ലണ്ടന്‍: ബ്രോഡ്ബാന്‍ഡ് വേഗത കുറഞ്ഞാല്‍ കമ്പനികള്‍ നഷ്ടപരിഹാരം നല്‍കണമെന്ന് എംപിമാര്‍. ഉപഭോക്താക്കള്‍ നല്‍കുന്ന പണത്തിന് അനുസരിച്ച് വേഗത ലഭ്യമായില്ലെങ്കില്‍ അതിന് അവര്‍ നഷ്ടപരിഹാരത്തിന് അര്‍ഹരാണെന്നാണ് വിലയിരുത്തല്‍. ഉയര്‍ന്ന വേഗത അവകാശപ്പെടുകയും അത് നല്‍കാന്‍ കഴിയാതെ വരികയും ചെയ്യുന്ന സാഹചര്യത്തില്‍ കമ്പനികള്‍ നഷ്ടപരിഹാരം നല്‍കാന്‍ ബാധ്യസ്ഥരാണെന്ന് ഓഫ്‌കോമിനെ എംപിമാരുടെ ഇന്‍ഫ്രാസ്ട്രക്ചര്‍ ഗ്രൂപ്പ് അറിയിച്ചു. മുന്‍ ടോറി ചെയര്‍മാന്‍ ഗ്രാന്റ് ഷാപ്പ്‌സിന്റെ നേതൃത്വത്തിലുള്ള സമിതിയാണ് ഇത്.

യുകെയിലെ 6.7 ദശലക്ഷം ബ്രോഡ്ബാന്‍ഡ് കണക്ഷനുകള്‍ക്ക് കുറഞ്ഞ വേഗതയായ 10 എംബി പോലും കിട്ടുന്നില്ലെന്ന് സമിതി വിലയിരുത്തി. കുറഞ്ഞത് ഇത്രയും വേഗത നല്‍കിയിരിക്കണമെന്നാണ് യുകെ മാനദണ്ഡങ്ങള്‍ പറയുന്നത്. ബ്രോഡ്ബാന്‍ഡ് 2.0 റിപ്പോര്‍ട്ട് എന്ന പേരില്‍ സമിതി തയ്യാറാക്കിയ അവലോകനത്തിന് 57 എംപിമാരുടെ പിന്തുണയുണ്ട്. ഉപഭോക്താക്കള്‍ വാങ്ങുന്ന ഇന്റര്‍നെറ്റ് പാക്കേജിന് അനുസരിച്ചുള്ള വേഗം ലഭിക്കുന്നില്ലെങ്കില്‍ അതിനുള്ള നഷ്ടപരിഹാരം ഓട്ടോമാറ്റിക് ആയി നല്‍കുന്ന സംവിധാനം ഏര്‍പ്പെടുത്തണമെന്നും റിപ്പോര്‍ട്ട് ശുപാര്‍ശ ചെയ്യുന്നു.

അവശ്യ സേവനത്തിന്റെ പരിധിയില്‍ ബ്രോഡ്ബാന്‍ഡും പെടുന്നുണ്ടെങ്കിലും ആവശ്യത്തിന് അനുസരിച്ച് ഉപഭോക്താക്കള്‍ക്ക് സേവനം നല്‍കാന്‍ കമ്പനികള്‍ ശ്രമിക്കുന്നില്ല. ഇത്തരം പ്രശ്‌നങ്ങളില്‍ ഉപഭോക്താക്കളുടെ പരാതികള്‍ക്ക് പരിഹാരം കാണാനുള്ള സംവിധാനങ്ങള്‍പോലും യുകെയില്‍ കാര്യക്ഷമമായി പ്രവര്‍ത്തിക്കുന്നില്ല എന്നത് അംഗീകരിക്കാന്‍ കഴിയില്ലെന്നും ഷാപ്പ്‌സ് പറഞ്ഞു. കമ്പനികള്‍ ഉപഭോക്താക്കളോടുള്ള ഉത്തരവാദിത്തം നിറവേറണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.