മാരാരിക്കുളം തെക്ക് കോര്‍ത്തുശേരിയില്‍ അമ്മയും 2 ആണ്‍മക്കളും മരിച്ച സംഭവത്തില്‍ അമ്മയുടേതും ഇളയ മകന്റേതും ആത്മഹത്യയും മൂത്തമകന്റേതു ശ്വാസംമുട്ടിച്ചതു മൂലമുള്ള മരണവുമെന്ന് പോസ്റ്റ്‌മോര്‍ട്ട് റിപ്പോര്‍ട്ട്. കോര്‍ത്തുശേരി പടിഞ്ഞാറ് കുന്നേല്‍ വീട്ടില്‍ പരേതനായ രഞ്ജിത്തിന്റെ ഭാര്യ ആനി (54), മക്കള്‍ ലെനിന്‍ (36), സുനില്‍ (32) എന്നിവരെയാണ് ഞായറാഴ്ച രാവിലെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്.

മക്കള്‍ വിഷം ഉള്ളില്‍ചെന്നും അമ്മ തൂങ്ങിയും മരിച്ചെന്നായിരുന്നു ആദ്യം നിഗമനം. വീട്ടിലെ മുറിയില്‍ തൂങ്ങിമരിച്ച നിലയിലാണ് ആനിയെ കണ്ടത്. മക്കള്‍ അവരുടെ മുറികളില്‍ കട്ടിലില്‍ മരിച്ചുകിടക്കുകയായിരുന്നു. എന്നാല്‍ പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട് വന്നതോടെയാണ് മൂന്നു പേരുടെയും മരണത്തിലെ സത്യസ്ഥിതി പുറത്തു വന്നത്.

മൂവരുടെയും മരണത്തെ കുറിച്ച് പറയുന്നത് ഇങ്ങനെ;

സഹോദരങ്ങള്‍ തമ്മില്‍ സംഘര്‍ഷമുണ്ടായപ്പോള്‍ ബലപ്രയോഗത്തിനിടെ ലെനിന്‍ ശ്വാസംമുട്ടി മരിച്ചു. ഇതുമൂലമുള്ള മനോവിഷമത്തില്‍ സുനില്‍ തൂങ്ങിമരിച്ചു. രാവിലെ മക്കളെ മരിച്ച നിലയില്‍ കണ്ടതോടെ ആനിയും തൂങ്ങിമരിച്ചു. തൂങ്ങിമരിച്ച സുനിലിനെയും നിലത്തു മരിച്ചുകിടന്ന ലെനിനെയും എടുത്ത് അവരുടെ മുറികളിലെ കട്ടിലില്‍ കിടത്തിയ ശേഷമാണ് ആനി ജീവനൊടുക്കിയതെന്നാണ് നിഗമനം.

പുറത്തുനിന്നുള്ള ആരുടെയും പങ്ക് മരണങ്ങളില്‍ ഇല്ലെന്നു വ്യക്തമാണ്. പോലീസ് നായയും വിരലടയാള വിദഗ്ധരും ഫൊറന്‍സിക് വിദഗ്ധരും നടത്തിയ പരിശോധനയില്‍ ഇതു വ്യക്തമാണ്. വിശദ പരിശോധനകള്‍ക്ക് മൂവരുടെയും അവയവങ്ങളുടെ സാംപിളുകള്‍ തിരുവനന്തപുരം കെമിക്കല്‍ ലാബിലേക്കു വിട്ടു.