ന്യൂസ് ഡെസ്ക് മലയാളം യുകെ

യു കെ :- മുൻ ബ്രിട്ടീഷ് പ്രധാനമന്ത്രി ടോണി ബ്ലെയറിന് നൈറ്റ്‌ഹൂഡ് പദവി സമ്മാനിച്ച് 24 മണിക്കൂറിനുള്ളിൽ തന്നെ കടുത്ത ജനരോഷം ഉയർന്നിരിക്കുകയാണ്. ന്യൂ ഇയറിനോടനുബന്ധിച്ചുള്ള രാജ്ഞിയുടെ പട്ടികയിലാണ് മുൻ ലേബർ പാർട്ടി നേതാവും പ്രധാനമന്ത്രിയുമായിരുന്ന ടോണി ബ്ലെയറിന് സർ പദവി നൽകാൻ തീരുമാനമായത്. എന്നാൽ ഇറാക്കിലും അഫ് ഗാനിസ്ഥാനിലും യുദ്ധങ്ങളിൽ ഉള്ള അദ്ദേഹത്തിന്റെ ഇടപെടലുകൾ മൂലം സർ പദവി നല്കുവാൻ അദ്ദേഹം യോഗ്യനല്ല എന്നാണ് നിരവധിപേർ വിലയിരുത്തുന്നത്. പ്രധാനമന്ത്രി പദവിയിൽ നിന്നും പടിയിറങ്ങി 14 വർഷത്തിനുശേഷമാണ് അദ്ദേഹത്തെ ഈ പദവി തേടിയെത്തിയത്. എന്നാൽ ഈ തീരുമാനം അറിയിച്ചതിനു ശേഷം , അദ്ദേഹത്തെ ഈ പദവിയിൽ നിന്ന് നീക്കണമെന്ന് ആവശ്യപ്പെട്ട് പതിനായിരത്തോളം പെറ്റീഷനുകൾ ആണ് ഉയർന്നുവന്നിരിക്കുന്നത്. യുദ്ധത്തിൽ ജീവൻ നഷ്ടപ്പെട്ട സൈനികരുടെ കുടുംബാംഗങ്ങളും രാജ്ഞിയുടെ ഈ തീരുമാനത്തോട് അതൃപ്തി പ്രകടിപ്പിച്ചിട്ടുണ്ട്. രാജ്യത്തിന്റെ ഭരണഘടനയ്ക്ക് തന്നെ അപമാനം ഉണ്ടാക്കുന്ന തരത്തിൽ ആയിരുന്നു ടോണി ബ്ലെയറിന്റെ പ്രവർത്തനങ്ങളെന്ന് പെറ്റീഷൻ ആരംഭിച്ച ആങ്‌സ് സ്കോട്ട് വ്യക്തമാക്കി. നിരവധി സാധാരണക്കാരുടെ മരണത്തിന് കാരണക്കാരനായ വ്യക്തിയാണ് ടോണി ബ്ലെയറെന്നും അദ്ദേഹം കുറ്റപ്പെടുത്തി. എട്ടു വർഷത്തോളം നീണ്ട ഇറാഖ് യുദ്ധത്തിൽ നിരവധി സാധാരണക്കാരുടെ ജീവനാണ് നഷ്ടപ്പെട്ടത്.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

തനിക്കു ലഭിച്ച പദവിയിൽ സന്തോഷമുണ്ടെന്നു ടോണി ബ്ലെയർ മറുപടി പറഞ്ഞു. രാജ്യത്തിന്റെ പ്രധാനമന്ത്രിസ്ഥാനം വഹിക്കുവാൻ കഴിഞ്ഞതിൽ താൻ അതിയായി സന്തോഷിക്കുന്നുവെന്നും, തന്നെ പിന്തുണച്ച എല്ലാവരോടും നന്ദിയുണ്ടെന്നും അദ്ദേഹം പറഞ്ഞു. എന്നാൽ തികച്ചും അർഹതയില്ലാത്ത വ്യക്തിക്കാണ് പദവി ലഭിച്ചത് എന്ന ആരോപണമാണ് ചുറ്റിനും ഉയർന്നുവരുന്നത്.