ലോകമലേശ്വരത്ത് അമ്മയും കുഞ്ഞും പൊള്ളലേറ്റു മരിച്ചു. നായരമ്പലം വട്ടത്ര നാദിർഷായുടെ ഭാര്യ കൃഷ്ണ (26), മകൻ നദാൽ (ഒന്നര) എന്നിവരാണ് മരിച്ചത്. ഇന്നലെ പുലർച്ചെ 4.30ന് ബൈപാസിനു പടിഞ്ഞാറു വശം സൗഹൃദ നഗറിലെ വാടക വീട്ടിലായിരുന്നു സംഭവം. കൃഷ്ണയുടെ മാതാവ് പെരിഞ്ഞനം പഞ്ചായത്ത് മുൻ അംഗം ലത സാജൻ മാത്രമാണു വീട്ടിലുണ്ടായിരുന്നത്.
എറണാകുളത്ത് സ്വകാര്യ കമ്പനിയിൽ ജീവനക്കാരനായ നാദിർഷ നായരമ്പലത്തെ വീട്ടിലായിരുന്നു. കൊച്ചിയിൽ ബന്ധുവിന്റെ വീട്ടിലേക്കു പോകുന്നതിന് ലതയും കൃഷ്ണയും ഇന്നലെ പുലർച്ചെ എഴുന്നേറ്റു. ലത അടുക്കളയിലേക്കു പോയ ഉടൻ തീ ആളുന്നതാണ് കണ്ടത്. ഇതോടൊപ്പം കരച്ചിലും. ബഹളം കേട്ടു നാട്ടുകാരും പൊലീസും സ്ഥലത്തെത്തി. മുറിയിലെ കട്ടിലിൽ പൊള്ളലേറ്റു കരയുകയായിരുന്ന കുഞ്ഞിനെ പൊലീസും നാട്ടുകാരും ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല
കൃഷ്ണ മുറിക്കു പുറത്തുള്ള വരാന്തയിൽ കത്തിയമർന്ന നിലയിലായിരുന്നു. ഇരുവരുടെയും മൃതദേഹം തൃശൂർ മെഡിക്കൽ കോളജ് ആശുപത്രിയിൽ പോസ്റ്റ് മോർട്ടത്തിനു ശേഷം സംസ്കരിച്ചു. മരിച്ച കൃഷ്ണയുടെ മാതാവ് ലത ഓട്ടോ ഡ്രൈവറുടെ സഹായത്തോടെ 500 രൂപയ്ക്കു പെട്രോൾ വാങ്ങി വീട്ടിൽ സൂക്ഷിച്ചിരുന്നതായി പൊലീസിനു വിവരം ലഭിച്ചു.
കൃഷ്ണ എസ്ബിഐ കൊടുങ്ങല്ലൂർ ശാഖയിൽ ക്രെഡിറ്റ് കാർഡ് വിഭാഗത്തിൽ താൽക്കാലിക ജോലി ചെയ്യുകയായിരുന്നു. ഭർത്താവ് നാദിർഷാ ആഴ്ചയിലൊരിക്കലാണ് കൊടുങ്ങല്ലൂരിലെ വീട്ടിൽ വരാറുള്ളത്. സംഭവത്തിൽ അസ്വാഭാവിക മരണത്തിനു പൊലീസ് കേസെടുത്തു
Leave a Reply