ന്യൂസ് ഡെസ്ക് മലയാളം യുകെ

യുകെയിലും യൂറോപ്പിലെ പല ഭാഗങ്ങളിലും ചൈനീസ് മിറ്റൻ ഞണ്ടുകൾ അധിനിവേശ ജീവിയായിട്ടാണ് കണക്കാക്കുന്നത് .യുകെ ഉൾപ്പെടെയുള്ള യൂറോപ്യൻ ജലാശയങ്ങളിൽ ഇവയുടെ സാന്നിധ്യം പരിസ്ഥിതിക്ക് കടുത്ത ഭീഷണിയായിരിക്കും എന്ന ആശങ്ക ശക്തമായിട്ടുണ്ട്. ഈ ഞണ്ടുകളുടെ വംശവർദ്ധനവ് പ്രാദേശിക ആവാസവ്യവസ്ഥയ്ക്ക് കടുത്ത പാരിസ്ഥിതിക പ്രത്യാഘാതങ്ങൾ സൃഷ്ടിക്കും എന്നാണ് വിലയിരുത്തപ്പെടുന്നത്.

യുകെയിൽ അതിവേഗം പെരുകിക്കൊണ്ടിരിക്കുന്ന ഞണ്ടുകളുടെ വംശവർദ്ധനവ് തടയുന്നതിനുള്ള പദ്ധതി തയ്യാറാക്കിയതായി നാഷണൽ ഹിസ്റ്ററി മ്യൂസിയത്തിലെ ഒരുകൂട്ടം ശാസ്ത്രജ്ഞർ അറിയിച്ചു. ഇണചേരാനായി എത്തുന്ന ഞണ്ടുകളെ പിടികൂടുന്നതിനായി ലിങ്കൻ ഷെയറിൽ കെണി സ്ഥാപിച്ചിരിക്കുകയാണ് ശാസ്ത്രജ്ഞർ. ഈ വിഭാഗത്തിൽ പെട്ട ഞണ്ടുകൾ യുകെയിലെ ജലാശയത്തിലെ ജീവിവർഗ്ഗത്തിന് കടുത്ത ഭീഷണിയാണെന്ന് പദ്ധതിയുടെ ഭാഗമായി പ്രവർത്തിക്കുന്ന നാഷണൽ ഹിസ്റ്ററി മ്യൂസിയത്തിലെ ശാസ്ത്രജ്ഞരായ ഡോക്ടർ പോൾ ക്ലാർക്ക് പറഞ്ഞു . ഈ ഞണ്ടുകളെ പിടികൂടി അവയുടെ ജനസംഖ്യ കുറച്ചാൽ അത് പരിസ്ഥിതിയിൽ മെച്ചപ്പെട്ട മാറ്റങ്ങൾ സൃഷ്ടിക്കും എന്നാണ് വിദഗ്ധഭിപ്രായം.

തെക്ക് കിഴക്കൻ ഏഷ്യയിൽ കാണപ്പെടുന്നതു കൊണ്ടാണ് ഇവയെ ചൈനീസ് ഞണ്ടുകൾ എന്ന് വിളിക്കുന്നത്. 1935 ലാണ് ആദ്യമായി ഇവയുടെ സാന്നിധ്യം യുകെയിൽ റിപ്പോർട്ട് ചെയ്യപ്പെട്ടത്. പെൺ വർഗ്ഗത്തിൽ പെട്ട ഞണ്ടുകൾക്ക് ഒറ്റയടിക്ക് വളരെയേറെ മുട്ടകൾ ഉത്പാദിപ്പിക്കാൻ കഴിയുന്നതാണ് ഇവയുടെ ഭീകരമായ വംശവർദ്ധനവിന് കാരണം. പല ശുദ്ധജല മത്സ്യങ്ങളുടെയും മറ്റു പല ജീവജാലങ്ങളുടെയും വംശനാശത്തിനും ചൈനീസ് ഞണ്ടുകൾ ഭീഷണിയായി തീർന്നിരിക്കുകയാണ്. പദ്ധതി വിജയിക്കുകയാണെങ്കിൽ പ്രധാനപ്പെട്ട സാൽമൻ ആവാസ കേന്ദ്രങ്ങളിൽ കെണി സ്ഥാപിക്കുന്നതിനാണ് നിലവിൽ പദ്ധതി തയ്യാറാക്കിയിരിക്കുന്നത്. ജീവജാലങ്ങൾക്ക് മാത്രമല്ല ഞണ്ടുകൾ തീർക്കുന്ന കുഴികൾ നദീതീരങ്ങളുടെ ഘടനയുടെ മാറ്റത്തിനും മണ്ണൊലിപ്പിനും കാരണമാകുന്നതായും കണ്ടെത്തിയിട്ടുണ്ട്.