തിരുവനന്തപുരം: ശബരിമലയിൽ എല്ലാ സ്ത്രീകൾക്കും പ്രവേശനം അനുവദിച്ച സുപ്രീം കോടതി വിധിക്കെതിരേ പ്രതിഷേധിക്കാൻ ബിജെപി നേതാവ് കെ.സുരേന്ദ്രൻ ആചാരം ലംഘിച്ചെന്ന് ആരോപണം. ശബരിമല ആചാരം അനുസരിച്ച് അടുത്ത ബന്ധുക്കൾ മരിച്ചാൽ ഒരു വർഷത്തിനിടെ ശബരിമല സന്ദർശനം പാടില്ല. എന്നാൽ അമ്മ മരിച്ച് ഒരു വർഷം തികയുന്നതിനിടെയാണു കെ. സുരേന്ദ്രൻ ശബരിമലയിലെത്തിയത്. ഈ വര്ഷം ജൂലൈ അഞ്ചിനാണു സുരേന്ദ്രന്റെ അമ്മ കല്യാണി മരിച്ചത്. ആചാരം അനുസരിച്ച് 41 ദിവസത്തെ കർശന വ്രതാനുഷ്ഠാനത്തോടെയേ ശബരിമലയിലെത്താവൂ. കറുത്ത വസ്ത്രം ധരിക്കണം. എന്നാൽ ഇതൊന്നും സുരേന്ദ്രൻ പാലിച്ചിരുന്നില്ലെന്നാണ് ഉയരുന്ന ആരോപണം.
എംബി രാജേഷ് എംപിയും സുരേന്ദ്രന്റെ ആചാരലംഘനം ചൂണ്ടിക്കാട്ടി രംഗത്തെത്തിയിരുന്നു. ശബരിമലയിൽ അലന്പുണ്ടാക്കാൻ വന്ന സുരേന്ദ്രൻ 41 ദിവസം വ്രതമെടുത്തോ? ശബരിമലയ്ക്കു മാലയിട്ടാൽ ക്ഷൗരം ചെയ്യരുതെന്നിരിക്കെ രാമേശ്വരത്തെ ക്ഷൗരം പോലെ അപൂർണമായി ക്ഷൗരം ചെയ്ത മുഖവുമായി നിലയ്ക്കലിൽ പ്രത്യക്ഷപ്പെട്ട സുരേന്ദ്രന് ആചാരം ലംഘിക്കാമോ എന്നിങ്ങനെ എംപി ചോദ്യങ്ങളുയർത്തുന്നു. സ്ത്രീ പ്രവേശനത്തിൽ ഏത് സുപ്രീം കോടതി പറഞ്ഞാലും ഒരു അഡ്ജസ്റ്റ്മെന്റുമില്ലെന്നു പറയുന്ന സുരേന്ദ്രൻ നടത്തിയ ആചാരലംഘനങ്ങളുടെ തെളിവുകളും രാജേഷ് നിരത്തുന്നു.
Leave a Reply