മുടക്കിയ കോടികൾ ആരൊക്കെ തിരിച്ചു നൽകും ! ഐപിഎൽ കോടികൾ കടന്ന താരലേലം, ഒരു അവലോകനം……ടീമുകൾ കൂടുതൽ നോട്ടമിട്ടത് ആരെയാണ്?

മുടക്കിയ കോടികൾ ആരൊക്കെ തിരിച്ചു നൽകും ! ഐപിഎൽ കോടികൾ കടന്ന താരലേലം, ഒരു അവലോകനം……ടീമുകൾ കൂടുതൽ നോട്ടമിട്ടത് ആരെയാണ്?
January 30 14:51 2018 Print This Article

ഓൾറൗണ്ടർമാർ ചൂടപ്പം പോലെ വിറ്റുപോകുന്ന കാഴ്ചയാണ് ബെംഗളൂരുവിൽ നടന്ന ദ്വിദിന ലേലത്തിൽ കണ്ടത്. കഴിഞ്ഞ വർഷം ആരംഭിച്ച ബോളർമാർക്കായി കാശെറിയുന്ന പതിവ് ഇക്കുറിയും ആവർത്തിച്ചപ്പോൾ ബാറ്റ്സ്മാൻമാരും ലേലത്തിൽ നില മെച്ചപ്പെടുത്തി.

താരലേലത്തിൽ ‘സൺ’റൈസേഴ്സ്, കണക്ക് പിഴച്ച് ചെന്നൈ; കൊൽക്കത്തയോ?
എന്നാൽ ഈ വർഷത്തെ താരലേലത്തിലെ സൂപ്പർ താരങ്ങൾ ഇവരൊന്നുമല്ല, വിക്കറ്റ് കീപ്പർമാരാണ്. യായൊതു മടിയും കൂടാതെ വിക്കറ്റ് കീപ്പർമാർക്കായി കാശെറിയാൻ ഐപിഎൽ ടീമുകൾ മൽസരിച്ചപ്പോൾ രാജ്യാന്തര ക്രിക്കറ്റിൽ അത്ര കേട്ടുകേൾവിയില്ലാത്ത വിക്കറ്റ് കീപ്പർമാരുടെ ഗ്ലൗസുകൾക്കു പോലും പൊൻനിറം ലഭിച്ചു. കോടികൾ കൊടുത്ത് ചെന്നൈ നിലനിർത്തിയ മഹേന്ദ്രസിങ് ധോണി, ബാംഗ്ലൂർ നിലനിർത്തിയ ഡിവില്ലിയേഴ്സ്, റിഷഭ് പന്ത് തുടങ്ങിയവർക്കു പുറമെയാണ് ലേലത്തിലും വിക്കറ്റ് കീപ്പർമാർക്ക് വൻതുക ലഭിച്ചത്.

കൗതുകമുള്ള വസ്തുത, താരലേലത്തിൽ ഏറ്റവും കൂടുതൽ വിലയ്ക്ക് ടീമുകൾ സ്വന്തമാക്കിയ വിക്കറ്റ് കീപ്പർമാരിൽ ഒരാൾ കേരളത്തിന്റെ സ്വന്തം സഞ്ജു സാംസണാണ് എന്നതാണ്. വിക്കറ്റ് കീപ്പറുടെ റോൾ കൂടി ചെയ്യുന്ന പതിവുള്ള ലോകേഷ് രാഹുലാണ് സാങ്കേതികമായി ഏറ്റവും കൂടുതൽ വില ലഭിച്ച വിക്കറ്റ് കീപ്പർ. മികച്ച ഓപ്പണർ കൂടിയായ ലോകേഷ് രാഹുലിനെ 11 കോടി രൂപയ്ക്കാണ് കിങ്സ് ഇലവന്‍ പഞ്ചാബ് സ്വന്തമാക്കിയത്.

