ന്യൂസ് ഡെസ്ക്, മലയാളം യുകെ

ലണ്ടൻ: 16 വയസിന് താഴെയുള്ള കുട്ടികൾക്ക് സോഷ്യൽ മീഡിയ ഉപയോഗം നിരോധിക്കണമെന്നാവശ്യപ്പെട്ട് 60 – തിലധികം ലേബർ എംപിമാർ പ്രധാനമന്ത്രി സർ കിയർ സ്റ്റാർമറിന് തുറന്ന കത്ത് നൽകി. നിയന്ത്രണമില്ലാത്തതും കടുത്ത ആസക്തി ഉളവാക്കുകയും ചെയ്യുന്ന സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിൽ നിന്ന് കുട്ടികളെ സംരക്ഷിക്കാൻ തുടർച്ചയായ സർക്കാരുകൾ പര്യാപ്തമായി നടപടിയെടുത്തിട്ടില്ലെന്നതാണ് കത്തിലെ മുഖ്യ ആരോപണം. ഡിസംബറിൽ സമാനമായ നിരോധനം നടപ്പാക്കിയ ഓസ്ട്രേലിയയെ മാതൃകയാക്കി ബ്രിട്ടനും മുന്നോട്ട് പോകണമെന്നും, ഡെൻമാർക്ക്, ഫ്രാൻസ്, നോർവേ, ന്യൂസിലാൻഡ്, ഗ്രീസ് തുടങ്ങിയ രാജ്യങ്ങളും ഇത്തരമൊരു നീക്കം പരിഗണിക്കുകയാണെന്നും എംപിമാർ ചൂണ്ടിക്കാട്ടി. വിഷയത്തിൽ എല്ലാ വഴികളും പരിഗണനയിലാണ് എന്ന നിലപാടാണ് സ്റ്റാർമർ സ്വീകരിച്ചിരിക്കുന്നത്.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

കുട്ടികൾക്ക് സോഷ്യൽ മീഡിയ ഉണ്ടാക്കുന്ന മാനസിക സമ്മർദ്ദം, പഠനത്തിലെ ശ്രദ്ധക്കുറവ്, സാമൂഹികമായ ഒറ്റപ്പെടൽ തുടങ്ങിയ ആശങ്കകൾ നിരവധി വോട്ടർമാർ ഉന്നയിച്ചതായി എംപിമാർ കത്തിൽ പറയുന്നു. അടുത്ത ആഴ്ച ലോർഡ്‌സ് സഭയിൽ ലിബറൽ ഡെമോക്രാറ്റുകൾ അവതരിപ്പിച്ച നിർദേശം പരിഗണനയ്‌ക്കെത്തും. സിനിമകളെപ്പോലെ പ്രായപരിധി അടിസ്ഥാനമാക്കി സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകൾക്ക് റേറ്റിംഗ് നൽകുക എന്നതാണ് ഈ നിർദേശം. ആസക്തി ഉളവാക്കുന്ന അൽഗോരിതങ്ങളും അനുചിത ഉള്ളടക്കവും ഉള്ള പ്ലാറ്റ്‌ഫോമുകൾ 16 വയസിന് മുകളിലുള്ളവർക്കായി പരിമിതപ്പെടുത്തുകയും, അശ്ലീലമോ അക്രമങ്ങളോ ഉള്ളവയെ പൂർണമായും പ്രായപൂർത്തിയായവർക്കായി മാറ്റുകയും ചെയ്യുന്നതാണ് പദ്ധതി. ഇതിനിടെ, അടുത്ത തിരഞ്ഞെടുപ്പിൽ വിജയിച്ചാൽ അണ്ടർ-16 നിരോധനം നടപ്പാക്കുമെന്ന് കൺസർവേറ്റീവ് നേതാവ് കെമി ബാഡനോക് പ്രഖ്യാപിച്ചു.

അതേസമയം, 16 വയസ്സിന് താഴെയുള്ളവർക്ക് സമ്പൂർണ സോഷ്യൽ മീഡിയ നിരോധനം ഏർപ്പെടുത്തുന്നതിനെതിരെ ബാലാവകാശ സംഘടനകളും ഓൺലൈൻ സുരക്ഷാ പ്രവർത്തകരും രംഗത്തെത്തി. എൻഎസ്‌പിസിസി, ചൈൽഡ്നെറ്റ്, മൊളി റോസ് ഫൗണ്ടേഷൻ എന്നിവ ഉൾപ്പെടെയുള്ള 42 സംഘടനകളും വ്യക്തികളും ഇത് “തെറ്റായ പരിഹാരമെന്ന്” അഭിപ്രായപ്പെട്ടു. നിരോധനം കുട്ടികൾക്ക് വ്യാജ സുരക്ഷാബോധം സൃഷ്ടിക്കുകയും, അപകടങ്ങൾ മറ്റ് ഓൺലൈൻ മേഖലകളിലേക്ക് മാറാൻ ഇടയാക്കുമെന്നും അവർ മുന്നറിയിപ്പ് നൽകി. നിലവിലുള്ള നിയമങ്ങൾ കർശനമായി നടപ്പാക്കുകയും, പ്രായാനുസൃതമായി അപകടകരമായ ഫീച്ചറുകൾക്ക് തെളിവധിഷ്ഠിത നിയന്ത്രണങ്ങൾ ഏർപ്പെടുത്തുകയുമാണ് വേണ്ടതെന്ന് അവർ ആവശ്യപ്പെട്ടു. ഓൺലൈൻ ഉള്ളടക്കങ്ങൾ കണ്ടതിനെ തുടർന്ന് ആത്മഹത്യ ചെയ്ത മൊളി റസ്സലിന്റെ പിതാവും സാമൂഹിക പ്രവർത്തകനുമായ ഇയാൻ റസ്സൽ, നിരോധനം അനുദ്ദേശിത പ്രത്യാഘാതങ്ങൾ സൃഷ്ടിക്കാമെന്നും നിലവിലെ നിയമങ്ങൾ ശക്തമായി നടപ്പാക്കണമെന്നും പറഞ്ഞു.