കണ്ണൂര്‍ തയ്യിലില്‍ ഒന്നര വയസ്സുകാരന്‍ വിയാനെ കൊലപ്പെടുത്തിയത് അമ്മ ശരണ്യ ഒറ്റയ്‌ക്കെന്ന് പൊലീസ്. ഭര്‍ത്താവ് പ്രണവിനോ കാമുകനോ കൊലപാതകത്തില്‍ പങ്കില്ലെന്ന് പൊലീസ് ഇന്‍സ്‌പെക്ടര്‍ പി ആര്‍ സതീശന്‍ സൂചിപ്പിച്ചു. ചോദ്യം ചെയ്യലിന് ശേഷം ഇരുവരെയും പൊലീസ് വിട്ടയച്ചു.
തുടര്‍ന്ന് ശരണ്യയെ വീട്ടിലെത്തിച്ച് പൊലീസ് തെളിവെടുത്തു. വീട്ടിനകത്തും കുട്ടിയെ കൊലപ്പെടുത്തിയ കടല്‍ത്തീരത്തെ കരിങ്കല്‍ക്കെട്ടിനടുത്തും കൊണ്ടുപോയി തെളിവെടുത്തു. വീട്ടിനകത്തുവെച്ചും കുട്ടിയെ കൊലപ്പെടുത്തിയതും ശരണ്യ ഭാവവ്യത്യാസമില്ലാതെ പൊലീസിനോട് വിവരിച്ചു. വീട്ടിനകത്തെത്തിച്ച ശരണ്യയോട് അവരുടെ അമ്മയും രോഷം പ്രകടിപ്പിച്ചു. തുടര്‍ന്ന് പൊലീസ് ശരണ്യയെ സംരക്ഷിച്ച് നിര്‍ത്തുകയായിരുന്നു.
തെളിവെടുപ്പിനായി ശരണ്യയെ വീട്ടിലെത്തിച്ചപ്പോള്‍ സംഘര്‍ഷഭരിത രംഗങ്ങളാണ് ഉണ്ടായത്. ശരണ്യക്കെതിരെ ആക്രോശങ്ങളുമായി നാട്ടുകാര്‍ പാഞ്ഞടുത്തു. ഒരു നിമിഷം വിട്ടു തന്നാല്‍ ഞങ്ങള്‍ അവളെ ശരിയാക്കാമെന്ന് സ്ത്രീകള്‍ ആക്രോശിച്ചു. തിരിച്ചു നാട്ടിലെത്തിയാല്‍ കുട്ടിയെ കൊന്ന അവിടെ തന്നെ അവളെയും കൊല്ലുമെന്നും സ്ത്രീകള്‍ രോഷത്തോടെ പറഞ്ഞു.
ആരൊക്കെ വെറുതെ വിട്ടാലും ഞങ്ങൾ വെറുതെ വിടില്ല. ആ കുഞ്ഞിനെ എറിഞ്ഞു കൊന്ന കല്ലിന്റെ മേൽ തന്നെ അവൾ തീരും. പിഞ്ചുകുഞ്ഞല്ലേ.. ഞങ്ങൾക്കു തരാമായിരുന്നില്ലേ. ഞങ്ങൾ പൊന്നുപോലെ നോക്കുമായിരുന്നല്ലോ– നെഞ്ചു പൊട്ടി പ്രദേശവാസികളായ അമ്മമാർ വിലപിച്ചു കൊണ്ടിരുന്നു. ഏറെ പാടുപെട്ടാണ് െപാലീസ് തെളിവെടുപ്പ് പൂർത്തിയാക്കിയത്.
കുഞ്ഞ് ഇല്ലാതായാൽ ആർക്കാണു ഗുണം എന്നു പൊലീസ് സ്വയം ചോദിച്ച ചോദ്യത്തിന്റെ ഉത്തരമാണു ശരണ്യയിൽ സംശയം ജനിപ്പിച്ചത്. പ്രണവ് ഇത്രയും കാലം ഭാര്യയും കുഞ്ഞുമായി അകന്നു കഴിയുകയായിരുന്നു. അയാൾക്കു മറ്റൊരു ജീവിതം തിരഞ്ഞെടുക്കാൻ അതുകൊണ്ടു തന്നെ ഭാര്യയും കുഞ്ഞും തടസ്സമല്ല. എന്നാൽ കുഞ്ഞിനെ സംരക്ഷിക്കുന്ന ശരണ്യയ്ക്കു കുഞ്ഞൊരു തടസ്സമായിത്തോന്നിയേക്കാം.
സ്വമേധയാ വീട്ടിൽ ചെല്ലുകയും നിർബന്ധം ചെലുത്തി അവിടെ താമസിക്കുകയും ചെയ്തതിലെ അസ്വാഭാവികത ചോദ്യം ചെയ്യപ്പെടുമെന്നും പ്രണവ് െപാലീസിന്റെ പിടിയിലാകുമെന്നും ശരണ്യ കണക്കുകൂട്ടി. അതിനാലാണ് മൂന്നു മാസങ്ങൾക്കുശേഷം ഭർത്താവിനെ ബോധപൂർവ്വം വീട്ടിലെത്തിച്ചതും രാത്രി തങ്ങാൻ ആവശ്യപ്പെട്ടതും. കുഞ്ഞിനെ കാണാതായതിനു പിന്നാലെ പ്രണവിന്റെ ചെരിപ്പുകൾ കാണാതായതും സംശയം ഇരട്ടിപ്പിച്ചു.
കുഞ്ഞിനെ അപായപ്പെടുത്താനുള്ള ശ്രമത്തിനിടെ പ്രണവിന്റെ ചെരിപ്പുകൾ കടലിലോ മറ്റോ പോയിരിക്കാമെന്നു സംശയിച്ചു. എന്നാൽ, കുഞ്ഞിനെ കാണാതായ വിവരമറിഞ്ഞു വീട്ടിൽ പലരും വന്നു പോയതിനിടെ ചെരിപ്പു കാണാതെ പോയതാണെന്നു പിന്നീടു ബോധ്യപ്പെട്ടു. അതോടെ മാതാപിതാക്കളിൽ അന്വേഷണം കേന്ദ്രീകരിച്ചു.
കഴിഞ്ഞ ഞായറാഴ്ചയാണ് പ്രണവ്-ശരണ്യ ദമ്പതികളുടെ ഒന്നര വയസ്സുകാരന്‍ മകന്‍ വീയാനെ തയ്യില്‍ കടപ്പുറത്തെ കരിങ്കല്‍ക്കെട്ടുകളില്‍ മരിച്ച നിലയില്‍ കണ്ടെത്തുന്നത്. കുട്ടിയുടെ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ കുട്ടിയുടെ തലയ്‌ക്കേറ്റ ക്ഷതമാണ് മരണകാരണമെന്ന് കണ്ടെത്തി. തുടര്‍ന്ന് പൊലീസ് നടത്തിയ ശാസ്ത്രീയ പരിശോധനയിലാണ് അമ്മയാണ് കൊലപാതകിയെന്ന് തെളിഞ്ഞത്. കാമുകനൊപ്പം ജീവിക്കാനാണ് കുട്ടിയെ കൊലപ്പെടുത്തിയതെന്നാണ് ശരണ്യ വെളിപ്പെടുത്തിയത്.
Leave a Reply