ന്യൂസ് ഡെസ്ക്, മലയാളം യുകെ
നാല് ആഴ്ചകളായി നിശ്ശബ്ദമായിരുന്ന ഇംഗ്ലീഷ് ചാനലിൽ കൂടി ചെറു ബോട്ടുകളിൽ കുടിയേറ്റക്കാർ എത്തിയത് വൻ പ്രാധാന്യത്തോടെയാണ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തത്. ശനിയാഴ്ച 11 ചെറുബോട്ടുകളിലായി 700ലധികം കുടിയേറ്റക്കാർ ഇംഗ്ലണ്ടിലെ ഡോവർ തീരത്തെത്തി. ബ്രിട്ടീഷ് ആഭ്യന്തര മന്ത്രാലയത്തിന്റെ കണക്കുകൾ പ്രകാരം 737 പേരാണ് ഒരുദിവസം എത്തിയത്. കുടിയേറ്റമില്ലാത്ത ഒരു നീണ്ട ഇടവേളയ്ക്കാണ് ഇതോടെ വിരാമമായത്.

ഡോവറിൽ എത്തിയ കുടിയേറ്റക്കാരെ ബോർഡർ ഫോഴ്‌സ് പിടികൂടി സുരക്ഷിതമായി കരയിലെത്തിച്ചു. നവംബർ 14 ന് ശേഷമുള്ള ആദ്യ കുടിയേറ്റമാണിത്. 2018 ന് ശേഷം ഇത്രയും കാലം ചെറുകപ്പൽ കുടിയേറ്റമില്ലാതെ കഴിഞ്ഞത് ഇതാദ്യമായാണ്. കാലാവസ്ഥാ അനുകൂലമല്ലാതിരുന്നതാണ് കഴിഞ്ഞ ആഴ്ചകളിലെ ഇടവേളയ്ക്ക് പ്രധാന കാരണമായി വിലയിരുത്തുന്നത്.

ഇതോടെ ഈ വർഷം ഇതുവരെ ചാനൽ കടന്നെത്തിയവരുടെ എണ്ണം 40,029 ആയി. കഴിഞ്ഞ വർഷം എത്തിയ 36,816 എന്ന കണക്കിനെ ഇത് ഇതിനകം മറികടന്നു. സാധാരണയായി ഡിസംബർ മാസത്തിൽ കുടിയേറ്റം കുറവായിരിക്കുമെങ്കിലും, വീണ്ടും ഇത്രയും അധികം ആളുകൾ എത്തിയത് ബ്രിട്ടനിലെ കുടിയേറ്റ വിരുദ്ധ ചർച്ചകൾക്ക് ചൂടു പകരുമെന്നാണ് വിലയിരുത്തപ്പെടുന്നത്.











Leave a Reply