ന്യൂസ് ഡെസ്ക് മലയാളം യുകെ

യു കെ :- ഇംഗ്ലണ്ടിലെ സാമൂഹിക സേവനങ്ങൾ വർധിപ്പിക്കുന്നതിനായും, എൻഎച്ച്എസിന്റെ മുടങ്ങിക്കിടക്കുന്ന പ്രവർത്തനങ്ങളുടെ പൂർത്തീകരണത്തിനായും ടാക്സുകൾ വർദ്ധിപ്പിക്കാനുള്ള പ്രധാനമന്ത്രി ബോറിസ് ജോൺസന്റെ തീരുമാനത്തെ അനുകൂലിച്ചിരിക്കുകയാണ് എംപിമാർ. ബുധനാഴ്ച വൈകിട്ട് ഹൗസ് ഓഫ് കോമൺസിൽ നടത്തിയ വോട്ടെടുപ്പിൽ, 319 പേർ ഈ തീരുമാനത്തെ അനുകൂലിച്ചു. 248 പേർ മാത്രമാണ് തീരുമാനത്തെ എതിർത്ത്‌ വോട്ട് ചെയ്തത്. ഇതോടെ 71 വോട്ടുകളുടെ ഭൂരിപക്ഷത്തോടെ പ്രധാനമന്ത്രിയുടെ തീരുമാനം അംഗീകരിക്കപ്പെട്ടിരിക്കുകയാണ്. 5 ടോറി എംപിമാർ ഈ തീരുമാനത്തെ എതിർത്തു. മുൻപ് ടാക്സുകൾ വർദ്ധിപ്പിക്കുകയില്ല എന്ന കൺസർവേറ്റീവ് പാർട്ടി തീരുമാനത്തിന് എതിരാണ് ഇപ്പോൾ പ്രധാനമന്ത്രി കൈക്കൊണ്ടിരിക്കുന്ന തീരുമാനം. എന്നാൽ മുഖ്യമായ ടാക്സുകളിൽ ഒന്നുംതന്നെ വർധന ഉണ്ടാവുകയില്ലെന്ന് പ്രധാനമന്ത്രി ഉറപ്പുനൽകിയിട്ടുണ്ട്.

 

പുതിയ പദ്ധതിയിലൂടെ ഏകദേശം 12 ബില്യൻ പൗണ്ട് ഒരു വർഷം അധികമായി ലഭിക്കുമെന്നും, ഇത് എൻ എച്ച് എസിന്റെ മുടങ്ങിക്കിടക്കുന്ന പ്രവർത്തനങ്ങൾ സുഗമമായി നടപ്പിലാക്കുന്നതിനു സഹായിക്കുമെന്നും എംപിമാർ വിലയിരുത്തി.

എന്നാൽ ഇത്തരത്തിൽ നാഷണൽ ഇൻഷുറൻസ് ടാക്സുകൾ വർധിപ്പിക്കുന്നത് ഒട്ടും ശരിയായ നടപടിയല്ലെന്ന് ലേബർ പാർട്ടി അംഗങ്ങൾ വിലയിരുത്തി. വളരെ ദ്രുതഗതിയിൽ എടുത്ത ഒരു തീരുമാനമാണ് ഇതെന്ന് ലേബർ പാർട്ടി ഷാഡോ ചാൻസലർ റേച്ചൽ റീവ്സ് വെളിപ്പെടുത്തി. വളരെ പെട്ടെന്നാണ് വോട്ടെടുപ്പ് നടത്തിയതെന്നും, എംപിമാർക്ക് ചിന്തിക്കാനുള്ള സമയം പോലും നൽകിയില്ലെന്ന ആരോപണവുമുണ്ട്.