കോതമംഗലത്തെ യുവതിയുടെ ആത്മഹത്യ ചെയ്ത സംഭവം ദേശീയ അന്വേഷണ ഏജന്‍സി (എന്‍ഐഎ) അന്വേഷിക്കണമെന്നാവശ്യപ്പെട്ട് കുടുംബം രംഗത്ത്. ഈ ആവശ്യമുന്നയിച്ച് യുവതിയുടെ അമ്മ മുഖ്യമന്ത്രിയ്ക്കും ഡിജിപിയ്ക്കും കത്ത് നല്‍കി. നിലവില്‍ മൂവാറ്റുപുഴ ഡിവൈഎസ്പിയുടെ നേതൃത്വത്തിലുള്ള പത്തംഗസംഘമാണ് കേസ് അന്വേഷിക്കുന്നത്. യുവതിയുടെ ആത്മഹത്യകുറിപ്പ് കണ്ടെത്തിയ സാഹചര്യത്തില്‍ ഗുരുതരമായ ആരോപണങ്ങളുമായി കുടുംബം രംഗത്ത് വന്നിരുന്നു. മതപരിവര്‍ത്തനം ആവശ്യപ്പെട്ടുള്ള പീഡനം ഉള്‍പ്പെടെയുള്ള ആരോപണങ്ങള്‍ യുവതിയുടെ ബന്ധുക്കള്‍ ഉയര്‍ത്തിയിരുന്നു. മതപരിവര്‍ത്തനം ഉള്‍പ്പെടെയുള്ളവ നടന്നിട്ടുണ്ടോയെന്ന കാര്യത്തില്‍ അന്വേഷണം വേണമെന്നും അതിനാല്‍ കേസ് എന്‍ഐഎ അന്വേഷിക്കണമെന്നുമാണ് മുഖ്യമന്ത്രിയ്ക്കും ഡിജിപിയ്ക്കും നല്‍കിയ കത്തില്‍ ആവശ്യപ്പെട്ടിരിക്കുന്നത്.
23 വയസ്സുള്ള ടിടിസി വിദ്യാര്‍ഥിനിയാണ് ആത്മഹത്യ ചെയ്തത്. സംഭവത്തില്‍ പറവൂര്‍ ആലങ്ങാട് പാനായിക്കുളം തോപ്പില്‍പറമ്പില്‍ റമീസി(24) നെ തിങ്കളാഴ്ച അറസ്റ്റ് ചെയ്തിരുന്നു വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ചതിനും മര്‍ദിച്ചതിനുമാണ് കേസെടുത്തിരിക്കുന്നത്. ആത്മഹത്യക്കുറിപ്പില്‍ റമീസ് മതംമാറ്റത്തിന് നിര്‍ബന്ധിച്ചിരുന്നതായി വെളിപ്പെടുത്തിയിട്ടുണ്ട്. രജിസ്റ്റര്‍ മാര്യേജിനെന്ന വ്യാജേന തന്നെ റമീസിന്റെ വീട്ടിലെത്തിച്ച് മതംമാറിയാല്‍ കല്യാണം നടത്തിത്തരാമെന്ന് വീട്ടുകാരെക്കൊണ്ട് പറയിപ്പിച്ചെന്നും ഇതിനു വഴങ്ങാത്ത തന്നോട് റമീസും വീട്ടുകാരും ക്രൂരത തുടര്‍ന്നെന്നും ആത്മഹത്യാക്കുറിപ്പിലുണ്ട്. റമീസ് ചെയ്ത തെറ്റുകള്‍ മനസ്സിലായിട്ടും റമീസിന്‍റെ വീട്ടുകാര്‍ ഒരു നടപടിയും സ്വീകരിച്ചില്ലെന്ന് തന്നോട് മരിച്ചോളാന്‍ റമീസ് പറഞ്ഞെന്നും കുറിപ്പില്‍ പറയുന്നു. മതംമാറാന്‍ യുവതി ആദ്യം തയ്യാറായിരുന്നു. എന്നാല്‍, റമീസിന്റെ വഴിവിട്ട ജീവിതത്തെക്കുറിച്ച് അറിഞ്ഞപ്പോള്‍ യുവതി മതംമാറില്ലെന്ന തീരുമാനത്തിലെത്തി. അനാശാസ്യ പ്രവര്‍ത്തനത്തിന് റമീസ് പിടിയിലായിട്ടും താന്‍ ക്ഷമിച്ചതായും യുവതിയുടെ കുറിപ്പിലുണ്ട്.
കഴിഞ്ഞ ശനിയാഴ്ചയാണ് യുവതി വീടിനുള്ളില്‍ തൂങ്ങിമരിച്ചത്. മരിക്കുംമുന്‍പ് ആത്മഹത്യക്കുറിപ്പ് റമീസിന്റെ മാതാവിന് യുവതി ഫോണില്‍ അയച്ചുകൊടുത്തിരുന്നു. അവര്‍ അറിയിച്ചതനുസരിച്ച് യുവതിയുടെ മാതാവ് വീട്ടില്‍ എത്തിയപ്പോഴേക്കും മരണം സംഭവിച്ചിരുന്നു. ആലുവയിലെ കോളേജില്‍ ഡിഗ്രിക്ക് പഠിക്കുമ്പോഴാണ് റമീസും യുവതിയും പ്രണയത്തിലാകുന്നത്. വിവാഹം നടത്താനും വീട്ടുകാര്‍ ധാരണയിലെത്തിയതാണ്. പിന്നീടുണ്ടായ സംഭവങ്ങളാണ് യുവതിയുടെ ആത്മഹത്യയിലെത്തിയത്. പിതാവിന്റെ മരണത്തിന്റെ നാല്പതാം നാളാണ് പെണ്‍കുട്ടി ജീവനൊടുക്കിയത്. മാനസികമായി ഏറെ തകര്‍ന്ന പെണ്‍കുട്ടിയെ റമീസും വീട്ടുകാരും കൂടുതല്‍ ബുദ്ധിമുട്ടിച്ചുവെന്നാണ് പെണ്‍കുട്ടിയുടെ ബന്ധുക്കള്‍ പറയുന്നത്. ഇങ്ങനെ ചതിക്കപ്പെട്ടു ജീവിക്കാന്‍ ആഗ്രഹിക്കുന്നില്ലെന്ന് തന്റെ മരണക്കുറിപ്പില്‍ പെണ്‍കുട്ടി വ്യക്തമാക്കുന്നു.
Leave a Reply