ന്യൂസ് ഡെസ്ക്, മലയാളം യുകെ

യുകെയിലെ ഗ്ലോസ്റ്റർഷെയറിലെ സ്ട്രൗഡിൽ ബോക്സിംഗ് ഡേയിൽ പുലർച്ചെ വീട്ടിൽ ഉണ്ടായ തീയിൽ അമ്മയും അവളുടെ ഏഴ് വയസ്സുള്ള മകളും നാല് വയസ്സുള്ള മകനും ദാരുണമായി മരിച്ചു. പുലർച്ചെ മൂന്നോടെയാണ് ബ്രിംസ്കോംബ് ഹില്ലിലെ മിഡ്-ടെറസ് വീടിന് തീപിടിത്തമുണ്ടായത്. തീപിടിത്തത്തെ തുടർന്ന് കുട്ടികളും അമ്മയും വീടിനുള്ളിൽ കുടുങ്ങുകയായിരുന്നു. അമ്മയുടെ മൃതദേഹം ഞായറാഴ്ച കണ്ടെത്തിയെങ്കിലും ഔദ്യോഗിക തിരിച്ചറിയൽ നടപടികൾ തുടരുകയാണ്.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

കുടുംബത്തിലെ അച്ഛൻ ഗ്ലോസ്റ്റർഷെയർ കോൺസ്റ്റാബുലറിയിലെ പൊലീസ് ഓഫീസറാണ്. തീപിടിത്തം ശ്രദ്ധയിൽപ്പെട്ട ഉടൻ ബാത്ത്റൂം ജനൽ തകർത്തു പുറത്തുകടന്ന അദ്ദേഹം കുട്ടികളെ രക്ഷിക്കാൻ ശ്രമിച്ചെങ്കിലും തീയുടെ ചൂടും വ്യാപനവും കാരണം അകത്തേക്ക് കടക്കാൻ കഴിഞ്ഞില്ല. രക്ഷാപ്രവർത്തനത്തിനിടെ പരിക്കേറ്റ അദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും പിന്നീട് ഡിസ്ചാർജ് ചെയ്തു. സംഭവസ്ഥലത്തെത്തിയ ഫയർഫോഴ്‌സിന് തീ അയൽവാസികളുടെ വീടുകളിലേക്ക് പടരുന്നത് തടയാൻ സാധിച്ചെങ്കിലും വീട് പൂർണമായും തകർന്നു.

തീപിടിത്തം ഗ്രൗണ്ട് ഫ്ലോറിൽ നിന്നാണ് ആരംഭിച്ചതെന്നും സംശയാസ്പദമായ സാഹചര്യങ്ങൾ നിലവിൽ കണ്ടെത്തിയിട്ടില്ലെന്നും പൊലീസ് അറിയിച്ചു. കെട്ടിടം അപകടാവസ്ഥയിൽ ആയതിനാൽ കുട്ടികളുടെ മൃതദേഹങ്ങൾ കണ്ടെത്താനുള്ള പ്രവർത്തനം അതീവ ജാഗ്രതയോടെ തുടരുകയാണ്.