യൂണിവേഴ്‌സിറ്റികളില്‍ പ്രവേശനത്തിനായി നല്‍കേണ്ട യുകാസ് ആപ്ലിക്കേഷന്‍ ഫോമില്‍ ഈ വര്‍ഷം മുതല്‍ അപേക്ഷകരുടെ മാനസിക വൈകല്യങ്ങളും രേഖപ്പെടുത്തണം. യുകാസ് ഫോമിന്റെ ഒരു സെക്ഷനില്‍ ഇവ കൂടി ഉള്‍പ്പെടുത്തണമെന്ന് യൂണിവേഴ്‌സിറ്റീസ് യുകെയുടെ മെന്റല്‍ ഹെല്‍ത്ത് തലവന്‍ ആവശ്യപ്പെട്ടു. ഭക്ഷണം കഴിക്കുന്നതിലുള്ള വൈകല്യങ്ങള്‍, ആത്മഹത്യാ പ്രവണത തുടങ്ങിയവയെക്കുറിച്ച് പ്രസ്താവന നല്‍കണമെന്നാണ് നിര്‍ദേശം. വിദ്യാര്‍ത്ഥികള്‍ തങ്ങളുടെ മാനസികാരോഗ്യത്തെക്കുറിച്ച് സ്ഥാപനങ്ങളോട് വ്യക്തമാക്കുന്ന വിധത്തില്‍ യൂണിവേഴ്‌സിറ്റി പ്രവേശന സമ്പ്രദായം മാറണമെന്നും ഇത് ഫ്രഷേഴ്‌സ് വീക്കിനു മുമ്പായി ചെയ്യണമെന്നും യൂണിവേഴ്‌സിറ്റി ഓഫ് വെസ്റ്റ് ഇംഗ്ലണ്ട് വൈസ് ചാന്‍സലര്‍ സ്റ്റീവ് വെസ്റ്റ് പറഞ്ഞു.

യുകാസില്‍ മാനസിക വൈകല്യങ്ങള്‍ രേഖപ്പെടുത്തുന്നതില്‍ നിന്ന് വിദ്യാര്‍ത്ഥികളെ മാറ്റി നിര്‍ത്തിയിരിക്കുകയായിരുന്നു. ഇത് ഒരു വൈകല്യമായി കണക്കാക്കുന്നതിനാലായിരുന്നു ഇപ്രകാരം ചെയ്തിരുന്നത്. യൂണിവേഴ്‌സിറ്റി വിദ്യാര്‍ത്ഥികളില്‍ വര്‍ദ്ധിച്ചു വരുന്ന മാനസികാരോഗ്യ പ്രശ്‌നങ്ങളെക്കുറിച്ച് ആശങ്ക ഉയരുന്നതിനിടെയാണ് ഈ സമ്പ്രദായം ഏര്‍പ്പെടുത്താന്‍ ഒരുങ്ങുന്നതെന്ന പ്രത്യേകതയും ഉണ്ട്. ഒരു തലമുറ തന്നെ പരാജയത്തിലേക്ക് നീങ്ങുകയാണെന്ന മുന്നറിയിപ്പാണ് ഇക്കാര്യത്തില്‍ മന്ത്രിമാര്‍ നല്‍കുന്നത്.

കഴിഞ്ഞ രണ്ടു വര്‍ഷങ്ങള്‍ക്കിടെ ബ്രിസ്റ്റോള്‍ യൂണിവേഴ്‌സിറ്റിയിലെ 10 വിദ്യാര്‍ത്ഥികളും യൂണിവേഴ്‌സിറ്റി ഓഫ് വെസ്റ്റ് ഇംഗ്ലണ്ടിലെ രണ്ട് വിദ്യാര്‍ത്ഥികളും ആത്മഹത്യ ചെയ്തിട്ടുണ്ട്. ഈ വിധത്തിലേക്ക് വിദ്യാര്‍ത്ഥികളുടെ മാനസിക പ്രശ്‌നങ്ങള്‍ ഉയരുന്നത് യൂണിവേഴ്‌സിറ്റികളിലേക്കുള്ള പ്രവേശനം നടന്നു വരുന്ന ഈ സമയത്ത് പരിഗണിക്കേണ്ട സുപ്രധാന വിഷയമാണെന്ന് പ്രൊഫസര്‍ വെസ്റ്റ് പറയുന്നു.