ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്

യു കെ :- എലിസബത്ത് രാജ്ഞിയുടെ ശവസംസ്കാര ചടങ്ങിൽ പങ്കെടുക്കുവാൻ ക്ഷണിച്ചുകൊണ്ട് തനിക്ക് ലഭിച്ച ഫോൺ കാൾ തുടക്കത്തിൽ തന്നെ പറ്റിക്കുകയാണെന്ന് തെറ്റിദ്ധരിച്ചതായി എം ബി ഇ അവാർഡ് നേടിയ എൻഎച്ച്എസ് നേഴ്സ്, നാൻസി ഒ നീൽ മാധ്യമങ്ങളോട് പറഞ്ഞു. തിങ്കളാഴ്ച നടക്കുന്ന ചടങ്ങിൽ പങ്കെടുക്കുവാൻ ബ്രാഡ്ഫോർഡിൽ നിന്നുള്ള നാൻസിക്ക് ക്ഷണം ലഭിച്ചത് തികച്ചും അപ്രതീക്ഷിതമായിട്ടായിരുന്നു. അതിനാൽ തന്നെ അത്തരം ഒരു ഫോൺകോൾ വിശ്വസിക്കാനാകാതെ തന്നെ കബളിപ്പിക്കുകയാണെന്നും അവർ തെറ്റിദ്ധരിച്ചു. എന്നാൽ ഇത്തരം ഒരു ചടങ്ങിൽ പങ്കെടുക്കുവാൻ സാധിച്ചതിന്റെ അഭിമാനത്തിലും സന്തോഷത്തിലും ആണ് ഇപ്പോഴവർ. രാജ്ഞിയുടെ പിറന്നാൾ ചടങ്ങുകളുടെ ഭാഗമായിട്ടായിരുന്നു ബ്രിട്ടനിലെ മൂന്നാമത്തെ ഉയർന്ന പുരസ്കാരമായ എം ബി ഇ അവാർഡ് നാൻസിക്ക് ലഭിച്ചത്. 41 വർഷത്തോളം നീണ്ട തന്റെ നേഴ്സിങ് ജീവിതത്തിലൂടെ നൽകിയ സേവനങ്ങൾക്കും കോവിഡ് കാലത്ത് നടത്തിയ പ്രത്യേക പ്രയത്നങ്ങൾക്കുമാണ് നാൻസിക്ക് അവാർഡ് ലഭിച്ചത്. തുടക്കത്തിൽ ക്യാബിനറ്റ് ഓഫീസിൽ നിന്നുള്ള കോൾ ലഭിച്ചപ്പോൾ അവാർഡിനെ സംബന്ധിച്ചുള്ള പരാമർശങ്ങൾക്കാണെന്നാണ് താൻ വിചാരിച്ചതെന്ന് നാൻസി പറഞ്ഞു. എന്നാൽ രാജ്ഞിയുടെ ശവസംസ്കാര ചടങ്ങിൽ പങ്കെടുക്കാനുള്ള ക്ഷണമാണ് ലഭിച്ചതെന്ന് കേട്ടപ്പോൾ താൻ തികച്ചും ഞെട്ടലിലായിരുന്നുവെന്നും അവർ പറഞ്ഞു.

ചടങ്ങിൽ പങ്കെടുക്കുന്ന ഏകദേശം രണ്ടായിരത്തോളം വരുന്ന രാഷ്ട്രീയ നേതാക്കൾക്കും,
വിശിഷ്ടാതിഥികൾക്കും, ലോക നേതാക്കൾക്കും ഒപ്പമാകും നാൻസിയുടെ സ്ഥാനം. ബ്രാഡ്ഫോർഡ് ഡിസ്ട്രിക്ടിൽ ജോലി ചെയ്തിരുന്ന സമയത്ത് എൻഎച്ച്എസിന് അഭിമാനമായിരുന്നു നാൻസിയുടെ സേവനങ്ങൾ. ഒരിക്കലും പ്രതീക്ഷിക്കാതെയാണ് തനിക്ക് ഇത്തരം ഒരു അവസരം ലഭിച്ചതെന്ന് നാൻസി പറഞ്ഞു. താൻ ഇത്രത്തോളം ബഹുമാനിക്കുകയും ആദരിക്കുകയും ചെയ്യുന്ന ഒരാളുടെ ശവസംസ്കാര ചടങ്ങിൽ പങ്കെടുക്കുന്നത് തനിക്ക് വേദനാജനകമാണെന്നും അവർ കൂട്ടിച്ചേർത്തു.