പത്തനംതിട്ട: ആണും പെണ്ണും ഒന്നിച്ച് ബൈക്കില്‍ യാത്ര ചെയ്യുന്നത് വിലക്കി സ്വാശ്രയ ലോ കോളേജ്. പത്തനതിട്ടയിലെ മൗണ്ട് സിയോണ്‍ ലോ കോളേജ് അധികൃതരാണ് ആണ്‍കുട്ടികളും പെണ്‍കുട്ടികളും ഒരുമിച്ച് ബൈക്കില്‍ യാത്ര ചെയ്യുന്നത് വിലക്കിയത്. ഇങ്ങനെ ചെയ്താല്‍ ബൈക്കിന് വേഗത കൂടുമെന്നും അപകടങ്ങള്‍ ഉണ്ടാകുമെന്നുമാണ് വിശദീകരണമെന്ന് ഡെക്കാന്‍ ക്രോണിക്കിള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
ആണ്‍കുട്ടികളുടെ ബൈക്കിന് പിന്നില്‍ യാത്ര ചെയ്യാന്‍ ആഗ്രഹിക്കുന്ന പെണ്‍കുട്ടികള്‍ തങ്ങളുടെ മാതാപിതാക്കളുടെ സമ്മതപത്രം കോളേജിന് നല്‍കണമെന്നും നോട്ടീസ് ബോര്‍ഡില്‍ പതിപ്പിച്ചിരിക്കുന്ന സര്‍ക്കുലറില്‍ കോളേജ് അധികൃതര്‍ വ്യക്തമാക്കുന്നു. ആണും പെണ്ണും ഒന്നിച്ച് യാത്ര ചെയ്യുമ്പോള്‍ ബൈക്കിന്റെ വേഗത കൂടുതലാകുമെന്നും അത്തരം യാത്ര നിരോധിക്കുന്നത് അവരുടെ തന്നെ സുരക്ഷയെ മാനിച്ചാണെന്നും കോളേജ് പ്രിന്‍സിപ്പല്‍ പോള്‍ ഗോമസ് അറിയിച്ചു.
പെണ്‍കുട്ടികള്‍ സ്വന്തം വാഹനത്തില്‍ യാത്ര ചെയ്യുന്നതിന് വിലക്കില്ല. മറിച്ച് ആണും പെണ്ണും ഒന്നിച്ചാണ് യാത്രയെങ്കില്‍ മുന്‍കൂര്‍ അനുവാദം ആവശ്യമാണെന്നും പ്രിന്‍സിപ്പല്‍ കൂട്ടിച്ചേര്‍ത്തു. പോലീസ് ആവശ്യപ്പെട്ടതനുസരിച്ചാണ് നിയന്ത്രണമെന്നും പ്രിന്‍സിപ്പല്‍ അവകാശപ്പെട്ടു. എന്നാല്‍ അത്തരം നിര്‍ദേശങ്ങളൊന്നും നല്‍കിയിട്ടില്ലെന്നാണ് പത്തനംതിട്ട ഡിവൈഎസ്പി കെഎ വിദ്യാധരന്‍ വിശദീകരിക്കുന്നത്.
പ്രിന്‍സിപ്പലിന്റെ സര്‍ക്കുലറിനെക്കുറിച്ച് തങ്ങള്‍ക്ക് വിവരമൊന്നും ലഭിച്ചിട്ടില്ലെന്ന് കോളേജ് മാനേജ്‌മെന്റും അറിയിച്ചു. ഇത്തരം കാര്യങ്ങളില്‍ തീരുമാനമെടുക്കുന്നത് പ്രിന്‍സിപ്പലാണെന്ന് കോളെജ് അഡ്മിനിസ്‌ട്രേഷന്‍ ഡയറക്ടര്‍ കെ.കെ ജോസ് അറിയിച്ചു.
Leave a Reply