ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്

ഇന്ന് രാവിലെ 7 മണി മുതൽ എൻഎച്ച്എസിലെ 60,000 -ത്തിലധികം ജൂനിയർ ഡോക്ടർമാർ മൂന്ന് ദിവസത്തേയ്ക്ക് പണിമുടക്ക് നടത്തും. തങ്ങളുടെ ശമ്പളത്തിൽ 35 ശതമാനം വർദ്ധനവ് ആണ് പണിമുടക്കുന്നവർ മുന്നോട്ട് വയ്ക്കുന്ന ആവശ്യം. അടുത്ത കാലത്ത് എൻഎച്ച്എസ് കണ്ട ഏറ്റവും വലിയ ജീവനക്കാരുടെ പ്രതിഷേധമായിരിക്കും ഇതെന്നാണ് വിലയിരുത്തപ്പെടുന്നത്. ഇതിനിടെ ഡോക്ടർമാരുടെ സമരം അത്യാഹിത വിഭാഗത്തിലെ പ്രവർത്തനത്തെ ഗുരുതരമായി ബാധിക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്. പണിമുടക്ക് ഒഴിവാക്കാനായി ആരോഗ്യ സെക്രട്ടറി സ്റ്റീവ് ബാർക്ലേ അവസാന നിമിഷം നടത്തിയ നീക്കം ബ്രിട്ടീഷ് മെഡിക്കൽ അസോസിയേഷൻ നിരസിച്ചതായാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.


മൂന്നുദിവസം നടത്തുന്ന പണിമുടക്കിനെ തുടർന്ന് ആയിരക്കണക്കിന് രോഗികളുടെ അപ്പോയിൻമെന്റുകൾ റദ്ദാക്കിയതായാണ് അറിയുന്നത്. ഈ ആഴ്ചത്തെ പണിമുടക്കിന്റെ ആഘാതത്തിൽ നിന്ന് ആരോഗ്യസേവന മേഖല മുക്തമാകണമെങ്കിൽ മാസങ്ങളെടുക്കുമെന്ന് എൻഎച്ച്എസ് മെഡിക്കൽ ഡയറക്ടർ സ്റ്റീഫൻ പോവിസ് മുന്നറിയിപ്പ് നൽകി. സമരം ചെയ്യുന്ന ആരോഗ്യ മേഖലയിലെ ജീവനക്കാർക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ചുകൊണ്ട് സപ്പോർട്ട് ദ സ്ട്രൈക്ക് എന്ന പേരിൽ ലണ്ടനിലെ വാറൻ സ്ട്രീറ്റിൽ ആളുകൾ ശനിയാഴ്ച ഒത്തുകൂടിയിരുന്നു.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

അതേസമയം ഡോക്ടർമാരെ കൂടാതെ അധ്യാപകരും സമരമുഖത്തിറങ്ങുമെന്ന് അറിയിച്ചു കഴിഞ്ഞു. ശമ്പളത്തെ കുറിച്ചുള്ള തർക്കങ്ങളെ തുടർന്ന് ആയിരക്കണക്കിന് അധ്യാപകർ ബുധനാഴ്ച സ്കൂളുകളിൽ നിന്ന് ഇറങ്ങിപ്പോകും. അധ്യാപകരുടെ സമരം 7 ദശലക്ഷം വിദ്യാർത്ഥികളെ ബാധിക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്. സമരത്തെ തുടർന്ന് പകുതിയിലേറെ സ്കൂളുകൾ അടച്ചിടാൻ സാധ്യതയുണ്ടെന്ന് നാഷണൽ എഡ്യൂക്കേഷൻ യൂണിയൻ ജനറൽ സെക്രട്ടറി കെവിൻ കോർട്ട്നി പറഞ്ഞു. തൃപ്തികരമായ നടപടി സർക്കാരിൻറെ ഭാഗത്തുനിന്നുണ്ടായില്ലെങ്കിൽ ഈ വേനൽക്കാലത്ത് ജിസിഎസ്ഇ , എ – ലെവൽ പരീക്ഷകൾക്കിടയിൽ സമരപരിപാടികൾ നടക്കാനുള്ള സാധ്യത തള്ളിക്കളയാനാവില്ലെന്ന നിലപാടാണ് അധ്യാപക യൂണിയനുകൾക്കുള്ളത്.