കോഴിക്കോട്: രണ്ടാമൂഴം എന്ന നോവല്‍ ആസ്പദമാക്കി സംവിധായകന്‍ ശ്രീകുമാര്‍ മേനോന്‍ പ്രഖ്യാപിച്ച സിനിമയില്‍ നിന്ന് രചയിതാവ് എം ടി വാസുദേവന്‍ നായര്‍ പിന്മാറുന്നു. സംവിധായകനുമായുള്ള കരാര്‍ അവസാനിച്ചുവെന്നും തിരക്കഥ തിരികെ വേണമെന്നും ആവശ്യപ്പെട്ട് എംടി കോടതിയെ സമീപിക്കും. ഇന്ന് ഹര്‍ജി നല്‍കുമെന്നാണ് വിവരം.

മൂന്നുവര്‍ഷത്തേക്കായിരുന്നു തിരക്കഥയുടെ കരാര്‍. നാലുവര്‍ഷം മുമ്പ് ചര്‍ച്ചകള്‍ക്കു ശേഷം എം ടി വാസുദേവന്‍ നായര്‍ ചിത്രത്തിന്റെ തിരക്കഥ കൈമാറിയിരുന്നു. ഇക്കാലയളവിനുള്ളില്‍ സിനിമ പൂര്‍ത്തിയാക്കുമെന്നായിരുന്നു സംവിധായകന്‍ പറഞ്ഞിരുന്നത്. എന്നാല്‍ മൂന്നുവര്‍ഷത്തിനു ശേഷവും സിനിമയുടെ ചിത്രീകരണം പോലും തുടങ്ങിയില്ല. മോഹന്‍ലാലിനെ മുഖ്യ കഥാപാത്രമാക്കിക്കൊണ്ട് ആയിരം കോടി രൂപ മുടക്കി ചിത്രം നിര്‍മിക്കുമെന്നായിരുന്നു പ്രഖ്യാപനം.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

ബി ആര്‍ ഷെട്ടിയായിരുന്നു സിനിമ നിര്‍മിക്കാന്‍ തയ്യാറായി മുന്നോട്ടുവന്നത്. ഒരു വര്‍ഷത്തേക്കു കൂടി കരാര്‍ നീട്ടി നല്‍കിയെങ്കിലും ചിത്രത്തിന്റെ അണിയറ പ്രവര്‍ത്തനങ്ങള്‍ തുടങ്ങാത്ത സാഹചര്യത്തിലാണ് തിരക്കഥ തിരികെ വേണമെന്ന ആവശ്യവുമായി എം ടി കോടതിയെ സമീപിക്കാനൊരുങ്ങിയിരിക്കുന്നത്. മലയാളത്തിലും ഇംഗ്ലീഷിലുമുള്ള തിരക്കഥയാണ് എം ടി സംവിധായകന് കൈമാറിയത്. അഡ്വാന്‍സായി വാങ്ങിയ തുക തിരികെ നല്‍കാന്‍ തയ്യാറാണെന്നും എംടി വ്യക്തമാക്കിയിട്ടുണ്ട്.