ന്യൂസ് ഡെസ്ക്, മലയാളം യുകെ
പ്രതിഷേധ വ്യവസ്ഥകൾ ലംഘിച്ചുവെന്നാരോപിച്ച് 70-ലധികം പാലസ്തീൻ അനുകൂല പ്രകടനക്കാരെ ഇന്നലെ സെൻട്രൽ ലണ്ടനിൽ അറസ്റ്റ് ചെയ്തു. വൈറ്റ്ഹാളിലെ ഒരു റാലിയിൽ നിന്നുള്ള മാർച്ചിനിടെ ചിലർ പോലീസ് ലൈൻ ഭേദിച്ചതിന് പിന്നാലെയാണ് അറസ്റ്റ്. ഹമാസുമായുള്ള വെടിനിർത്തൽ കരാർ പ്രഖ്യാപിച്ചതിന് തൊട്ടുപിന്നാലെയാണ് “പലസ്തീനെ സ്വതന്ത്രമാക്കുക” തുടങ്ങിയ ബോർഡുകൾ ഉയർത്തി ഗാസയിൽ ഇസ്രായേലിൻ്റെ 15 മാസത്തെ യുദ്ധത്തിനെതിരെ പ്രതിഷേധിക്കാൻ ആയിരക്കണക്കിന് ആളുകൾ ഒത്തുകൂടിയത്.
ട്രാഫൽഗർ സ്‌ക്വയറിലേക്ക് മാർച്ച് ചെയ്യുന്നതിൽ നിന്ന് പോലീസ് ആദ്യം ഇവരെ തടഞ്ഞിരുന്നു. എന്നാൽ ചില പ്രതിഷേധക്കാർ ഇത് ഭേദിച്ച് കടന്നുപോകുകയായിരുന്നു. മുൻ ലേബർ നേതാവ് ജെറമി കോർബിനും മുൻ ഷാഡോ ചാൻസലർ ജോൺ മക്‌ഡൊണലും മാർച്ചിൽ പങ്കെടുത്തതായി എക്‌സിൽ പ്രചരിക്കുന്ന വീഡിയോയിൽ കാണാം. സംഭവത്തിൽ മൊത്തം 77 അറസ്റ്റുകൾ മെട്രോപൊളിറ്റൻ പോലീസ് റിപ്പോർട്ട് ചെയ്തു. പ്രതിഷേധം നിയന്ത്രിക്കാൻ ട്രാഫൽഗർ സ്‌ക്വയറിലേക്കുള്ള പ്രവേശന കവാടങ്ങൾ പോലീസ് തടഞ്ഞതിന് പിന്നാലെ ബ്രിട്ടനിലെ മുസ്ലീം അസോസിയേഷൻ വിമർശനവുമായി രംഗത്ത് വന്നിരുന്നുവെന്ന് ഒരു വാർത്താ ഏജൻസി പറയുന്നു.
പൊതു ജനങ്ങൾക്ക് ശല്യം ആയ രീതിയിൽ പ്രതിഷേധം നടത്തിയതിന് നാല് പേരും പ്രതിഷേധ വ്യവസ്ഥകൾ ലംഘിച്ചതിന് രണ്ട് പേരും നിരോധിത സംഘടനകളെ പിന്തുണയ്ക്കുന്ന പ്ലക്കാർഡ് പിടിച്ചതിന് ഒരാളും ഉൾപ്പെടെ ഏഴ് പേരെ നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. സ്റ്റോപ്പ് ദ വാർ സഖ്യത്തിലെ അംഗവും ദേശീയ പാലസ്തീൻ മാർച്ചുകളുടെ ചീഫ് സ്റ്റിവാർഡുമായ ക്രിസ് നൈൻഹാമും അറസ്റ്റിലായവരിൽ ഉണ്ട്. ഇസ്രായേലും ഹമാസും തമ്മിലുള്ള വെടിനിര്‍ത്തല്‍ കരാര്‍ ഇന്ന് മുതല്‍ പ്രാബല്യത്തില്‍ വരും. കരാര്‍ പ്രകാരം ബന്ദികളാക്കപ്പെട്ട 33 ഇസ്രയേല്‍ പൗരന്മാരെ ഹമാസ് മോചിപ്പിക്കുമ്പോള്‍ വിവിധ ജയിലുകളിലായി തടവിലാക്കപ്പെട്ട 2000 പാലസ്തീന്‍ പൗരന്മാരെയാകും ഇസ്രയേല്‍ മോചിപ്പിക്കുക. വെടിനിര്‍ത്തല്‍ കരാര്‍ താല്‍കാലികം മാത്രമാണെന്നും ഹമാസ് ഉറപ്പുകള്‍ പാലിച്ചില്ലെങ്കില്‍ പോരാട്ടം തുടരുമെന്നും ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു മുന്നറിയിപ്പ് നല്‍കി.മോചിപ്പിക്കുന്ന 33 പേരുടെ പേര് വിവരങ്ങള്‍ മോചനത്തിന് 24 മണിക്കൂര്‍ മുന്‍പ് നല്‍കേണ്ടതാണ്. എന്നാൽ ഹമാസിന്റെ ഭാഗത്ത് നിന്ന് അതുണ്ടായില്ല. ഇത്തരം കരാര്‍ ലംഘനങ്ങള്‍ അനുവദിക്കില്ലെന്നും ഇസ്രയേല്‍ പ്രധാനമന്ത്രി എക്‌സിലൂടെ വ്യക്തമാക്കി.
Leave a Reply