ലണ്ടന്‍: ഫിറ്റ്‌നസില്‍ ശ്രദ്ധാലുക്കളാണ് ബ്രിട്ടീഷുകാരെന്നാണ് വയ്‌പെങ്കിലും ജിമ്മിലെ ഉപകരണങ്ങള്‍ എന്തിനാണ് ഉപയോഗിക്കുന്നതെന്ന കാര്യത്തില്‍ വലിയ ധാരണയില്ലാത്തവരാണെന്ന് പഠനം. നുഫീല്‍ഡ് ഹെല്‍ത്ത് നടത്തിയ പുതിയ പഠനത്തിലാണ് ഇക്കാര്യം വ്യക്തമായത്. 2000 പേരിലാണ് പഠനം നടത്തിയത്. ചെസ്റ്റ് പ്രസ് മെഷീന്‍, സ്റ്റെയര്‍ ക്ലൈംബേഴ്‌സ്, ട്രെഡ്മില്‍ തുടങ്ങിയവയുടെ ഉപയോഗം ഇവരെ ഭയപ്പെടുത്താറുണ്ടെന്നും പഠനം പറയുന്നു. 23 ശതമാനം പേര്‍ക്കാണ് ഉപകരണങ്ങളെ പേടിയുള്ളത്!

ഇവയേക്കുറിച്ച് വേണ്ടത്ര ധാരണയില്ലെങ്കിലും ആരോടെങ്കിലും സഹായം തേടാനും ബ്രിട്ടീഷുകാര്‍ക്ക് ബുദ്ധിമുട്ടാണത്രേ. 18 ശതമാനം പേര്‍ അത്യാവശ്യം ‘കഴിഞ്ഞുകൂടി’ പോകുകയാണ്. മറ്റുള്ളവര്‍ ചെയ്യുന്നത് കണ്ട് ചെയ്യാന്‍ ശ്രമിക്കുകയാണ് രീതിയെന്ന് അഞ്ചിലൊന്ന് പേര്‍ പറയുന്നു. എന്നാല്‍ എല്ലാം അറിയാമെന്ന് ഭാവത്തിലായിരിക്കും തങ്ങള്‍ മെഷീനുകളില്‍ വര്‍ക്ക് ഔട്ട് ചെയ്യുന്നതെന്നാണ് ചിലര്‍ പറഞ്ഞത്.

WhatsApp Image 2024-12-09 at 10.15.48 PM

എന്നാല്‍ മറ്റുള്ളവര്‍ ചെയ്യുന്നത് അതേപടി പകര്‍ത്തുന്നത് ജിമ്മില്‍ ചിലപ്പോള്‍ അപകടകരമാകാമെന്ന് വിദഗ്ദ്ധര്‍ പറയുന്നു. ഓരോരുത്തരുടെയും ശരീരം വ്യത്യസ്തമാണ്. അതിന് അനുസൃതമായ വ്യായാമങ്ങളും ഉപകരണങ്ങളുമായിരിക്കണം ഉപയോഗിക്കേണ്ടത്. ശരീരത്തെക്കുറിച്ച് വ്യക്തമായ ബോധ്യം പോലും സര്‍വേയില്‍ പങ്കെടുത്തവര്‍ക്ക് ഇല്ലായിരുന്നുവെന്നാണ് വ്യക്തമാകുന്നത്.