കൊല്ലം പുത്തൂരിനടുത്ത് കാരിക്കലില്‍ ആള്‍പ്പാര്‍പ്പില്ലാത്ത പുരയിടത്തില്‍ നവജാതശിശുവിന്റെ ജഡം കണ്ടെത്തിയ സംഭവത്തില്‍ കുഞ്ഞിന്റെ അമ്മയേയും അച്ഛനേയും പൊലീസ് കസ്റ്റഡിയിലെടുത്തു. കാരിക്കല്‍ കൊല്ലരഴികത്ത് വീട്ടില്‍ അമ്പിളി (24), ഭര്‍ത്താവ് മഹേഷ് (26) എന്നിവരാണു പിടിയിലായത്. ജഡം കണ്ടെത്തിയ സ്ഥലത്തിനു സമീപം തന്നെയാണ് ഇവര്‍ താമസിക്കുന്നത്.

സംഭവത്തെക്കുറിച്ച് പൊലീസ് പറയുന്നതിങ്ങനെ,

അമ്പിളി ഗര്‍ഭിണിയാണെന്നറിഞ്ഞപ്പോള്‍ ഇപ്പോള്‍ മറ്റൊരു കുഞ്ഞ് വേണ്ടെന്ന് ഭര്‍ത്താവ് മഹേഷ് ആവശ്യപ്പെട്ടു. പല ആശുപത്രികളിലും പോയി ഗര്‍ഭച്ഛിദ്രത്തിന് ശ്രമിച്ചെങ്കിലും നടന്നില്ല. ആരോ പറഞ്ഞു കൊടുത്ത മരുന്ന് കഴിക്കുകയും ഇടയ്ക്കിടെ കടുത്ത രക്തസ്രാവം ഉണ്ടാകുകയും ചെയ്തു. അതിനൊടുവില്‍ ഇവര്‍ പ്രസവിക്കുകയായിരുന്നു. ഈ മാസം 17 ന് ആയിരുന്നു കലശലായ വയറുവേദന അനുഭവപ്പെട്ട അമ്പിളി വീട്ടിനുള്ളില്‍ പ്രസവിച്ചത്.

നാട്ടുകാരിലും വീട്ടുകാരിലുംനിന്നു ഗര്‍ഭം മറച്ചുവച്ച അമ്പിളി പ്രസവശേഷം കുഞ്ഞിനെ നെഞ്ചത്തമര്‍ത്തി ശ്വാസം മുട്ടിച്ചു കൊലപ്പെടുത്തിയ ശേഷം വീടിന്റെ പിന്നാമ്പുറത്തു മറവു ചെയ്യുകയായിരുന്നു. ഇതു തെരുവുനായ്ക്കള്‍ മാന്തിയെടുത്താണ് ആള്‍പാര്‍പ്പില്ലാത്ത പുരയിടത്തില്‍ കൊണ്ടിട്ടത്.

പ്രസവസമയത്തും കുഞ്ഞിനെ കൊല്ലുമ്പോഴും അടുത്തില്ലായിരുന്നുവെങ്കിലും ഭാര്യ ഗര്‍ഭിണിയാണെന്ന കാര്യം മറച്ചു വയ്ക്കുകയും ഭാര്യയ്‌ക്കൊപ്പം ഗര്‍ഭച്ഛിദ്രത്തിനു പലതവണ ശ്രമിക്കുകയും ചെയ്തതാണ് മഹേഷിനെതിരെയുള്ള കുറ്റം. പ്രസവം പുറത്തറിയാതെ മൂടിവച്ചതും കുറ്റകരമാണ്