ആസ്ത്മ മൂലമുണ്ടായ തന്റെ മകളുടെ മരണത്തില്‍ പുതിയ ഇന്‍ക്വസ്റ്റിന് വിധി സമ്പാദിച്ച് മാതാവ്. 9 വയസുകാരിയായ എല്ല കിസ്സി ഡെബ്രാ ആസ്ത്മയും കാര്‍ഡിയാക് അറസ്റ്റും മൂലമാണ് മരിച്ചത്. കുട്ടിയുടെ മരണത്തിന് അന്തരീക്ഷ മലിനീകരണവുമായി നേരിട്ട് ബന്ധമുണ്ടെന്ന് അമ്മയായ റോസാമണ്ട് കിസ്സി ഡെബ്രാ വാദിക്കുന്നു. അഞ്ചു വര്‍ഷം നീണ്ട നിയമപ്പോരാട്ടത്തിനൊടുവില്‍ കോടതിയും ഈ വാദം അംഗീകരിച്ചു. കുട്ടിയുടെ മരണം സംബന്ധിച്ച് 2014ല്‍ തയ്യാറാക്കിയ ഇന്‍ക്വസ്റ്റ് റിപ്പോര്‍ട്ട് റദ്ദാക്കാനും പുതിയ ഹിയറിംഗ് നടത്താനും ഹൈക്കോടതി നിര്‍ദേശിച്ചു. ഇതോടെ അന്തരീക്ഷ മലിനീകരണം മൂലം മരിച്ച യുകെയിലെ ആദ്യ വ്യക്തിയായി എല്ല കണക്കാക്കപ്പെടും. 2013 ഫെബ്രുവരിയിലാണ് എല്ല കിസ്സി ഡെബ്രാ ആസ്ത്മയും അനുബന്ധ അസുഖങ്ങളുമായി മരിച്ചത്.

മൂന്നു വര്‍ഷത്തോളം കുട്ടിക്ക് പല ആരോഗ്യ പ്രശ്‌നങ്ങളും നേരിട്ടിരുന്നു. ആസ്ത്മ അറ്റാക്ക് ഉണ്ടായതിനെത്തുടര്‍ന്ന് 27 തവണയാണ് ആശുപത്രികള്‍ സന്ദര്‍ശിക്കേണ്ടി വന്നത്. ആസ്ത്മയും അനുബന്ധമായുണ്ടായ കാര്‍ഡിയാക് അറസ്റ്റും കുട്ടിയുടെ ജീവനെടുക്കുകയായിരുന്നു. കടുത്ത ആസ്ത്മ മൂലമുണ്ടായ ശ്വസനപ്രക്രിയയുടെ തടസം കുട്ടിയുടെ മരണത്തിന് കാരണമായെന്ന് 2014ലെ ഇന്‍ക്വസ്റ്റ് റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. സൗത്ത് ഈസ്റ്റ് ലണ്ടനിലെ ലെവിഷാമില്‍ സൗത്ത് സര്‍ക്കുലര്‍ റോഡില്‍ നിന്ന് വെറും 25 മീറ്റര്‍ മാത്രം അകലെയായിരുന്നു ഇവര്‍ താമസിച്ചിരുന്നത്. അന്തരീക്ഷ മലിനീകരണത്തില്‍ കുപ്രസിദ്ധിയുള്ള ലണ്ടന്‍ നഗരത്തിലെ ഏറ്റവും തിരക്കേറിയ റോഡുകളില്‍ ഒന്നാണ് ഇത്.

ഇവിടെ നിന്ന് ഒരു മൈല്‍ മാത്രം അകലെയുള്ള മോണിറ്ററിംഗ് സ്റ്റേഷനില്‍ 2018ലെ റിപ്പോര്‍ട്ട് അനുസരിച്ച് മലിനീകരണം യൂറോപ്യന്‍ യൂണിയന്‍ മാനദണ്ഡങ്ങളേക്കാള്‍ ഉയര്‍ന്ന അളവിലാണ്. കുട്ടിയുടെ മരണത്തിന്റെ യഥാര്‍ത്ഥ കാരണം പുറത്തു വരണമെന്ന ലക്ഷ്യവുമായി നിയമയുദ്ധം നടത്തിയിരുന്ന റോസാമണ്ട് കിസ്സി ഡെബ്രാ ഈ പുതിയ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു. നീതിക്കായുള്ള പോരാട്ടത്തിന്റെ തുടക്കം മാത്രമാണ് ഇതെന്ന് റോസാമണ്ട് പ്രതികരിച്ചു.