അമ്മു മറിയം തോമസ്, മലയാളം യുകെ ന്യൂസ് ടീം

കൊറോണവൈറസ് രോഗവ്യാപന തീവ്രത ഉയർന്നതോടെ ബ്രിട്ടൻ കടന്നു പോകുന്നത് മൂന്നാം ലോക്ക്ഡൗണിൽ കൂടിയാണ്. ലോക്ക്ഡൗണിനോടും കോവിഡ് വ്യാപനം തടയുന്നതിനായുള്ള നിയന്ത്രണങ്ങളോടും യുകെയിൽ ഉടനീളം സമ്മിശ്ര പ്രതികരണമാണുള്ളത്. 70 ടോറി എംപിമാർ ലോക്ക്ഡൗൺ എന്ന് അവസാനിപ്പിക്കും എന്നുള്ള ടൈംടേബിൾ പ്രസിദ്ധീകരിക്കണമെന്ന ആവശ്യവുമായി രംഗത്ത് വന്നു. ആദ്യവാരം ലോക്ക്ഡൗൺ പിൻവലിക്കണമെന്ന ആവശ്യമാണ് പൊതുവേ ഉയർന്നുവരുന്നത്. ലോക്ക്ഡൗൺ അവസാനിപ്പിക്കുന്നത് എന്നാണെന്ന് ഇപ്പോൾ പറയാൻ സാധിക്കില്ല എന്ന് മാഞ്ചസ്റ്ററിലെ പ്രളയബാധിത പ്രദേശങ്ങൾ സന്ദർശിക്കുന്ന സമയത്ത് ബോറിസ് ജോൺസൺ പറഞ്ഞിരുന്നു. സമ്മറിലേയ്ക്ക് ലോക്ക്ഡൗൺ നീളുന്നതിൻെറ സാധ്യതകളെ തള്ളിക്കളയാൻ ഡൗണിങ് സ്ട്രീറ്റ് വിസമ്മതിച്ചു.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

നിലവിൽ മൂന്നാം ലോക്ക്ഡൗൺ ഫലപ്രാപ്തി കാണുന്നതിൻെറ ശുഭ സൂചനകൾ യുകെയിൽ ദർശിക്കാനാവുന്നുണ്ട്. കുറെ ദിവസങ്ങളായി  കോവിഡ്-19 മൂലമുളള മരണ നിരക്ക് ഉയർന്നതായിരുന്നെങ്കിലും രോഗവ്യാപനം കുറഞ്ഞതിൻെറ ആശ്വാസത്തിലാണ് രാജ്യം. ജനിതകമാറ്റം വന്ന കൊറോണ വൈറസ് വ്യാപനം തടയാനായി കർശനമായ യാത്ര നിയന്ത്രണങ്ങളാണ് രാജ്യം നടപ്പിലാക്കിയിരിക്കുന്നത്. ലക്ഷക്കണക്കിന് ആൾക്കാരുടെ വേനൽക്കാല അവധി പ്ലാനുകളെ തകിടം മറിച്ച യാത്ര നിയന്ത്രണങ്ങളെ കുറിച്ച് ചർച്ച ചെയ്യാൻ മന്ത്രിമാർ ഇന്ന് യോഗം ചേരുന്നുണ്ട്.

ഈ വേനൽക്കാലത്ത് വിദേശത്ത് അവധി ദിനങ്ങൾ സാധ്യമാകുമോ എന്ന് ഇപ്പോഴേ പറയാനാകില്ലെന്ന് ഹോം സെക്രട്ടറി പ്രീതി പട്ടേൽ അഭിപ്രായപ്പെട്ടു. വളരെനാൾ അടച്ചിടേണ്ടി വന്നാൽ പല പബ്ബുകളും റസ്റ്റോറന്റുകളും അതിജീവിക്കാൻ പാടുപെടുമെന്ന് യുകെ ഹോസ്പിറ്റാലിറ്റി ട്രേഡ് ബോഡി ചീഫ് എക്സിക്യൂട്ടീവ് കേറ്റ് നിക്കോൾസ് പറഞ്ഞു. ലോക്ക്ഡൗൺ കൂടുതൽ കാലം നീണ്ടുനിൽക്കുകയാണെങ്കിൽ തകരുന്ന വ്യവസായരംഗത്തെ പിടിച്ചുനിർത്താനുള്ള ശക്തമായ സാമ്പത്തിക പാക്കേജുകളിലേയ്ക്കാണ് എല്ലാവരും ഉറ്റുനോക്കുന്നത്.