ലണ്ടന്‍: ഇംഗ്ലണ്ടിലെ 6 ലക്ഷത്തോളം വരുന്ന വിദ്യാര്‍ത്ഥികള്‍ യോഗ്യതയില്ലാത്ത അധ്യാപകരില്‍ നിന്നാണ് പരിശീലനം നേടുന്നതെന്ന് ആരോപണം. ലേബര്‍ ആണ് ഈ ആരോപണം ഉന്നയിച്ചത്. പാര്‍ട്ടി നടത്തിയ വിശകലനത്തില്‍ ഇംഗ്ലണ്ടിലെ സര്‍ക്കാര്‍ ഫണ്ട് ഉപയോഗിച്ച് പ്രവര്‍ത്തിക്കുന്ന സ്‌കൂളുകളിലെ 6,13,000 കുട്ടികളെ പഠിപ്പിക്കുന്നത് ആവശ്യത്തിന് യോഗ്യതയില്ലാത്ത അധ്യാപകരാണ്. അധ്യാപകരുടെ യോഗ്യതാ മാനദണ്ഡങ്ങള്‍ ഇല്ലാത്തവരെയും നിയോഗിക്കാനുള്ള അവകാശം ഫ്രീസ്‌കൂളുകള്‍ക്കും അക്കാഡമികള്‍ക്കും നല്‍കിയത് മുന്‍ എഡ്യുക്കേഷന്‍ സെക്രട്ടറി മൈക്കിള്‍ ഗോവിന്റെ കാലത്തായിരുന്നു.
നിലവിലുള്ള സെക്രട്ടറി ജസ്റ്റിന്‍ ഗ്രീനിംഗ് ഇതേ നയം തന്നെയാണ് പിന്തുടരുന്നത്. വിദ്യാര്‍ത്ഥികളെയും ക്ലാസുകളെയും കൈകാര്യം ചെയ്യാന്‍ അറിവില്ലാത്തവര്‍ സ്‌കൂളുകളില്‍ അധ്യാപകരായി നിയമിതരായാലുള്ള സ്ഥിതിയേക്കുറിച്ച് ആശങ്കയുണ്ടെന്നാണ് ലേബര്‍ വ്യക്തമാക്കുന്നത്. യോഗ്യതയില്ലാത്ത അധ്യാപകരുടെ എണ്ണം 60 ശതമാനം വര്‍ദ്ധിച്ച് 24,000ല്‍ എത്തി നില്‍ക്കുന്നുവെന്ന് സര്‍ക്കാര്‍ കണക്കുകള്‍ സൂചിപ്പിക്കുന്നു. അധ്യാപക യോഗ്യത നേടുന്നതിനുള്ള മാനദണ്ഡങ്ങളില്‍ ഇളവുകള്‍ വരുത്തിയതിനു ശേഷമുള്ള കണക്കാണ് ഇത്.
സ്‌കൂളുകള്‍ക്ക് അനുവദിക്കുന്ന ഫണ്ടുകള്‍ കുറച്ചതിലൂടെയുണ്ടായ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ സര്‍ക്കാര്‍ തേടുന്ന കുറുക്കുവഴിയാണ് അടിസ്ഥാന യോഗ്യതയില്ലാത്ത അധ്യാപകരെ നിയമിക്കുന്നതെന്ന് ഷാഡോ സ്‌കൂള്‍സ് മിനിസ്റ്റര്‍ മൈക്ക് കെയ്ന്‍ പറഞ്ഞു. ലേബര്‍ അധികാരത്തിലെത്തിയാല്‍ സ്ഥിരമായി നിയമിക്കപ്പെട്ട അധ്യാപകരെല്ലാവരും യോഗ്യത നേടിയിരിക്കണമെന്ന നിബന്ധന കൊണ്ടുവരുമെന്നും അദ്ദേഹം പറഞ്ഞു.
Leave a Reply