തൊട്ടുപിന്നിലുള്ളത് സഞ്ജുവാണ്. ആദ്യമായി മൂല്യം അഞ്ച് കോടി കടന്ന സ‍ഞ്ജുവിനെ എട്ടു കോടി രൂപയ്ക്കാണ് രാജസ്ഥാൻ റോയൽസ് സ്വന്തമാക്കിയത്. കേരളത്തിന്റെ ചുറ്റുവട്ടങ്ങളിൽ മാത്രം ചർച്ച ചെയ്യപ്പെട്ടിരുന്ന സഞ്ജുവിനെ ‘താര’മാക്കി മാറ്റിയ രാജസ്ഥാൻ റോയൽസ്, രണ്ടു വർഷത്തെ ഇടവേളയ്ക്കു ശേഷമുള്ള രണ്ടാം വരവിലും യുവതാരത്തെ കാശെറിഞ്ഞു പിടിച്ചത് അദ്ദേഹത്തിലുള്ള വിശ്വാസം ഒന്നുകൊണ്ടു മാത്രമാണന്ന് ഉറപ്പ്. ഇന്ത്യൻ ടെസ്റ്റ് ടീമിൽ വിക്കറ്റ് കീപ്പർമാർക്കുള്ള ക്ഷാമവും ഏകദിന, ട്വന്റി20 ഫോര്‍മാറ്റുകളിൽ വിക്കറ്റ് കീപ്പറായ എം.എസ്.ധോണിയുടെ പ്രായവും പരിഗണിക്കുമ്പോൾ സിലക്ടർമാർക്കു മുന്നിൽ കഴിവു തെളിയിക്കാനുള്ള സുവർണാവസരം കൂടിയാണ് സഞ്ജുവിനിത്.

രാജസ്ഥാൻ റോയൽസിനു പുണെ സഞ്ജുവിനെ നോട്ടമിട്ട് രംഗത്തുണ്ടായിരുന്നത് മുംബൈ ഇന്ത്യൻസാണ്. മികച്ചൊരു വിക്കറ്റ് കീപ്പറുടെ അഭാവമുള്ള മുംബൈ സഞ്ജുവിനായി അവസാനം വരെ പോരാടിയെങ്കിലും എട്ടു കോടി രൂപയ്ക്ക് രാജസ്ഥാൻ തന്നെ താരത്തെ സ്വന്തമാക്കി. രാജസ്ഥാനായി 44 മൽസരങ്ങളിൽനിന്ന് ഏഴ് അർധസെഞ്ചുറികൾ ഉൾപ്പെടെ 942 റൺസ് നേടിയിട്ടുള്ള സഞ്ജുവിനെ അവർ കൈവിടുന്നതെങ്ങനെ? കോഴവിവാദത്തെ തുടർന്ന് രാജസ്ഥാൻ വിലക്കു നേരിട്ടപ്പോൾ ഡൽഹിയിലേക്ക് കൂടുമാറിയ സഞ്ജു അവിടെ ഉജ്വല ഫോമിലായിരുന്നു. സഞ്ജുവിനു പുറമെ സ്പെഷ്യലിസ്റ്റ് വിക്കറ്റ് കീപ്പറായ ഇംഗ്ലണ്ടിന്റെ ജോസ് ബട്‌ലറെയും ടീമിലെത്തിച്ച രാജസ്ഥാൻ വിക്കറ്റ് കീപ്പർമാരുടെ നിര കൂടുതൽ ശക്തമാക്കുകയും ചെയ്തു. മികച്ച മധ്യനിര ബാറ്റ്സ്മാൻ കൂടിയായ ബട്‌ലറെ 4.4 കോടി രൂപയ്ക്കാണ് രാജസ്ഥാൻ സ്വന്തമാക്കിയത്.

