ന്യൂസ് ഡെസ്ക് മലയാളം യുകെ

ലണ്ടൻ : ഭീകരമായ കൊടുങ്കാറ്റുകൾ യുകെയെ വിട്ടൊഴിയുന്നില്ല. ബ്രിട്ടീഷ് ചരിത്രത്തിലെ ഏറ്റവും വലിയ കൊടുങ്കാറ്റായ യൂനിസിന് പുറകെ ഫ്രാങ്ക്ലിൻ കൊടുങ്കാറ്റെത്തുമെന്ന മുന്നറിയിപ്പുമായി മെറ്റ് ഓഫീസ്. നാളെ രാവിലെ നോർത്തേൺ അയർലണ്ടിൽ ആംബർ വാണിംഗ് നൽകിയിട്ടുണ്ട്. ഇന്നും നാളെയും യുകെയുടെ ചില ഭാഗങ്ങളിൽ യെല്ലോ വാണിംഗ് നൽകി. ഒരാഴ്ചയ്ക്കിടെ യുകെയിൽ ആഞ്ഞടിക്കുന്ന മൂന്നാമത്തെ കൊടുങ്കാറ്റാണ് ഫ്രാങ്ക്ലിൻ. ശക്തമായ കാറ്റ് കൂടുതൽ വീടുകളെ ഇരുട്ടിലാക്കുമെന്നും യാത്രാ തടസ്സത്തിനും നാശനഷ്ടത്തിനും കാരണമാകുമെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നൽകി.

യൂനിസ് കൊടുങ്കാറ്റിന്റെ ഫലമായി 80,000-ത്തിലധികം വീടുകളിൽ ഇപ്പോഴും വൈദ്യുതിയില്ല. സൗത്ത് വെസ്റ്റ് ഇംഗ്ലണ്ടിൽ 29,000 വീടുകളിൽ വൈദ്യുതി ബന്ധം പുനസ്ഥാപിച്ചിട്ടില്ല. സൗത്ത് ഈസ്റ്റ് ഇംഗ്ലണ്ടിൽ 23,000, സൗത്ത് ഇംഗ്ലണ്ടിൽ 20,000, കിഴക്കൻ ഇംഗ്ലണ്ടിൽ 7,000, സൗത്ത് വെയിൽസിൽ 3,000 എന്നിങ്ങനെയാണ് ബാക്കിയുള്ള കണക്കുകൾ. യുകെയിലുടനീളം വെള്ളപ്പൊക്ക മുന്നറിയിപ്പുകളും പരിസ്ഥിതി ഏജൻസികൾ നൽകിയിട്ടുണ്ട്. പോവിസിലെ സെവേൺ നദിക്കരയിൽ വെള്ളപ്പൊക്കം ഉണ്ടാകാനുള്ള സാധ്യത കൂടുതലാണെന്ന് നാച്ചുറൽ റിസോഴ്‌സ് വെയിൽസ് (എൻആർഡബ്ല്യു) അറിയിച്ചു.

ഗ്രേറ്റർ മാഞ്ചസ്റ്ററിൽ മഴയുടെ യെല്ലോ വാണിംഗ് നൽകിയിട്ടുണ്ട്. വെസ്റ്റ് മിഡ്‌ലാൻഡിലെ ഡെർബിഷെയർ, ഡർഹാം, നോർത്തംബർലാൻഡ്, സ്റ്റാഫോർഡ്ഷയർ എന്നിവിടങ്ങളിലും യെല്ലോ വാണിംഗ് നിലനിൽക്കുന്നു. ശക്തമായ കാറ്റുകൾ ഇപ്പോൾ നടക്കുന്ന പുനരുദ്ധാരണ പ്രവര്‍ത്തനങ്ങളെ പ്രതികൂലമായി ബാധിക്കും. റോഡ്, റെയിൽ ഗതാഗതം വരും ദിവസങ്ങളിലും തടസ്സപ്പെടാം എന്നതിന്റെ സൂചനയാണ് തുടരെത്തുടരെ ഉണ്ടാകുന്ന ശക്തമായ കാറ്റുകൾ.