ന്യൂഡല്‍ഹി : സിയാച്ചിനിലെ മഞ്ഞിനടിയില്‍ നിന്ന് ആറു ദിവസങ്ങള്‍ക്കുശേഷം രക്ഷപെടുത്തിയ ലാന്‍സ് നായിക് ഹനുമന്തപ്പ അന്തരിച്ചു. ഡല്‍ഹി ആര്‍മി റിസര്‍ച് ആന്‍ഡ് റഫറല്‍ ആശുപത്രിയില്‍ 11.45 ഓടെയായിരുന്നു അന്ത്യം. സിയാച്ചിനില്‍ നിന്ന് അത്യദ്ഭുതകരമായ വിധം ജീവനോടെ രക്ഷപ്പെടുത്താന്‍ കഴിഞ്ഞുവെങ്കിലും ഇദ്ദേഹത്തിന്റെ ആരോഗ്യനില തീരെ മോശമായിരുന്നു.
ഹനുമന്തപ്പയുടെ വൃക്കകളും കരളും പ്രവര്‍ത്തിക്കുന്നുണ്ടായിരുന്നില്ല. കടുത്ത ന്യുമോണിയയും ബാധിച്ചിരുന്നു. തലച്ചോറിലേക്ക് ഓക്‌സിജന്‍ പ്രവഹിക്കുന്ന അവസ്ഥയിലായിരുന്നില്ല.

സിയാച്ചിനില്‍ 20,500 അടി ഉയരത്തില്‍ മൈനസ് 45 ഡിഗ്രി ശൈത്യത്തില്‍ മഞ്ഞുമലയ്ക്കു കീഴില്‍ 30 അടി താഴെ ആറുദിവസം കഴിഞ്ഞശേഷമാണ് ഹനുമന്തപ്പയെ രക്ഷാപ്രവര്‍ത്തകര്‍ കണ്ടെത്തിയത്. പത്തു സൈനികര്‍ അപകടത്തില്‍പ്പെട്ടതില്‍ ആരും രക്ഷപ്പെടും എന്നു കരുതിയിരുന്നില്ല. എന്നാല്‍ അദ്ഭുതകരമായി ഹനുമന്തപ്പയുടെ ശരീരത്തില്‍ ജീവന്‍ നിലനില്‍ക്കുകയായിരുന്നു.