ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്

ലണ്ടൻ: വൈദ്യുതി മുടക്കം തടയുന്നതിനുള്ള പദ്ധതികളുമായി യുകെ. വർഷത്തിലെ ഏറ്റവും തണുപ്പുള്ള ദിവസങ്ങളിലൊന്നായ ഇന്ന് ഒരു ദശലക്ഷത്തിലധികം കുടുംബങ്ങൾ വൈദ്യുതി ഉപയോഗം കുറയ്ക്കും. വീടുകളിലെ അമിത വൈദ്യുതി ഉപയോഗം നിയന്ത്രിക്കുക എന്നുള്ള ലക്ഷ്യമാണ് ഇതിൽ പ്രധാനമായും ഉള്ളത്. നാഷണൽ ഗ്രിഡിന്റെ ഡിമാൻഡ് ഫ്ലെക്സിബിലിറ്റി സർവീസിൽ പങ്കെടുക്കാൻ എല്ലാവരും തയാറാകണമെന്നും, വൈകുന്നേരം 5നും 6 നും ഇടയിൽ ലൈറ്റും ഫാനും മറ്റു ഉപകരണങ്ങളും ഓഫ്‌ ചെയ്ത് ഇതിൽ സഹകരിക്കണമെന്നും അധികൃതർ പറഞ്ഞു.

കഴിഞ്ഞ നവംബർ മാസമാണ് പദ്ധതിയെ കുറിച്ചുള്ള തീരുമാനം എടുക്കുന്നത്. എന്നാൽ ഇപ്പോഴാണ് തീരുമാനം പ്രവർത്തികമായത്. ഈ ആഴ്ച യുകെയിലെ താപനില കുറയുമെന്നാണ് കാലാവസ്ഥ നിരീക്ഷകർ ചൂണ്ടിക്കാട്ടുന്നത്. അമിത ചാർജ് ഈടാക്കി വിതരണക്കാർ സൃഷ്ടിക്കുന്ന പ്രതിസന്ധിയും നിലവിലുണ്ട്. ഇതിനെ തുടർന്ന് ഇന്ന് നോർത്ത് യോർക്ക്ഷെയറിലെ ഡ്രാക്സ് പവർ സ്റ്റേഷനിലും നോട്ടിംഗ്ഹാംഷെയറിലെ വെസ്റ്റ് ബർട്ടണിലും ബാക്ക്-അപ്പ് കൽക്കരി പ്ലാന്റുകൾ ഉപയോഗിക്കാനും തീരുമാനമുണ്ട്.

അതേസമയം, വൈദ്യുതി വിതരണം അപകടത്തിലാണെന്നും ജനങ്ങൾ ആശങ്കപ്പെടേണ്ടതില്ലെന്നും അധികൃതർ മുന്നറിയിപ്പ് നൽകുന്നു. രാജ്യത്തെ വൈദ്യത ഉപയോഗം ആവശ്യത്തിനുണ്ടോ എന്നുറപ്പാക്കുന്ന നടപടികളുടെ ഭാഗമായാണ് ക്രമീകരണമെന്നും അവർ കൂട്ടിച്ചേർത്തു. സ്കീമിൽ പങ്കെടുക്കാത്തതിന് ആരിൽ നിന്നും പിഴ ഈടാക്കുന്നതല്ല. സൈൻ അപ്പ് ചെയ്യുന്നവർക്ക് തിരക്കുള്ള സമയങ്ങളിൽ അവർക്ക് ആവശ്യമുള്ളത്ര വൈദ്യുതി ഉപയോഗിക്കാനും അവകാശമുണ്ട്.