2.8 കോടി രൂപയ്ക്ക് റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂർ സ്വന്തമാക്കിയ ദക്ഷിണാഫ്രിക്കൻ താരം ക്വിന്റൺ ഡികോക്കാണ് ഐപിഎല്ലിലെ മറ്റൊരു കോടിപതി. മികച്ച ബാറ്റ്സ്മാൻ കൂടിയായ ഡികോക്ക് ഇന്ത്യൻ സാഹചര്യങ്ങളിൽ മുൻപു കഴിവു തെളിയിച്ചിട്ടുമുണ്ട്. 2017ൽ പുറത്തെടുത്ത മിന്നുന്ന ഫോമും ലേലത്തിൽ ഡികോക്കിന് തുണയായി. പ്രായമേറിയെങ്കിലും ബാംഗ്ലൂർ നിരയിലുള്ള ബ്രണ്ടൻ മക്കല്ലവും പേരുകേട്ട വിക്കറ്റ് കീപ്പറാണ്. രാജ്യാന്തര ക്രിക്കറ്റിൽനിന്ന് വിരമിച്ച മക്കല്ലം വിക്കറ്റ് കീപ്പറുടെ അധിക ചുമതല ഏറ്റെടുക്കുമോ എന്നു വ്യക്തമല്ലെങ്കിലും സാധ്യതയുള്ള താരം തന്നെ. ആദ്യ ഘട്ടത്തിൽ ടീമുകളൊന്നും താല്‍പര്യം കാണിക്കാതിരുന്ന ഇന്ത്യൻ താരം പാർഥിവ് പട്ടേലിനെയും പിന്നീട് ടീമിലെത്തിച്ചത് ബാംഗ്ലൂരാണ്. 1.7 കോടി രൂപയ്ക്കാണ് പാർഥിവ് കോഹ്‍ലി നയിക്കുന്ന ടീമിന്റെ ഭാഗമാകുന്നത്.

ദേശീയ ടീമിൽ ധോണിക്കു ശേഷം ആര് എന്ന മില്യൻ ഡോളർ ചോദ്യം അവശേഷിക്കുമ്പോഴും ഇന്ത്യൻ വിക്കറ്റ് കീപ്പർമാർക്കും ചാകരയായി മാറി ഈ താരലേലം. ഇതിൽത്തന്നെ 7.4 കോടി രൂപയ്ക്ക് ദിനേഷ് കാർത്തിക്കിനെ സ്വന്തമാക്കിയ കൊൽക്കത്ത നൈറ്റ് റൈഡേഴ്സാണ് അക്ഷരാർഥത്തിൽ ഞെട്ടിച്ചത്. ഐപിഎല്ലിൽ ഏറ്റവും കൂടുതൽ പുറത്താക്കലുകൾ സ്വന്തം പേരിലുള്ള കാർത്തിക്കിനായും വാശിയേറിയ ലേലമാണ് നടന്നത്. കൊൽക്കത്തയ്ക്കു പുറമെ മുംബൈ ഇന്ത്യൻസ്, രാജസ്ഥാൻ റോയൽസ് ടീമുകളും കാർത്തിക്കിനായി രംഗത്തുണ്ടായിരുന്നു. ഭേദപ്പെട്ട ബാറ്റ്സ്മാൻ കൂടിയായ കാർത്തിക്കിനായി കൊൽക്കത്ത മുടക്കിയ തുക പ്രയോജനപ്പെടുമോ എന്ന ആകാംക്ഷയിലാണ് കൊൽക്കത്തയുടെ അടിയുറച്ച ആരാധകർ ഉൾപ്പെടെയുള്ള ക്രിക്കറ്റ് പ്രേമികൾ.

കാർത്തിക്കിനു പിന്നാലെ ഓപ്പണിങ് ബാറ്റ്സ്മാൻ കൂടിയായ റോബിൻ ഉത്തപ്പയെ 6.4 കോടി രൂപയ്ക്ക് ടീമിലെത്തിച്ച് കൊൽക്കത്ത വീണ്ടും വിക്കറ്റ് കീപ്പർമാരോടുള്ള പ്രണയം തുറന്നു പ്രഖ്യാപിച്ചു. ഇത്തവണയും കൊൽക്കത്തയ്ക്ക് വെല്ലുവിളിയുമായി മുംബൈ ഇന്ത്യൻസും രാജസ്ഥാൻ റോയൽസും രംഗത്തുണ്ടായിരുന്നു. എന്നാൽ, കാശെറിഞ്ഞതിനൊപ്പം റൈറ്റ് ടു മച്ച് (ആർടിഎം) സംവിധാനം കൂടി പ്രയോജനപ്പെടുത്തിയ കൊൽക്കത്ത ഉത്തപ്പയെ സ്വന്തം നിരയിൽ നിലനിർത്തി. ഇരുവർക്കും പുറമെ ഐപിഎല്ലിൽ മികച്ച റെക്കോർഡുള്ള നമാൻ ഓജയെയും കൊൽക്കത്ത സ്വന്തം പാളയത്തിലെത്തിച്ചു. 1.4 കോടി രൂപയ്ക്കാണ് കൊൽക്കത്തയിലേക്കുള്ള ഓജയുടെ വരവ്.

