പാരീസ്: സര്‍ക്കസ് തമ്പില്‍ നിന്ന് രക്ഷപ്പെട്ട് പാരീസിലെ തെരുവുകളിലൂടെ കറങ്ങിയ കടുവയെ വെടിവെച്ച് കൊന്നു. ഈഫല്‍ ടവറിന് ഒരു മൈല്‍ അടുത്താണ് സംഭവം. തെരുവിലിറങ്ങിയ കടുവ പക്ഷേ ആരെയും ഉപദ്രവിച്ചില്ല. നഗരത്തിലൂടെ നടന്ന കടുവ ഒരു റെയില്‍വേ സ്റ്റേഷനിലും എത്തി. ഇതോടെ ഇവിടെ നിന്ന് ആളുകളെ ഒഴിപ്പിച്ചു. ട്രെയിനുകളും ഇതേത്തുടര്‍ന്ന് കുറച്ചു നേരം സര്‍വീസ് നിര്‍ത്തിവെച്ചു. ബോര്‍മാന്‍ മൊറേനോ സര്‍ക്കസില്‍ നിന്നാണ് കടുവ രക്ഷപ്പെട്ട് തെരുവിലിറങ്ങിയത്.

പിന്നീട് ഈ സര്‍ക്കസിലെ തന്നെ ഒരു ജീവനക്കാരന്‍ കടുവയെ വെടിവെച്ച് വീഴ്ത്തുകയായിരുന്നു. ഇതിനു ശേഷം അപകടം ഒഴിഞ്ഞതായി പോലീസ് ട്വീറ്റ് ചെയ്തു. വെടിയേറ്റ് വീണ കടുവയുടെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വളരെ വേഗമാണ് വ്യാപിച്ചത്. 200 കിലോയോളം ഭാരമുണ്ടായിരുന്ന കടുവയാണ് കൊല്ലപ്പെട്ടത്. ഇതിനെ കൊന്നതിലുള്ള പ്രതിഷേധവും സോഷ്യല്‍ മീഡിയ പ്രകടിപ്പിച്ചു.

കടുവ രക്ഷപ്പെട്ടത് എങ്ങനെയാണെന്ന കാര്യത്തില്‍ വ്യക്തത വന്നിട്ടില്ല. ഇതിന്റെ ഉടമയെ പോലീസ് ചോദ്യം ചെയ്യാനായി കസ്റ്റഡിയിലെടുത്തു. ഫ്രാന്‍സില്‍ സര്‍ക്കസുകളില്‍ മൃഗങ്ങളെ ഉപയോഗിക്കുന്നത് നിരോധിച്ചിട്ടില്ല. ഇന്ത്യയുള്‍പ്പെടെ നിരവധി രാജ്യങ്ങളില്‍ മൃഗ സംരക്ഷണ നിയമങ്ങള്‍ സര്‍ക്കസുകളില്‍ വന്യമൃഗങ്ങളെ ഉപയോഗിക്കുന്നത് നിരോധിച്ചിട്ടുണ്ട്. ഇംഗ്ലണ്ടില്‍ വന്യമൃഗങ്ങളെ സ്വന്തമാക്കണമെങ്കില്‍ ലൈസന്‍സ് ആവശ്യമാണ്.