ന്യൂസ് ഡെസ്ക് മലയാളം യുകെ

എൻഎച്ച്എസിൽ അപ്പോയിന്റ്ന്മെന്റിനായി കാത്തിരിക്കേണ്ടി വരുന്ന രോഗികളുടെ ദുരിതം സ്ഥിരം വാർത്തയായി കൊണ്ടിരിക്കുകയാണ്. ജീവനക്കാരുടെ ക്ഷാമം എൻഎച്ച് എസിലെ കാത്തിരിപ്പ് സമയം കൂട്ടുന്നതിൽ വളരെ പ്രധാനപ്പെട്ട ഒരു പങ്കുവഹിക്കുന്നുണ്ട്. എൻഎച്ച്എസിൽ ദന്ത ഡോക്ടർമാരുടെ ക്ഷാമം മൂലം വളരെ ഗുരുതരമായ പ്രശ്നങ്ങൾ പല രോഗികളും അഭിമുഖീകരിക്കുന്നതായുള്ള റിപ്പോർട്ടുകൾ പുറത്തുവന്നു കഴിഞ്ഞു.


വായിലെ അർബുദം നേരത്തെ കണ്ടെത്തുകയോ ചികിത്സിക്കുകയോ ചെയ്യാത്തതിൽ പല രോഗികൾക്കും ജീവൻ നഷ്ടപ്പെടുന്ന അവസ്ഥയെ അഭിമുഖീകരിക്കേണ്ടതായി വരുന്നതായാണ് ഓറൽ ഹെൽത്ത് ഫൗണ്ടേഷന്റെ കണ്ടെത്തൽ . ദന്ത ഡോക്ടർമാരുടെ അഭാവം മൂലം വായിലെ ക്യാൻസർ കണ്ടെത്തുന്നതിൽ വരുന്ന കാല താമസമാണ് ഒട്ടേറെ പേരുടെ ജീവന് തന്നെ ഹാനികരമായി തീരുന്നത്. ഓറൽ ഹെൽത്ത് ഫൗണ്ടേഷന്റെ ഏറ്റവും പുതിയ കണക്കുകൾ പ്രകാരം 2021 -ൽ വായിലെ അർബുദരോഗം മൂലം 3000 -ത്തിലധികം ആളുകളാണ് മരണമടഞ്ഞത്. ഒരു ദശാബ്ദം മുമ്പുള്ള കണക്കുകളുമായി താരതമ്യം ചെയ്യുമ്പോൾ മരണത്തിൽ 46% വർദ്ധനവ് ആണ് ഉണ്ടായിരിക്കുന്നത്.


അടിയന്തര ചികിത്സ വേണ്ടിവന്ന ഒരു രോഗി ദന്തഡോക്ടറുടെ അപ്പോയിന്റമെന്റിനായി ബുക്ക് ചെയ്തപ്പോൾ വെയിറ്റിംഗ് ലിസ്റ്റിൽ 800 – മത് ആയാണ് അവസരം ലഭിച്ചത്. 50 പൗണ്ട് മുടക്കി ഇദ്ദേഹം ഒരു സ്വകാര്യ ദന്തഡോക്റെ സമീപിച്ചപ്പോൾ ക്യാൻസർ കണ്ടെത്തുകയായിരുന്നു . കൗണ്ടിൽ ഹാമിൽ നിന്നുള്ള ഈ രോഗിയുടെ അനുഭവം ഒരു ഒറ്റപ്പെട്ട സംഭവമല്ല. പല രോഗികൾക്കും വായിലെ ക്യാൻസർ പോലുള്ള മാരക രോഗങ്ങൾ കണ്ടെത്തുന്നത് അപകടകരമായ അവസ്ഥയിൽ എത്തിച്ചേർന്നതിന് ശേഷമാണ്. വായിലെ ക്യാൻസറിന്റെ പ്രാരംഭഘട്ടം തിരിച്ചറിയുന്നതിന് വളരെ പ്രധാനമാണ് ദന്ത പരിശോധന . മതിയായ ഡോക്ടർമാരുടെ അഭാവം മൂലം ഇത് പലപ്പോഴും നടക്കുന്നില്ലെന്ന് ഓറൽ ഹെൽത്ത് ഫൗണ്ടേഷൻ ചീഫ് എക്സിക്യൂട്ടീവ് നൈജൽ കാർട്ടർ പറഞ്ഞു.