ഇന്ത്യന്‍ ഹരിതവിപ്ലവത്തിന്റെ പിതാവ് പ്രമുഖ കാര്‍ഷിക ശാസ്ത്രജ്ഞന്‍ എം.എസ്. സ്വാമിനാഥന്‍ (98) അന്തരിച്ചു. ചെന്നൈയിലെ വസതിയിലായിരുന്നു അന്ത്യം. ദീര്‍ഘനാളായി അസുഖബാധിതനായി ചികിത്സയിലായിരുന്നു. ഇന്ത്യയെ കാര്‍ഷിക സ്വയംപര്യാപ്തതയിലേക്ക് നയിച്ച പ്രതിഭയെ രാജ്യം പദ്മഭൂഷണ്‍ നല്‍കി ആദരിച്ചിട്ടുണ്ട്.

മുഴുവന്‍ പേര് മാങ്കൊമ്പ് സാമ്പശിവന്‍ സ്വാമിനാഥന്‍. 1925 ആഗസ്റ്റ് 7-ന് തമിഴ്‌നാട്ടിലെ കുംഭകോണത്ത് ജനിച്ചു. ആലപ്പുഴ ജില്ലയിലെ കുട്ടനാട് താലൂക്കില്‍ പുളിങ്കുന്ന് മങ്കൊമ്പ് എന്ന സ്ഥലത്താണ് ഇദ്ദേഹത്തിന്റെ തറവാട്.

1952 ല്‍ കേംബ്രിഡ്ജ് സര്‍വ്വകലാശാലയില്‍ നിന്നും ജനിതകശാസ്ത്രത്തില്‍ പിഎച്ച് ഡി നേടിയ അദ്ദേഹം ഇന്ത്യയിലെത്തി കാര്‍ഷിക രംഗത്തിന്റെ അതികായനായി. ബോര്‍ലോഗിന്റെ ഗവേഷണങ്ങള്‍ക്ക് ഇന്ത്യന്‍ സാഹചര്യങ്ങളില്‍ തുടര്‍ച്ച നല്‍കി പരിസ്ഥിതിക്ക് ഇണങ്ങുന്ന അത്യുല്‍പാദന ശേഷിയുള്ള വിത്തിനങ്ങള്‍ വികസിപ്പിച്ചെടുക്കുകയും കര്‍ഷകര്‍ക്കിടയില്‍ പ്രചരിപ്പിക്കുകയും ചെയ്തു.

1972 മുതൽ 79 വരെ അദ്ദേഹം ഇന്ത്യൻ കാർഷിക ഗവേഷണ കൗൺസിലിന്റെ ഡയറക്ടർ ജനറലായിരുന്നു. ഇന്ത്യൻ കാർഷിക മന്ത്രാലയത്തിന്റെ പ്രിൻസിപ്പൽ സെക്രട്ടറി, രാജ്യാന്തര നെല്ലുഗവേഷണ കേന്ദ്രത്തിൽ ഡയറക്ടർ ജനറൽ, ഇന്റർനാഷനൽ യൂണിയൻ ഫോർ ദ് കൺസർവേഷൻ ഓഫ് നേച്ചർ ആൻഡ് നാച്ചുറൽ റിസോഴ്സസ് പ്രസിഡന്റ്, ദേശീയ കർഷക കമ്മിഷൻ ചെയർമാൻ തുടങ്ങി ഒട്ടേറെ നിലകളിൽ മികവു തെളിയിച്ചിട്ടുണ്ട്.

കാര്‍ഷിക രംഗത്ത് ഇന്ത്യയെ സ്വയം പര്യാപ്തമാക്കുവാന്‍ ആഗ്രഹിച്ച് മൗലികമായ കാര്‍ഷികശാസ്ത്ര സിദ്ധാന്തങ്ങള്‍ മുന്നോട്ടുവച്ച് നടപ്പാക്കിയ കാര്‍ഷിക ശാസ്ത്രജ്ഞനായിരുന്നു എം.എസ് സ്വാമിനാഥനെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ അനുസ്മരിച്ചു. ഹരിത വിപ്ലവം എന്ന പദം കേള്‍ക്കുമ്പോള്‍ത്തന്നെ അതിന്റെ മുഖ്യശില്‍പി ആയിരുന്ന സ്വാമിനാഥനാണ് ഓര്‍മ്മയിലെത്തുന്നത്. വലിയ തോതില്‍ വിളവ് ഉണ്ടാകുന്നതിനുതക്ക വിധത്തില്‍ വിത്തുകളുടെ ക്ഷമത വര്‍ദ്ധിപ്പിക്കുന്നതിന് അദ്ദേഹം നടത്തിയ ഗവേഷണങ്ങള്‍ കാര്‍ഷിക രംഗത്തെ വന്‍ തോതില്‍ ജനകീയമാക്കുന്നതിന് സഹായകമായെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ അനുസ്മരിച്ചു.