തൃശ്ശൂർ: ‘ഞങ്ങളുടെ ഗോപിക്കുട്ടനുപകരം ദൈവംതന്ന നിധികളാണ് ഇവർ. മൂത്തയാളെ ഞങ്ങൾ ഗോപിക്കുട്ടൻ എന്നുതന്നെ വിളിക്കും. ഇളയവനെ ഗോകുൽകുട്ടനെന്നും’. കൃഷ്ണമണിപോലെ കാത്ത ഏകമകൻ ബൈക്കപകടത്തിൽ മരിച്ചപ്പോൾ തളർന്നുപോയ ലളിതയും മണിയും ഈ ഇരട്ടക്കുട്ടികളുടെ പാൽപുഞ്ചിരിയിൽ വേദന മറക്കുകയാണ്. 54-ാം വയസ്സിൽ, ഐ.വി.എഫ്.(ഇൻ വിട്രോഫെർട്ടിലൈസേഷൻ) എന്ന കൃത്രിമഗർഭധാരണത്തിലൂടെയാണ് ലളിത രണ്ട് ആൺകുട്ടികളുടെ അമ്മയായത്.
2017 മേയ് 17-നാണ് ബൈക്കിൽ ലോറിയിടിച്ച് ഗോപിക്കുട്ടൻ മരിച്ചത്. ജീവിതം നിശ്ചലമായെന്നു തോന്നിത്തുടങ്ങിയതോടെയാണ് ജീവിതസായന്തനത്തിലും ഒരുകുഞ്ഞ് വേണമെന്ന ആഗ്രഹം ഈ ദമ്പതിമാർക്കുണ്ടായത്. 35-ാം വയസ്സിൽ പ്രസവം നിർത്തിയ ലളിതയുടെ മുന്നിലുള്ള പോംവഴി കൃത്രിമഗർഭധാരണം മാത്രമായിരുന്നു. ഓട്ടോഡ്രൈവറായ മണിക്ക് അതിനുള്ള ചെലവ് താങ്ങാനാവുമായിരുന്നില്ല. എങ്കിലും പ്രതീക്ഷ കൈവിടാതെ മണി ഗൈനക്കോളജിസ്റ്റ് ഡോ. കൃഷ്ണൻകുട്ടിയെ കാണാൻപോയി.
കഷ്ടപ്പാടും ആഗ്രഹവും ഡോക്ടറോട് പറഞ്ഞു. മരുന്നിന്റെ തുകമാത്രം നൽകിയാൽമതി ചികിത്സ സൗജന്യമായി ചെയ്തുതരാമെന്ന ഡോക്ടറുടെ വാക്കുകൾ അവർക്ക് ആശ്വാസമായി. ഏഴുമാസത്തെ ചികിത്സ വിജയംകണ്ടു. കൃത്രിമ ഗർഭധാരണത്തിലൂടെ മൂന്നുകുഞ്ഞുങ്ങൾ. പക്ഷേ, വിധി പിന്നെയും അവരെ പരീക്ഷിച്ചു.
ഒരു കുഞ്ഞിനെ ഗർഭകാലത്ത് നഷ്ടമായി. നവംബർ രണ്ടിന് തുടർചികിത്സയ്ക്കായി ലളിതയെ തൃശ്ശൂർ മെഡിക്കൽ കോളേജ് ആശുപത്രിയിലേക്കു മാറ്റി. ഡോ. റീന ഷാജിയുടെ നേതൃത്വത്തിലായിരുന്നു പിന്നീട് ചികിത്സ. 34-ാം ആഴ്ചയിൽ ഡോ. മേഘ ജയപ്രകാശിന്റെ നേതൃത്വത്തിൽ ശസ്ത്രക്രിയയിലൂടെയാണ് കുഞ്ഞുങ്ങളെ പുറത്തെടുത്തത്. ജനിച്ചപ്പോൾ തൂക്കക്കുറവുണ്ടായിരുന്നെങ്കിലും ഇപ്പോൾ അവർ പൂർണ ആരോഗ്യവാന്മാരാണ്.
തലോരിലെ കൊച്ചുവീട് വൃത്തിയാക്കിയിട്ടുവേണം മക്കളുമായി അവിടേക്കുകയറാനെന്ന് മണി പറയുന്നു. അതുവരെ അമ്മയും മക്കളും ഒളരിയിലുള്ള നഴ്സിങ് ഹോമിലാണു താമസം. ‘ഇവർക്ക് ഇവിടത്തെ ഡോക്ടർമാർ പേരിടാമെന്ന് പറഞ്ഞിട്ടുണ്ട്, ഞങ്ങളിട്ടത് വിളിപ്പേരായി കിടക്കട്ടെ. എന്റെ ഒാട്ടോയുടെ േപരും ഇനി ഇതുതന്നെ’- മണി ചിരിയോടെ പറയുന്നു.
ഐ.വി.എഫ്.
ബീജവും അണ്ഡവും ശരീരത്തിനു പുറത്തുവെച്ചു സംയോജിപ്പിക്കുകയും ഭ്രൂണത്തെ പിന്നീടു ഗർഭപാത്രത്തിൽ നിക്ഷേപിക്കുകയും ചെയ്യുന്നു. 40 ശതമാനത്തോളമാണ് വിജയസാധ്യത.
Leave a Reply