് ധർ വ്യക്തമാക്കുന്നത്.

യു എസ്‌, റഷ്യ, യൂറോപ്പ് തുടങ്ങിയ രാജ്യങ്ങളോട് കിടപിടിക്കുന്ന തരത്തിൽ അത്യാധുനികമായ ഒരു ബഹിരാകാശനിലയം നിർമ്മിക്കുവാനാണ് ചൈന തീരുമാനിച്ചിരിക്കുന്നത്. നിലവിലുള്ള അന്താരാഷ്ട്ര ബഹിരാകാശ നിലയം നിർമ്മിക്കുന്നതിന് ഏകദേശം പത്ത് വർഷത്തോളം ആണ് സമയം എടുത്തത്. യുഎസ്, റഷ്യ, ജപ്പാൻ, യൂറോപ്പ്, കാനഡ എന്നീ രാജ്യങ്ങളാണ് അന്താരാഷ്ട്ര ബഹിരാകാശനിലയത്തിന്റെ നിർമ്മാണത്തിൽ പങ്കുചേർന്നത്. ചൈനയെ ഇതിൽ പങ്കെടുക്കുന്നതിൽ നിന്ന് യു എസ് വിലക്കിയിരുന്നു.
എന്നാൽ വിക്ഷേപിച്ച ഈ റോക്കറ്റ് ജനവാസ മേഖലകളിൽ പതിച്ചാൽ ചൈനയ്ക്ക് അത് വൻ തിരിച്ചടിയാകും.