ഇന്ത്യൻ യുവ വിക്കറ്റ് കീപ്പർ ഇഷാൻ കിഷനെ ടീമിലെത്തിച്ചാണ് മുംബൈ വിക്കറ്റ് കീപ്പർമാരുടെ ദാരിദ്ര്യം നീക്കിയത്. 6.2 കോടി രൂപയ്ക്കാണ് കിഷൻ മുംബൈ ഇന്ത്യൻസിന്റെ ഭാഗമാകുന്നത്. അണ്ടർ 19 ലോകകപ്പിൽ ഇന്ത്യയെ നയിച്ചിട്ടുള്ള ഈ മുൻ ഗുജറാത്ത് ലയൺസ് താരം സാക്ഷാൽ മഹേന്ദ്രസിങ് ധോണിയുടെ നാട്ടുകാരനുമാണ്. ഇന്ത്യൻ ടെസ്റ്റ് ടീമിന്റെ സ്ഥിരം വിക്കറ്റ് കീപ്പർ വൃദ്ധിമാൻ സാഹയാണ് കോടിക്കിലുക്കത്തിലൂടെ ഞെട്ടിച്ച മറ്റൊരു താരം. ഐപിഎല്ലിൽ സെഞ്ചുറി നേടിയിട്ടുള്ള താരം കൂടിയായ സാഹയെ സൺറൈസേഴ്സ് ഹൈദരാബാദ് അ‍ഞ്ച് കോടി രൂപയ്ക്കാണ് സ്വന്തമാക്കിയത്. ഇത്തവണ ഐപിഎല്ലിൽ ഏറ്റവും കൃത്യമായ വിളികളോടെ കളം നിറഞ്ഞവരാണ് സൺറൈസേഴ്സ് അധികൃതരെന്ന് ഓർക്കണം.

ഇന്ത്യൻ വിക്കറ്റ് കീപ്പർമാരിൽ കോടിപതിയായ മറ്റു രണ്ടു താരങ്ങൾ അമ്പാട്ടി റായിഡുവും കേദാർ ജാദവുമാണ്. മഹേന്ദ്രസിങ് ധോണിയുള്ളപ്പോൾ മറ്റു വിക്കറ്റ് കീപ്പർമാരുടെ കാര്യമില്ലെങ്കിലും ആരോഗ്യകരമായ രീതിയെന്ന നിലയിൽ 2.2 കോടി രൂപ മുടക്കി ചെന്നൈയാണ് അമ്പാട്ടി റായിഡുവിനെ സ്വന്തം കൂടാരത്തിലെത്തിച്ചത്. 7.8 കോടി രൂപയ്ക്ക് ചെന്നൈ സ്വന്തമാക്കിയ കേദാർ ജാദവും അത്യാവശ്യ ഘട്ടങ്ങളിൽ വിക്കറ്റ് കീപ്പറുടെ ഗ്ലൗസ്സണിയുന്ന താരമാണ്. ആദ്യഘട്ടത്തിൽ ആരും വിളിക്കാതെ പോയ ഇംഗ്ലണ്ടിന്റെ സാം ബില്ലിങ്സിനെയും ടീമിലെടുത്ത് ചെന്നൈ വിക്കറ്റ് കീപ്പർമാരുടെ നിര കൂടുതൽ ശക്തമാക്കി. മികച്ച ബാറ്റ്സമാൻ കൂടിയായ ബില്ലിങ്സിനെ ഒരു കോടി രൂപയ്ക്കാണ് ചെന്നൈ വിളിച്ചെടുത്തത്.

  Categories:


വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മലയാളം യുകെയുടേതല്ല!

Comments
view more articles

Related Articles