ന്യൂസ് ഡെസ്ക്, മലയാളം യുകെ
ലണ്ടൻ: ചൈനയ്ക്ക് വേണ്ടി ചാരപ്രവർത്തനം നടത്തിയെന്ന സംശയത്തിൽ മൂന്ന് പേരെ മെട്രോപൊളിറ്റൻ പോലീസ് അറസ്റ്റ് ചെയ്തു. 39, 43, 68 വയസ്സുള്ള പുരുഷന്മാരെയാണ് നാഷണൽ സെക്യൂരിറ്റി ആക്ട് പ്രകാരം വിദേശ രഹസ്യാന്വേഷണ ഏജൻസിയെ സഹായിച്ചെന്ന കുറ്റത്തിൽ പിടികൂടിയത്. അറസ്റ്റിലായവരിൽ ഒരാൾ ലേബർ എംപി ജോനി റീഡിയുടെ പങ്കാളിയായ ഡേവിഡ് ടെയ്ലർ ആണെന്ന റിപ്പോർട്ടുകൾ പുറത്തുവന്നു. ലണ്ടൻ, വെയിൽസ്, സ്കോട്ട് ലൻഡിലെ ഈസ്റ്റ് കില്ബ്രൈഡ് എന്നിവിടങ്ങളിലായി വസതികളിൽ വ്യാപക പരിശോധനയും നടത്തി.

രാജ്യസുരക്ഷയെ ബാധിക്കുന്ന വിവരങ്ങൾ ചോർന്നതുമായി ബന്ധപ്പെട്ട കൗണ്ടർ ടെററിസം അന്വേഷണത്തിന്റെ ഭാഗമായാണ് നടപടി സ്വീകരിച്ചതെന്ന് പൊലീസ് അറിയിച്ചു. ഡിജിറ്റൽ ഉപകരണങ്ങളും രേഖകളും ഉൾപ്പെടെ പ്രധാന തെളിവുകൾ ശേഖരിച്ചുവരികയാണ്. മൂന്ന് പേരും പൊലീസ് കസ്റ്റഡിയിൽ തുടരുകയാണ്; വിശദമായ ചോദ്യം ചെയ്യൽ പുരോഗമിക്കുകയാണ്.

അതേസമയം, സംഭവവുമായി തനിക്ക് ബന്ധമില്ലെന്നും ഭർത്താവിന്റെ ബിസിനസ് പ്രവർത്തനങ്ങളിൽ താൻ പങ്കാളിയല്ലെന്നും ജോനി റീഡ് വ്യക്തമാക്കി . ചൈനയുമായി ബന്ധപ്പെട്ട വിഷയങ്ങളിൽ പാർലമെന്റിൽ ഒരിക്കലും ചോദ്യം ഉന്നയിച്ചിട്ടില്ലെന്നും ചൈനീസ് സ്ഥാപനങ്ങളുമായോ ഉദ്യോഗസ്ഥരുമായോ ബന്ധമില്ലെന്നും അവർ വ്യക്തമാക്കി. തന്റെ മക്കളുടെ സ്വകാര്യത മാനിക്കണമെന്ന് അവർ മാധ്യമങ്ങളോട് അഭ്യർത്ഥിക്കുകയും ചെയ്തു. കഴിഞ്ഞ വർഷങ്ങളിൽ ദേശീയ സുരക്ഷാ കേസുകളിൽ വർധനയുണ്ടായതായി കൗണ്ടർ ടെററിസം പൊലീസ് ലണ്ടൻ വിഭാഗം മേധാവി കമാൻഡർ ഹെലൻ ഫ്ലാനഗൻ പറഞ്ഞു. വിദേശ ശക്തികളുടെ ഇടപെടലുകൾ തടയാൻ പൊലീസ് ജാഗ്രത പാലിക്കുന്നതായി അവർ കൂട്ടിച്ചേർത്തു. അന്വേഷണം തുടരുകയാണ്.











Leave a Reply