ന്യൂഡല്‍ഹി: ഓ സി ഐ കാർഡുള്ള മലയാളികൾ ഉൾപ്പെടെയുള്ള ഇന്ത്യൻ പ്രവാസികളൾക്ക് അത്ര സുഖമുള്ള വാർത്തയല്ല ഇപ്പോൾ പുറത്തുവരുന്നത്. ആദ്യമുണ്ടായിരുന്ന പല ആനുകൂല്യങ്ങളും പലപ്പോഴായി ചുരുങ്ങുന്ന അവസ്ഥയാണ് ഇപ്പോൾ കാണുന്നത്.  ഇരട്ട പൗരത്വം എന്ന് തുടങ്ങിയ ചിന്തകളും വാർത്തകളും അകാല ചരമം പ്രാപിച്ചു എന്ന് വേണം കരുതാൻ. ആരെയും പിടിച്ചു കുറ്റവാളിയാക്കാൻ കഴിവുള്ള പോലീസ് സംവിധാനവും രാഷ്ട്രീയ നേതൃത്വവും ഉള്ള നമ്മുടെ നാട്ടിൽ പോകുമ്പോൾ തടി കേടാകാതെയിരിക്കാൻ ഒന്ന് ശ്രദ്ധിക്കുന്നത് നല്ലതായിരിക്കും. ഓ സി ഐ കാർഡുള്ളവർ പാലിക്കേണ്ട പുതിയ സർക്കാർ നിർദ്ദേശങ്ങൾ ഇനി പറയുന്നവയാണ്.

വിദേശ പൗരത്വമുള്ള ഇന്ത്യക്കാര്‍ക്ക് (ഓവര്‍സീസ് സിറ്റിസണ്‍ ഓഫ് ഇന്ത്യ കാര്‍ഡുടമകള്‍) തബ്ലീഗ് സമ്മേളനങ്ങളില്‍ പങ്കെടുക്കാനും രാജ്യത്തുവന്ന് മിഷനറി പ്രവര്‍ത്തനങ്ങള്‍, മാധ്യമ പ്രവർത്തനവുമായി ബന്ധപ്പെട്ട ജോലികള്‍ ചെയ്യാനും സര്‍ക്കാരിന്റെ മുന്‍കൂര്‍ അനുമതി വാങ്ങണമെന്ന് ആഭ്യന്തരമന്ത്രാലയം ഉത്തരവിട്ടു.

ഇന്ത്യയിലുള്ള വിദേശ നയതന്ത്ര ഓഫീസുകള്‍, വിദേശ സര്‍ക്കാരുകളുടെ ഇന്ത്യയിലെ ഓഫീസുകള്‍ എന്നിവയില്‍ ജോലി ചെയ്യാനും വിദേശത്തെ ഇന്ത്യന്‍ എംബസികളില്‍ ഇന്റേണ്‍ഷിപ്പ് ചെയ്യാനും പ്രത്യേകാനുമതി വാങ്ങേണ്ടതുണ്ട്.

ഒ.സി.ഐ. കാര്‍ഡുള്ളവര്‍ക്ക് എത്രപ്രാവശ്യം ഇന്ത്യയില്‍ വന്നുപോകുന്നതിനും തടസ്സമില്ല. അതിന് മുഴുവന്‍കാല വിസ നല്‍കും. എന്നാല്‍, മേല്‍പ്പറഞ്ഞ പ്രവര്‍ത്തനങ്ങള്‍ക്കും ഗവേഷണത്തിനും വരുന്നവര്‍ ആഭ്യന്തര മന്ത്രാലയത്തിനു കീഴിലെ ബന്ധപ്പെട്ട ഓഫീസില്‍നിന്നോ വിദേശത്തുള്ള ഇന്ത്യന്‍ എംബസികളില്‍ നിന്നോ പ്രത്യേകാനുമതി വാങ്ങണം എന്ന് നിഷ്‌കർഷിക്കുന്നു. മറ്റാവശ്യങ്ങള്‍ക്കാണ് വരുന്നതെങ്കില്‍ പ്രത്യേകാനുമതി ആവശ്യമില്ല എന്നും അറിയിപ്പിൽ പറയുന്നു.

ഒ.സി.ഐ. കാര്‍ഡുടമകള്‍ ഇന്ത്യയില്‍ ഫോറിനേഴ്‌സ് രജിസ്‌ട്രേഷന്‍ ഓഫീസിലോ മേഖലാ ഓഫീസുകളിലോ രജിസ്റ്റര്‍ ചെയ്യണമെന്ന നിബന്ധന ഒഴിവാക്കി. രജിസ്‌ട്രേഷനില്ലാതെ എത്രകാലം വേണമെങ്കിലും താമസിക്കാം. എന്നാല്‍, ജോലിയും സ്ഥിരംതാമസവും മാറുമ്പോള്‍ അക്കാര്യം അറിയിക്കണം.

ആഭ്യന്തര വിമാന ടിക്കറ്റുകള്‍, ദേശീയോദ്യാനങ്ങള്‍,സ്മാരകങ്ങള്‍, മ്യൂസിയങ്ങള്‍ തുടങ്ങിയവയുടെ പ്രവേശന ടിക്കറ്റുകള്‍ എന്നിവയ്ക്ക് ഇന്ത്യക്കാരില്‍നിന്ന് ഈടാക്കുന്ന നിരക്ക് മാത്രമേ ഒ.സി.ഐ. കാര്‍ഡുകാരില്‍നിന്ന് ഈടാക്കാവൂ എന്ന നിർദ്ദേശവും ഉണ്ട്.

അവര്‍ക്ക് ഇന്ത്യയില്‍ വസ്തുക്കള്‍ വാങ്ങാനും വിവിധ ജോലികള്‍ ചെയ്യാനുമുള്ള അവകാശം തുടരും. ഇനി എന്തൊക്കെ മാറ്റങ്ങൾ വരും എന്ന് കാത്തിരുന്നു കാണേണ്ടിവരും.