ന്യൂസ് ഡെസ്ക്, മലയാളം യുകെ

ആരോഗ്യ മേഖലയിൽ കോവിഡ് -19 ൻെറ ആഘാതത്തെ കുറിച്ച് നടത്തുന്ന അന്വേഷണത്തിൻെറ ഭാഗമായി താൻ നേരിട്ട ദുരവസ്ഥ പങ്കിട്ട് കാതറിൻ ടോഡ് എന്ന അമ്മ. ഇവരുടെ മകൻ 2021 ജൂലൈ 21 ന് ജനിച്ചയുടൻ മരിക്കുകയായിരുന്നു. ഈ സമയം ഒക്കെയും കോവിഡ് പ്രോട്ടോക്കോളുകൾ കാരണം പിപിഇ കിറ്റുകൾ ധരിച്ച് മാത്രമേ ഇവർക്ക് നിൽക്കാൻ സാധിച്ചിരുന്നുള്ളൂ.

ഗർഭിണിയായി 28 ആഴ്ച ആയപ്പോഴാണ് ടോഡിന് കോവിഡ് ബാധിച്ചത്. രോഗനിർണയത്തിന് ശേഷം ഒരു പതിവ് ഗർഭാവസ്ഥ സ്കാൻ റദ്ദാക്കിയിരുന്നു. പിന്നീട് അവൾക്ക് അസുഖവും കുഞ്ഞിൻ്റെ ചലനങ്ങളെ കുറിച്ച് ആശങ്കയും പ്രകടിപ്പിച്ചപ്പോൾ കോവിഡ് വ്യാപനം കുറയ്ക്കാൻ വീട്ടിൽ പ്രാഥമിക നടപടികൾ സ്വീകരിക്കാനാണ് മെറ്റേണിറ്റി യൂണിറ്റ് ഉപദേശിച്ചത്. കോവിഡ് -19 രോഗനിർണ്ണയം കാരണം തൻ്റെ ഗർഭ പരിചരണം വൈകിയെന്ന് വിശ്വസിക്കുന്നതായി അന്വേഷണത്തിൽ കാതറിൻ സാക്ഷ്യപ്പെടുത്തി.

കാതറിൻെറ ആരോഗ്യനില മോശമായപ്പോൾ ആശുപത്രിയിലെ അത്യാഹിത വിഭാഗം സന്ദർശിക്കാൻ ജിപി അവളെ ഉപദേശിക്കുകയായിരുന്നു. ജനിച്ച ഉടൻ കുട്ടിയെ നവജാത ശിശുക്കളുടെ തീവ്രപരിചരണ വിഭാഗത്തിലേക്ക് മാറ്റി. പിന്നീട് കുട്ടിയുടെ ആരോഗ്യനില മെച്ചപ്പെട്ടതായി ആശുപത്രി അധികൃതർ അറിയിച്ചെങ്കിലും കുട്ടി മരിക്കുകയായിരുന്നു. തൻെറ മകൻ മരിച്ച സമയവും പിപിഇ കിറ്റ് ധരിക്കേണ്ടി വന്നതിൻെറ നിരാശ കാതറിൻ പ്രകടിപ്പിച്ചു. മകനുമായുള്ള അവസാന നിമിഷങ്ങൾ ആയിരുന്നു ഇതെന്ന് അവർ പറഞ്ഞു. സംഭവത്തിൽ ഇതുവരെ ആശുപത്രി അധികൃതർ പ്രതികരിച്ചിട്ടില്ല.