ന്യൂസ് ഡെസ്ക്, മലയാളം യുകെ
യുകെയിൽ നല്ലൊരു ശതമാനം ജനങ്ങൾ ദാരിദ്ര്യവും പട്ടിണിയും അനുഭവിക്കുന്നതായുള്ള ഞെട്ടിക്കുന്ന റിപ്പോർട്ടുകൾ പുറത്തുവന്നു. ഏകദേശം 9 ദശലക്ഷം ആളുകൾ ദാരിദ്ര്യം മൂലം ഫുഡ് ബാങ്കുകളെ ആശ്രയിക്കുന്നതായാണ് കണ്ടെത്തിയിരിക്കുന്നത് . യുകെയുടെ ജനസംഖ്യയുടെ ഏഴിലൊന്ന് ആളുകളും ഈ ഗണത്തിൽ വരുമെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.
ദാരിദ്ര്യ രേഖയുടെ താഴെ ജീവിക്കുന്ന ജനങ്ങളുടെ എണ്ണം രണ്ട് ദശകം മുമ്പുള്ളതിനേക്കാൾ ഏകദേശം 3 ദശലക്ഷം ആളുകൾ കൂടിയതായിട്ടാണ് പഠനത്തിൽ ചൂണ്ടി കാണിച്ചിരിക്കുന്നത്. ദാരിദ്ര്യത്തിൽ കഴിയുന്ന ആളുകളുടെ എണ്ണത്തിലുള്ള ദ്രുതഗതിയിലുള്ള വളർച്ചയാണ് ഫുഡ് ബാങ്ക് ഉപയോഗിക്കുന്നവരുടെ എണ്ണത്തിൽ റിക്കോർഡ് തലത്തിലേയ്ക്ക് എത്താൻ കാരണമായത്. ഒരു സമൂഹമെന്ന നിലയിൽ ദാരിദ്ര്യം മൂലം ഫുഡ് ബാങ്ക് ഉപയോഗിക്കുന്നവരുടെ എണ്ണം ദിനം പ്രതി വർദ്ധിക്കുന്നത് ഒട്ടും ആശാവാഹമല്ലെന്ന് ചാരിറ്റി ട്രസ്സലിൻ്റെ ചീഫ് എക്സിക്യൂട്ടീവ് എമ്മ റിവി പറഞ്ഞു.
നിരവധി വികലാംഗരും ശമ്പളമില്ലാതെ സ്വന്തക്കാരെ പരിചരിക്കുന്നവരുമായ ഒരു വലിയ സമൂഹവും യുകെയിൽ ഫുഡ് ബാങ്കുകളെ ആശ്രയിച്ചാണ് ജീവിക്കുന്നത്. ജോലിക്ക് പോകാൻ സാധിക്കാത്ത ഇത്തരക്കാർക്ക് വരുമാനമില്ലാത്തതാണ് ഫുഡ് ബാങ്കുകൾ ആശ്രയിക്കാൻ പ്രേരിപ്പിക്കുന്നത്. പട്ടിണിയും പ്രയാസവും നേരിടുന്ന ഭൂരിഭാഗം കുടുംബങ്ങളിലും ഒരാൾ മാത്രമേ ജോലിക്ക് പോകാറുള്ളൂ. ട്രസ്സൽ ട്രസ്റ്റിന്റെ കീഴിൽ 1400 ലധികം ഫുഡ് ബാങ്ക് ഔട്ട്ലെറ്റുകളാണ് യുകെയിൽ ഉള്ളത്. യുകെയിലെ ഏറ്റവും വലിയ ഫുഡ് ബാങ്ക് ശൃംഖലയായ ട്രസ്സൽ ട്രസ്റ്റ് കഴിഞ്ഞവർഷം 3.1 മില്യൺ ഭക്ഷണ പൊതിയാണ് യുകെയിൽ വിതരണം ചെയ്തത്.
Leave a Reply