ലോകകപ്പിന് ശേഷം ക്രിക്കറ്റ് ലോകത്തെ എല്ലാ കണ്ണുകളും മുൻ ഇന്ത്യൻ നായകൻ എം.എസ്.ധോണിയിലാണ്. താരത്തിന്റെ വിരമിക്കലുമായി ബന്ധപ്പെട്ടാണ് ക്രിക്കറ്റ് ആരാധകരും താരങ്ങളും എല്ലാം സംസാരിക്കുന്നത്. വിരമിക്കാറായെന്ന് ഒരു വിഭാഗം വാദിക്കുമ്പോൾ അടുത്തൊന്നും അങ്ങനെ ഒരു തീരുമാനമുണ്ടാകരുതെന്നാണ് ധോണി ആരാധകരുടെ പ്രാർത്ഥന. ആ പ്രാർത്ഥന ഫലം കാണുന്നു എന്ന സൂചനകളാണ് ധോണിയുടെ സുഹൃത്തും ബിസിനസ് പങ്കാളിയുമായ അരുൺ പാണ്ഡെ നൽകുന്നത്

ലോകകപ്പ് സെമിയിൽ ന്യൂസിലൻഡിനോട് പരാജയപ്പെട്ട് ഇന്ത്യ പുറത്തായതിന് പിന്നാലെ ധോണി വിരമിക്കുമെന്ന വാർത്തകൾ സജീവമായിരുന്നു. എന്നാൽ തൽക്കാലം വിരമിക്കാൻ താരം ഉദ്ദേശിക്കുന്നില്ലെന്നാണ് അരുൺ പാണ്ഡെ പറയുന്നത്

“നിലവിൽ ധോണിക്ക് വിരമിക്കാൻ പദ്ധതിയില്ല. അദ്ദേഹത്തെ പോലൊരു താരത്തിന്റെ ഭാവി സംബന്ധിച്ച് ഇത്തരത്തിൽ ഊഹാപോഹങ്ങൾ പ്രചരിക്കുന്നത് ദൗർഭാഗ്യകരമാണ്,” അരുൺ പാണ്ഡെ പറഞ്ഞു.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

ഇന്ത്യയുടെ വിൻഡീസ് പര്യടനത്തിന് ധോണി ഉണ്ടാകില്ല എന്ന തരത്തിൽ വാർത്തകൾ പ്രചരിക്കുകയും ടീം പ്രഖ്യാപനം ഉടൻ ഉണ്ടാകുകയും ചെയ്യുമെന്ന സാഹചര്യത്തിലാണ് അരുൺ പാണ്ഡെയുടെ പ്രസ്താവന. ഓഗസ്റ്റ് മൂന്ന് മുതലാണ് ഇന്ത്യയുടെ വെസ്റ്റ് ഇൻഡീസ് പര്യടനം.

അതേസമയം, ധോണിയെ സെലക്ടർമാർ പറഞ്ഞ് മനസിലാക്കണം എന്ന പ്രസ്താവനയുമായി മുൻ ഇന്ത്യൻ താരം വീരേന്ദർ സെവാഗ് രംഗത്തെത്തിയിരുന്നു. എപ്പോൾ വിരമിക്കണം എന്നത് ധോണിയുടെ തീരുമാനം തന്നെയാണ്. എന്നാൽ സെലക്ടർമാരുടെ പണി ധോണിയെ പറഞ്ഞ് മനസിലാക്കുക എന്നതാണ്. ഇനി മുമ്പോട്ട് ധോണിയെ ഇന്ത്യയുടെ വിക്കറ്റ് കീപ്പർ ബാറ്റ്സ്മാനായി കാണാൻ സാധിക്കില്ലായെന്ന് വ്യക്തമാക്കണമെന്നും സെവാഗ് പറഞ്ഞു.

നേരത്തെ ഇന്ത്യൻ ക്രിക്കറ്റ് ടീമിൽ യുവാക്കൾക്ക് ഇടം നൽകേണ്ട സമയമായെന്ന് മുൻ താരം ഗൗതം ഗംഭീർ പറഞ്ഞിരുന്നു. 2023 ൽ നടക്കുന്ന ലോകകപ്പ് മുന്നിൽക്കണ്ടാണ് ഗൗതമിന്റെ അഭിപ്രായം. ധോണി വിരമിക്കുകയാണെങ്കിൽ പകരക്കാരായി മൂന്നുപേരുടെ പേരുകളും 37 കാരനായ ഗംഭീർ വ്യക്തമാക്കിയിട്ടുണ്ട്. അതിൽ മലയാളി താരമായ സഞ്ജു സാംസണും ഉണ്ട്. ”യുവാക്കളായ കളിക്കാർക്ക് അവസരം നൽകേണ്ട സമയമാണിത്. ഋഷഭ് പന്തോ സഞ്ജു സാംസണോ ഇഷാൻ കിഷനോ അല്ലെങ്കിൽ വിക്കറ്റ് കീപ്പറാകാൻ കഴിവുളള മറ്റാരെങ്കിലും ഉണ്ടെങ്കിൽ അവരെ തിരഞ്ഞെടുക്കാം. ഒന്നോ ഒന്നര വർഷത്തേക്കോ ഒരാൾക്ക് അവസരം നൽകുക, അവൻ മികച്ച രീതിയിൽ കളിച്ചില്ലെങ്കിൽ മറ്റൊരാൾക്ക് അവസരം നൽകുക. അങ്ങനെ അടുത്ത ലോകകപ്പിൽ ആരായിരിക്കണം വിക്കറ്റ് കീപ്പറെന്ന് കണ്ടെത്താനാവും,” ഗംഭീർ പറഞ്ഞു.