ന്യൂസ് ഡെസ്ക്, മലയാളം യുകെ
ലണ്ടനിലെ സണ്ടണിൽ വീടിന് തീപിടിച്ച് 4 കുട്ടികൾ മരിച്ച സംഭവത്തിൽ അമ്മ കുറ്റക്കാരിയെന്ന് കോടതി കണ്ടെത്തി. 2021 ഡിസംബർ 16 -നാണ് കേസിനാസ്പദമായ സംഭവം നടന്നത്. 30 കാരിയായ ദേവേക റോസ് തൻറെ നാല് കുട്ടികളെ തനിച്ചാക്കി സാധനങ്ങൾ മേടിക്കാൻ പോയപ്പോഴാണ് ദാരുണമായ സംഭവം നടന്നത്. മൂന്ന് വയസ്സുള്ള ലെയ്‌ടണും ലോഗൻ ഹോത്തും നാല് വയസ്സുള്ള കൈസണും ബ്രൈസൺ ഹോത്തും തീപിടുത്തത്തിൽ കൊല്ലപ്പെടുകയായിരുന്നു.
കുട്ടികളെ ക്രൂരമായി പീഡിപ്പിച്ച കേസുകളിൽ ദേവേക റോസ് ഉൾപ്പെടാത്തതുകൊണ്ട് അവർക്ക് ജാമ്യം ലഭിച്ചിരുന്നു. നവംബർ 15 ന് കോടതി ശിക്ഷ വിധിക്കും. മൂന്ന് മണിക്കൂറോളം നീണ്ട വാദ പ്രതിവാദങ്ങൾക്കൊടുവിലാണ് ദേവേക റോസ് കുറ്റക്കാരിയെന്ന് വിധിച്ചത്. ഒരു ജഡ്ജ് തൻറെ വിയോജിപ്പ് രേഖപ്പെടുത്തി. സംഭവം നടന്ന ദിവസം കുഞ്ഞു കുട്ടികളെ തനിച്ചാക്കി ഷോപ്പിങ്ങിന് പോയപ്പോഴാണ് അവരുടെ മരണത്തിന് ഇടയാക്കിയതെന്ന് കോടതി നിരീക്ഷിച്ചു.
എന്നാൽ ജെയ്ഡ് എന്ന സുഹൃത്തിനെ കുട്ടികളെ ഏൽപ്പിച്ചാണ് താൻ ഷോപ്പിങ്ങിനു പോയത് എന്ന് ദേവേക റോസ് വാദിച്ചെങ്കിലും തെളിവുകൾ നൽകാൻ അവർക്ക് ആയില്ല. ജെയ്ഡിനെ കണ്ടെത്താൻ പോലീസ് വിപുലമായ അന്വേഷണം നടത്തിയെങ്കിലും പരാജയമായിരുന്നു ഫലം . വാദത്തിനിടയിൽ നേരത്തെ രണ്ട് തവണ കുട്ടികളെ തനിച്ചാക്കി പുറത്തു പോയതായി അവൾ സമ്മതിച്ചു. തീപിടുത്തത്തിൽ ദേവേക റോസ് വീട്ടിൽ ഉണ്ടായിരുന്നെങ്കിൽ അവൾക്ക് തീ അണയ്ക്കാനോ അല്ലെങ്കിൽ കുട്ടികളെ സുരക്ഷിതരായി പുറത്ത് എത്തിക്കാനോ സാധിക്കുമായിരുന്നു എന്നാണ് കോടതി നിരീക്ഷിച്ചത്.
Leave a Reply