ന്യൂസ് ഡെസ്ക്, മലയാളം യുകെ

ബ്രിട്ടനിൽ 2023-ൽ നടന്ന 5.92 ലക്ഷം പ്രസവങ്ങളിൽ 50.6 ശതമാനവും സിസേറിയൻ ഉൾപ്പെടെയുള്ള മെഡിക്കൽ ഇടപെടലോടെ ആണ് നടന്നതെന്ന റിപ്പോർട്ടുകൾ പുറത്തുവന്നു . സിസേറിയൻ ശസ്ത്രക്രിയകൾ, ഫോഴ്‌സെപ്സ്, വെൻറൂസ് കപ്പ് എന്നിവയിലൂടെയാണ് പ്രസവങ്ങളുടെ വലിയൊരു പങ്കും നടന്നത്. 2015-16-ലെ 25 ശതമാനത്തിൽ നിന്ന് 2023-ൽ 38.9 ശതമാനമായി സിസേറിയൻ വർദ്ധിച്ചുവെന്ന് നാഷണൽ മെറ്റേണിറ്റി ആൻഡ് പെരിനാറ്റൽ ഓഡിറ്റ് (NMPA) റിപ്പോർട്ട് വ്യക്തമാക്കി. അതേ സമയം, ഇൻഡ്യൂസ് പ്രസവങ്ങളും 29.3 ശതമാനത്തിൽ നിന്ന് 33.9 ശതമാനമായി ഉയർന്നു.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

വിദഗ്ധരുടെ അഭിപ്രായത്തിൽ, ഉയർന്ന പ്രായത്തിലും അമിതവണ്ണത്തിലും മാതൃത്വം ഏറ്റെടുക്കുന്ന സ്ത്രീകളുടെ വർദ്ധനയാണ് പ്രസവങ്ങൾ കൂടുതൽ സങ്കീർണ്ണമാകാൻ കാരണമായത്. പ്രമേഹം, പഴയ രോഗങ്ങൾ തുടങ്ങിയവയും പ്രസവസമയത്തെ പ്രശ്നങ്ങൾ കൂട്ടുന്നതായി കണ്ടെത്തി. ഗർഭകാലത്ത് മികച്ച മെഡിക്കൽ സ്‌കാനുകളും ചികിത്സകളും ലഭ്യമാക്കിയാൽ പ്രശ്നങ്ങൾ നേരത്തെ കണ്ടെത്തി ഇടപെടൽ കുറയ്ക്കാനാകുമെന്ന് വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു. സാമൂഹികമായും സാമ്പത്തികമായും പിന്നോക്കം നിൽക്കുന്ന വിഭാഗങ്ങളിലാണ് പ്രശ്നങ്ങൾ കൂടുതൽ കണ്ടുവരുന്നത്. അതിനാൽ, ആരോഗ്യ സംവിധാനത്തിൽ പ്രത്യേക ശ്രദ്ധ വേണമെന്നും അവർ മുന്നറിയിപ്പ് നൽകി.

അതേസമയം, സിസേറിയൻ നിരക്ക് വർദ്ധിക്കുന്നത് ആശങ്കപ്പെടുത്തുന്നതല്ലെന്ന് ബ്രിട്ടീഷ് മെഡിക്കൽ വിദഗ്ധർ പറഞ്ഞു . ഭാവിയിലെ ആരോഗ്യ സേവനങ്ങൾ ഇതിനനുസരിച്ച് ഒരുക്കണമെന്നാണ് ഇതേ കുറിച്ച് റോയൽ കോളേജ് ഓഫ് ഒബ്സ്ട്ട്രീഷ്യൻസ് വൈസ് പ്രസിഡൻറ് പ്രൊഫ. അസ്മ ഖലീൽ വ്യക്തമാക്കിയത് . അമിതവണ്ണവും വൈകിയുള്ള മാതൃത്വവുമാണ് പ്രധാന കാരണങ്ങൾ എന്നും അവർ ചൂണ്ടിക്കാട്ടുന്നു. സിസേറിയൻ പ്രസവത്തിനും സ്വാഭാവിക പ്രസവത്തിനും തുല്യമായ ഗുണദോഷങ്ങൾ ഉണ്ടെന്നും റിപ്പോർട്ട് പറഞ്ഞു. 2023-ൽ 23.1 ശതമാനം പ്രസവങ്ങൾ അടിയന്തിര സിസേറിയനുകളായിരുന്നപ്പോൾ 16.4 ശതമാനം മുൻകൂട്ടി തീരുമാനിച്ച ശസ്ത്രക്രിയകളായിരുന്നു.